Friday 15 January 2010

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍


ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.


കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍


കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!


ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Wednesday 6 January 2010

ജന്മശിഷ്ടം

ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.

ജന്മശിഷ്ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!

ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു‍ നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!

തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാ‍ര്‍ത്തലും,
ഹാ‍രമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!

LinkWithin

Related Posts with Thumbnails