ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്പില് ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.
ജന്മശിഷ്ടം
ജന്മശിഷ്ടം
തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്ഭാഗ്യവാന്..!
ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!
വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!
പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!
തട്ടിന് പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന് കൂട്ടിലോ...?
ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാര്‍ത്തലും,
ഹാരമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!
9 comments:
പ്രിയ അചൂസ്..
വളരെ നല്ല ഫീലോടു കൂടി താങ്കള്‍ എഴുതി.. അഭിനന്ദനങ്ങള്‍. വീണ്ടും ഇതു പോലെ നല്ല കവിതകള്‍ താങ്കളില്‍ നിന്നും പ്രതീക്ഷിക്കുന്നു..
നല്ല ചിത്രങ്ങള്‍, അച്ചൂസ്...
ജീവിതത്തില്‍ നിന്ന് പുറംതള്ളപ്പെടുന്നവരുടെ
നിസ്സഹായത വരച്ചുകാട്ടുന്ന വരികളില്‍
തുളുമ്പുന്ന വേദന എവിടെയൊക്കെയോ
കൊളുത്തിവലിക്കുന്നു.
ഇനിയെന്തെന്ന നിസ്സഹായത നമ്മെത്തേടിയും
കാത്തിരിക്കുന്നുവോ?.....
ചുവന്ന പട്ടുവിരിക്കുന്ന ദിനം
നമ്മെത്തേടിയും വരും, ആവര്‍ത്തനത്തിന്റെ
കാലം ഋതുക്കളായ് കൊഴിഞ്ഞുപോകുമ്പോള്‍....
നന്നായി....
നല്ല കവിത...
പടുജന്മം എന്നു പറഞ്ഞുകൂട. ആയകാലത്ത് ആവുന്നതെല്ലാം ചെയ്തില്ലേ? വിരമിക്കല്‍ എന്നത് ലോകനീതിയുടെ അനിവാര്യത. മറ്റൊന്നും പ്രതീക്ഷിക്കാതെ, കര്‍മ്മകാണ്ഡം സഫലമായി എന്ന ആനന്ദനിര്‍വൃതിയോടെ നമുക്ക് വിരമിക്കാന്‍ കഴിയട്ടേ.
നല്ല കവിത അച്ചൂസ്.
ഗീതേച്ചി പറഞ്ഞതു പോലെ നല്ല കാലത്ത് വേണ്ട വിധം ജീവിച്ചു തീര്‍ത്തു എന്ന സമാധാനത്തോടെ വിരമിയ്ക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്...
നല്ല കവിത. (എത്രനാള്‍ കൂടിയിട്ടാ മാഷേ ഒരു പോസ്റ്റ്)
നല്ല ഹൃദയസ്പര്‍ശിയായ കവിത..അച്ചൂസ്...ഇനിയും..ഒരുപാട് നല്ല കവിതകള്‍ ആ തൂലികത്തുമ്പില്‍ നിന്നും..ഉതിര്‍ന്നു വീഴട്ടെ..........മുത്തുമണികള്‍ പോലെ.........ആശംസകള്‍..
സിര്‍ജാന്‍,തേജ്,ഗീതേച്ചി,ശ്രീ,ബിജിലി.. എല്ലാവര്ക്കും ഒരുപാടൊരുപാട് നന്ദി..
അമ്മ മലയാളം സാഹിത്യമാസികയില്‍
താങ്കളുടെ ഈ-മെയില്‍ ചെക്ക് ചെയ്യൂ..!! താങ്കള്‍ക്ക് സ്വയം കവിതകള്‍ പോസ്റ്റ് ചെയ്യാം.. അക്സ്സ്സ് അയക്കുന്നു..
ഹൃദയസ്പര്‍ശിയായ വരികൾ തന്നെ...അച്ചൂ...ഒരുപാട് ഫീൽ തോന്നുന്നു കേട്ടൊ ...
ajith eee kavitha vaayikkaan kazhinjilla ketto.back gorund colour onnu mattumo
Post a Comment