ഇടവഴിയുടെ നൊമ്പരം
ഹേ.. സുന്ദരീ .. നീ എന്‍ പ്രിയ സഖീ
എന്ന മൊഴി കേട്ടമര്‍ത്തിയ പാല്‍ -
പ്പുഞ്ചിരിയോടെ , കാല്‍ച്ചിത്രം വരയ്ക്കും
നവോഢയേപ്പോല്‍ , നിന്നോട് -
ചേര്‍ന്നു നിന്നിരുന്നൊരു നാള്‍ ഞാനും
അന്നെന്‍ നെഞ്ചിലേ ചൂടേറ്റ് വാങ്ങി -
രചിച്ചു നീ കാവ്യങ്ങളായിരമായിരം
നഷ്ട സ്വപ്നങ്ങളോര്‍ത്തു നിന്‍ നെടുവീര്‍പ്പുയര്‍ന്നപ്പോള്‍
വാര്‍ത്തൂ ഞാനുമെന്നശ്രു ബിന്ദുക്കള്‍ നിന്‍ തേങ്ങലിനകമ്പടിയായ് !
ഒടുവിലെന്‍ ഹ്രുത്തിലൊരുപിടിക്കനല്‍ വാരിയിട്ടു നീ
തിരിഞ്ഞ് നോക്കാതെ നടന്നകന്നു
അരുതെന്നു ചൊല്ലാനൊരുങ്ങീല ഞാനു -
മെനിക്കറിയാം നിന്‍ യാത്രയിന്നിന്‍ വഴി തേടിയെന്ന് !
തുണയാരുമില്ലാതെ നിന്നെയുമോര്‍ത്തു കഴിയുമ്പോളൊ -
രുനാള്‍ കേട്ടു ഞാനയലത്തേ വഴികളില്‍ കോമരമുറയുന്നുവെന്ന്
വീശിയടിക്കുന്ന കാറ്റില്‍ നിന്നറിഞ്ഞു ഞാനാ -
ച്ചോരയുടെ ഗന്ധവും ആര്‍ത്തനാദങ്ങളും !
ഇന്നകലെ മുഴങ്ങുന്നോരാര്‍ത്തനാദങ്ങള്‍
നാളെയെന്‍ കാതിലുമാര്‍ത്തിരമ്പുമോ..?
ഇന്നവിടെയൊഴുകുന്ന നിണവും കബന്ധവും
നാളെയെന്‍ നെഞ്ചിലുമിറ്റിറ്റു വീഴുമോ..?
അറിയില്ല എന്നാലും ശങ്കയൊഴിയാതെ
കാത്ത് നില്പു ഞാനേകയായ്...
നിന്നെയും തേടി .....!