Saturday 18 June 2011

ആരാകേണ്ടൂ



















ആരാകേണ്ടൂ

ആരാകേണ്ടൂ ഞാനാരാകേണ്ടൂ..
ഭാവിയില്‍ വലുതായിയാരാകേണ്ടൂ..?
ലോകമറിയും മുമ്പെന്‍ ചിത്തില്‍
വളരുന്നാ ശങ്ക വലിയ തോതില്‍

സ്നേഹമയിയാം അമ്മയോതീ കാതില്‍
മകനേ നീയൊരു ഡോക്ടറാകേണം..
കൂടുതല്‍ പ്രശസ്തിയുമന്തസ്സും നേടണം
പോരാത്തതിനതൊരു പുണ്യമല്ലേ...?

ഇതു കേട്ടുമ്മറത്തു നിന്നുമെന്നച്ഛനുറ-
ക്കെച്ചൊല്ലീ സ്ഥായിയാം കഠിനസ്സ്വരത്തില്‍
ആവണം എന്മകനൊരു കമ്പ്യൂട്ടറെഞ്ചിനീയര്‍
കമ്പ്യൂട്ടറില്ലാതിന്നോരു കാര്യമതേതുമില്ല...!!

മൂത്തമ്മാവിനിന്നാളൊരു നാള്‍ ചൊല്ലീ
കുഞ്ഞേ കണക്കില്‍ നീ മിടുക്കനാണല്ലോ
ആകുക കേമനായൊരു കണക്കപ്പിള്ള
ജീവിതക്കണക്കുകള്‍ തെറ്റാതെ കൂട്ടുക...!!

അമ്മായിമാരെല്ലാമൊത്തേറ്റു പറഞ്ഞു
ഒളിഞ്ഞിരിപ്പുണ്ടിവനിലൊരു ബെസ്റ്റാക്ടര്‍
അതുകൊണ്ടിവന്‍ പഠിക്കട്ടേയാട്ടവും പാട്ടും
വെട്ടിത്തിളങ്ങി നാളെയുടെ നക്ഷത്രമാവട്ടേ....!

ആദ്യമെനിക്കുമുണ്ടായിരുന്നൊരു തൊന്നല്‍
പട്ടാളത്തില്‍ ചേര്‍ന്നൊരു മേജറാകാന്‍
പിന്നീടവ പാടേ വേണ്ടെന്നു വച്ചു , കാരണം
പേപ്പറില്‍ മരിച്ചവര്‍ കൂടുതലുമവരല്ലോ...?

ഇത്തരമോരോരുത്തരുമോരോ തരം-
ചൊല്ലിയാകെയെന്നേ കുഴക്കീടവേ....
ആരാവണമെന്താവണന്ന് ചിന്തിച്ചിരിക്കവേ..
വാത്സല്യത്തോടെ ചേര്‍ത്തോതീയെന്‍ മുത്തശ്ശന്‍

“ഉണ്ണീ നീയാരാകിലും നല്ലോരു മനുഷ്യനാകേണം
കരുണയും സ്നേഹവും നിന്നിലുണ്ടാകേണം
ആദര്‍ശധീരനും കര്‍മ്മവീരനുമായൊരു
മലയാളിയാവണം നീയൊരു ഭാരതീയനും”

LinkWithin

Related Posts with Thumbnails