ആഴങ്ങളിലേക്കാഴ്ന്നു പോകുന്ന കൈകള്‍ നമ്മുടേതാവാതിരിക്കാന്‍......!!! മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറക്കം നടിക്കുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്കെതിരേ....!!കേരളത്തിന്റെ ആശങ്കയേ അവജ്ഞയോടെ വീക്ഷിക്കുന്ന തമിഴ് നാടിന്റെ അഹങ്കാരത്തിനെതിരേ.............!! തമിഴ് നാട്ടിലേ വോട്ട് ബാങ്കില്‍ മാത്രം ചിന്താകുലരായി മൌനവൃതമാചരിക്കുന്ന കേന്ദ്രത്തിനെതിരേ..........!!
ഒരു കൂട്ടം ഭ്രാന്തന്മാര്‍ 2011 ഡിസംബര്‍ 8- ന് ഉപവസിച്ച് കരിദിനമാചരിച്ചു കൊണ്ട് പ്രതികരിക്കുന്നു. അന്നേ ദിവസം ഞങ്ങളോടൊപ്പം ഈ പ്രതിഷേധത്തില്‍ പങ്ക് ചേരാന്‍ ലോകത്തുള്ള എല്ലാ മലയാളികളോടും അപേക്ഷിക്കുന്നു.
നമ്മുടെ നാടിനു വേണ്ടി .....നാട്ടുകാര്‍ക്ക് വേണ്ടി ഒരു നേരത്തേ ഭക്ഷണം ഉപേക്ഷിച്ച്..കറുത്ത ബാഡ്ജോ , വസ്ത്രങ്ങളോ ധരിച്ച് സമാധാനപരമായി നമ്മുടെ പ്രതിഷേധം നമ്മുക്ക് അറിയിക്കാം. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ....ജോലി സ്ഥലങ്ങളില്‍ ..... വീടുകളില്‍ എവിടെ വച്ചു വേണമെങ്കിലും നിങ്ങള്‍ക്ക് ഞങ്ങളൊടൊപ്പം അണി ചേരാം. ജീവിതം മുഴുവന്‍ കരിനിഴലിലാണ്ട് പോകാതിരിക്കാന്‍.....നമ്മുക്ക് ഒന്നു ചേരാം....!!
അതേ ആ ചോര മണക്കുന്ന ഓര്‍മ്മകള്‍ക്കിത് മൂന്നാം പിറന്നാള്‍ ...!! ഈ വരുന്ന 26-ന് ആ ഓര്‍മ്മകള്‍ക്ക് മൂന്ന് വയസ്സ് പൂര്‍ത്തിയാകും..!!
എന്തേ.. എല്ലാവരും മറന്നു പോയോ ഞങ്ങളുടെ പിറന്നാള്‍ ....???
ചിതറിത്തെറിച്ച ശരീരങ്ങളും.....തളം കെട്ടി കിടന്നിരുന്ന ചോരച്ചാലുകളും ഇത്ര വേഗം ഓര്‍മ്മകളില്‍ നിന്നടര്‍ന്ന് പോയോ.....??? നിങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച...മേജര്‍ സന്ദീപിനേയും , ഹേമന്ദ് കര്‍ക്കറേയും പോലുള്ള ധീരന്മാരേയും മറന്നുവോ നിങ്ങള്‍ ....???
കാലത്തിന്റെ കുത്തൊഴുക്കില്‍ മായ്ക്കപ്പെടാത്തതൊന്നുമില്ലല്ലോ അല്ലേ.....??
മറന്നോളൂ.....ഒന്നും കാണാതിരിക്കാന്‍ കണ്ണ് മൂടിക്കെട്ടിക്കോളൂ........... എങ്കിലും അല്പമെങ്കിലും ആണത്തം ബാക്കിയുണ്ടെങ്കില്‍ ......പെറ്റനാടിനോടിത്തിരി മമതയുണ്ടെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ........!!
ഇനിയും തീറ്റിപ്പോറ്റണോ....ഈ നരാധമനേ......????ഇനിയും ഇവനു വേണ്ടി കോടികള്‍ ചിലവഴിക്കണോ...???
ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം...??
തെറ്റ് ഞങ്ങളുടേതാണ്.....ഞങ്ങളിലൊരുവന്റേതാണ് ...!! അവസാന ശ്വാസം നിലക്കുന്നതിനു മുന്‍പ് ഒരു ബുള്ളറ്റ് ഇവന്റെ തലയിലേക്ക് പായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി.....!!! ആ കര്‍മ്മം ചെയ്യാന്‍ ഞങ്ങള്‍ക്ക് പിറകേ ഇനിയും ആളുണ്ടെന്ന് കരുതി ബാക്കി വച്ചത് ഞങ്ങളുടെ തെറ്റ്.......!!!! മാപ്പ് നല്‍കിയാലും....!!!
മരണം വാതിക്കലൊരു നാള്‍ .......
മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ......!!!
പ്രേമനൈരാശ്യം മൂലം ആത്മഹത്യ മുന്നില്‍ കണ്ട് പാടിയതൊന്നുമല്ല കേട്ടോ...!! ഈയിടയായി ഒരു കൂട്ട മരണത്തിന്റെ കൊലവിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു.... !!! ഇതൊരു വെറും മരണ മണിയുടെ മുഴക്കമല്ല.........!!! വരാന്‍ പോകുന്ന ഒരു സംഹാര താണ്ഡവത്തിന്റെ ഹുങ്കാരമാണത് ....!!!!
അതേ....എപ്പോഴും മനസ്സിനേ വിറങ്ങലിപ്പിക്കുന്ന ആ ചുഴിയിളക്കങ്ങളുടെ ഹുങ്കാരം മറ്റെവിടെയും നിന്നല്ല....!!!
“ മരണ മണി മുഴക്കുന്ന മുല്ലപ്പെരിയാറില്‍ നിന്നു തന്നെ....!!! ”
ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ....ആ ഭയാനക ശബ്ദം....!!! മരണത്തിന്റെ തണുപ്പ് മെല്ലെ..മെല്ലെ സിരകളിലേക്കരിച്ചു കയറുന്നില്ലേ........??
ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്....!! അനുഭവിച്ചോളൂ.....!!!!
എവിടാണ് മുല്ലപ്പെരിയാര്‍ ഡാം...?? എന്താണവിടുത്തേ ഇത്ര ഭീകരമായ പ്രശ്നം....??? ഇതൊക്കെ അറിയാവുന്ന എത്ര മലയാളികള്‍ ഉണ്ട് നമ്മുക്കിടയില്‍ ....??? ഇതെഴുതുന്നതിനിടയില്‍ ഫോണില്‍ വിളിച്ച ഈയുള്ളവന്റെ ഭൈമി പോലും ചോദിച്ചു “ മുല്ലപ്പെരിയാര്‍ ഡാമോ..? അതങ്ങ് തമിഴ് നാട്ടിലല്ലേ...?? ”
ചിരിക്കാന്‍ വരട്ടേ....!! അഭ്യസ്ത വിദ്യരെന്നഭിമാനിക്കുന്ന മോഡേണ്‍ മലയാളികളില്‍ മിക്കവര്‍ക്കും അറിയില്ലാത്ത കാര്യമാണത്. അല്ലെങ്കില്‍ അറിയാമെങ്കില്‍ കൂടി ബോധപൂര്‍വ്വം മറന്നു കളയുന്ന ഒരു മഹാ വിപത്ത്....!!!
എവിടാണ് മുല്ലപ്പെരിയാര്‍ ഡാം....??
കേരളത്തിലെ ഇടുക്കി ജില്ലയിൽ, കേരളത്തിലേ 44 നദികളിലും ഏറ്റവും ഉപയോഗപ്രദമായ..കേരളത്തിന്റെ ജീവരേഖയെന്നറിയപ്പെടുന്ന പെരിയാർ നദിക്ക് കുറുകേ പണി കഴിപ്പിച്ചിരിക്കുന്ന അണക്കെട്ടാണ് മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണിത് . തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.
ഇനിയൊരല്പം ഫ്ലാഷ് ബാക്ക്....!!
നൂറ്റാണ്ടിന്റെ പഴക്കമുള്ള സത്യം...!! 1867 - ല്‍ പണി തുടങ്ങി 1895 - ല്‍ ഉപയോഗത്തിനായി തുറന്നു കൊടുത്ത ഈ തടയണയുടെ കഥയ്ക്ക് പിന്നില്‍ ഒരു ചതിയുടെയും കഥ ഒളിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടില്‍ ഉണ്ടായിരുന്ന സായിപ്പുമാര്‍ക്കും നാട്ടു ശിങ്കിടികള്‍ക്കും നന്നേ ജലക്ഷാമം നേരിടുന്ന സമയം. വെളിക്കിറങ്ങിയാല്‍ കഴുകാന്‍ പോയിട്ട് (സായപ്പിന്മാര്‍ക്കതിന്റെ ആവശ്യമില്ല) ഒരു തുള്ളി കുടിക്കാന്‍ പോലും വെള്ളമില്ലാത്തത്ര വരള്‍ച്ച..!! ഈ സമയത്ത് ഇങ്ങ് അന്നത്തേ കേരളമായിരുന്ന തിരുവതാംകൂറിന്റെ കീഴിലായിരുന്ന പെരിയാറ്റിലോ.... ?? കര കവിഞ്ഞൊഴുകുന്ന വെള്ളവും...!! ഈ പെരിയാറ്റില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ പല പദ്ധതികളും ബ്രിട്ടീഷ് മേധാവികളും ..തമിഴ് നാട്ടുരാജാക്കന്മാരും ഉദ്ദേശിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഒടുവിൽ പെരിയാറ്റിനു കുറുകേ ഒരു അണ കെട്ടി നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.
എന്നാല്‍ പെരിയാര്‍ കേരളത്തിലായതിനാല്‍ പദ്ധതിയനുസരിച്ച് തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. എന്നാല്‍ ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ലോകത്തെങ്ങും കേട്ടു കേഴ്വി പോലുമില്ലാത്ത 999 വര്‍ഷത്തേ പാട്ട ഉടമ്പടിയിൽ ഒപ്പു വെപ്പിച്ചു. “എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് ”എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.
ഒരു പക്ഷേ മടിയന്മാരായ മലയാളികള്‍ ഭാവിയില്‍ ഉണ്ണാനുമുടുക്കാനും തമിഴ് നാടിനേ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം ദീര്‍ഘ വീക്ഷണം നടത്തിയിട്ടുണ്ടാവാം..!! അങ്ങനെ വന്നാല്‍ മലയാളിക്ക് ഭാവിയില്‍ ഉണ്ണാന്‍ കൊടുക്കുന്നവനോടുള്ള ദീനാനുകമ്പയുമാവാം “ കൊണ്ട് പോയി പാവങ്ങള്‍ കൃഷി നടത്തിക്കോട്ടേ ” എന്നദ്ദേഹം ഉടമ്പടിക്ക് ശേഷം സ്വയം മനസ്സിൽ കരുതി ആശ്വസിച്ചത്.
ഈ അണക്കെട്ട് പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യൂക്ക് പോലും ഇതിന് 50 വര്‍ഷത്തേ കാലാവധിയേ പറഞ്ഞിരുന്നുള്ളൂ. അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ ഈ അണക്കെട്ട് കാലപ്പഴക്കം ചെന്നിരുന്നു എന്നര്‍ത്ഥം...!! ഇനി നമ്മുക്ക് ഇന്നിലേക്ക് തിരിച്ചു വരാം....!!
ഇന്ത്യ സ്വതന്ത്യയായതിനു ശേഷം മാറി മാറി ഭരിച്ച ഭരണ കൂടങ്ങളൊന്നും ഈ വിപത്തിനേ കാര്യമായി ഗൌനിച്ചില്ല. ഇടയ്ക്ക് പൊങ്ങിയ ചില ആശങ്കകള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ മുങ്ങിപ്പോയി. 2000 -ല്‍ ഡാമിന്റെ സമീപ പ്രദേശത്ത് നടന്ന ഒരു ഭൂമികുലുക്കം ഈ ഡാമിനേക്കുറിച്ചുള്ള ആശങ്കകളേയും കുലുക്കി. പുതിയ ഡാമുണ്ടാക്കാം എന്ന് കേരളം തീരുമാനമെടുത്തപ്പോഴാണ് തമിഴ് നാടിന്റെ ശരിക്കുമുള്ള നിറം പുറത്തായത്. പുതിയ ഡാം വന്നാല്‍ ..പുതിയ..കരാർ വേണ്ടി വരും..അവിടേയ്ക്കുള്ള ജല ലഭ്യത കുറയും....അങ്ങനെ പല പല കാരണങ്ങള്‍ ....അവര്‍ക്ക് ആ പദ്ധതിയേ തുരങ്കം വയ്ക്കാന്‍ പ്രചോദനമായി.കരാറു തുക കൂട്ടി കൊടുത്തും ...മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരിനേ വോട്ട് ബാങ്ക് കാട്ടി കോതിപ്പിച്ചും ..പേടിപ്പിച്ചും തമിഴ് നാട്ടിലേ തലൈവിരും..തലൈവന്മാരും പുതിയ ഡാമെന്നത് ഒരു സങ്കല്പമാക്കി മാറ്റിക്കൊണ്ടിരുന്നു....ഇന്നും മാറ്റിക്കൊണ്ടിരിക്കുന്നു...!!
ഇനി ഇതിലേ വിപത്ത് എന്ത്...??
50 വര്‍ഷത്തേ കാലാവധി മാത്രം പറഞ്ഞ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാൻ ...!!
അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജല ബോംബ്...!!!
വിശ്വസിക്കാനാവുന്നില്ല അല്ലേ.........!! എന്നാലൊന്നു കൂടെ കേട്ടോളൂ....!!
ഇത് തകര്‍ന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ഡാമിന്റെ കീഴ് പ്രദേശങ്ങളിലുള്ള ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ , എറണാകുളം എന്നിവ അറബിക്കടലിലെത്തും.....!!! ഒരു തരി പോലും അവശേഷിപ്പിക്കാതെ ..ചോറുണ്ട് കൈ കഴുകുന്ന ലാഘവത്തില്‍ മൊത്തത്തിൽ ഒരു ക്ലീൻ വാഷ് ഔട്ട്......!!!!!!
ഇത് എത്രത്തോളം ഭയാനകമായ വിപത്താണെന്നറിയുവാന്‍ ഈ വീഡിയോ ചിത്രങ്ങളിലേക്ക് ഒന്ന് ശ്രദ്ധിക്കൂ...!!
ഇംഗ്ലീഷിലുള്ള വീഡിയോ കാണാം
മലയാളത്തിലുള്ള വീഡിയോ കാണാം
മറ്റൊരു നിരാശാജനകമായ കാര്യം....സന്തോഷ് പണ്ഡിറ്റുമാരുടെയും പൂനം പാണ്ഡേമാരുടേയും വീഡിയോകളും സിനിമകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഷെയര്‍ ചെയ്ത ആഘോഷങ്ങളാക്കി മാറ്റുന്ന നമ്മുടെ സമൂഹം ഈ വിപത്തിനേക്കുറിച്ചുള്ള അറിവുകള്‍ ബോധപൂര്‍വ്വമോ....അബോധപൂര്‍വ്വമോ മറന്നു കളയുന്നു....!!!
സമൂഹ നന്മയ്ക്കായ് പ്രവൃത്തിക്കേണ്ട മാധ്യമങ്ങള്‍ പോലും പണ്ഡിറ്റുമാരേ വാഴ്ത്തപ്പെട്ടവനാക്കാന്‍ മത്സരിച്ച് ഷോകള്‍ നടത്തുന്നു. ഈ വിപത്തിനേക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ അവര്‍ക്കും സമയമില്ല....!! അല്ല ....അവരേ പറഞ്ഞിട്ടും കാര്യമില്ല.....!! കുങ്കുമപ്പൂവ് സീരയലിലേ നടിയുടുത്ത സാരിയുടെ പാറ്റേണും ഫാഷനും എവിടെ നിന്നെന്ന് അന്വേഷിക്കാനാണ് ജനത്തിനും താല്പര്യം...!!! ജനത്തിനിഷ്ടമുള്ളത് കാണിച്ച് കാശുണ്ടാക്കാന്‍ അവരും മത്സരിക്കുന്നു....!! ദീപ സ്തംഭം മഹാശ്ചൈര്യം....നമ്മുക്കും കിട്ടണം പണം....!!!!!
മുകളില്‍ കൊടുത്ത വീഡിയോ കണ്ടിട്ടും മനസ്സിലാവാത്തവര്‍ക്കായി ഇതാ ഷാര്‍ജയിലുള്ള ഒരു പ്രവാസി മലയാളിയുടെ വര്‍ഷങ്ങളുടെ ശ്രമ ഫലമായി ഈ വിപത്തിനേ ബേസ് ചെയ്ത് ഒരു ചലച്ചിത്രം വരുന്നു. അതേ... DAM 999 എന്ന ഇംഗ്ലീഷ് ചിത്രം...!!!
പ്രവാസ മലയാളിയായ സോഹന്‍ റോയ് എന്ന ചെറുപ്പക്കാരനാണ് ഈ 3D വിസ്മയം നമ്മുക്കായി അണിയിച്ചൊരുക്കുന്നത്.ഈ മാസം (നവംബര്‍ ) 24 ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും). ചിത്രത്തിന്റെ പേരു പറഞ്ഞ്പ്പോള്‍ ചിലക്കൊക്കെ ഒരു കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നു കാണും “ നമ്മുടെ തിലകന്‍ ചേട്ടന്‍ ഈ ഇംഗ്ലീഷ് ചിത്രത്തിലഭിനക്കുന്നതിനാണ് അഡ്വാസ് കിട്ടിയത് ”. ചില അമ്മമാരുടേയും അമ്മാവന്മാരുടെയും പടലപ്പിണക്കം മൂലം അതെന്തായാലും സ്വാഹ: ആയി.
2012 - ല്‍ ലോകമവസാനിക്കാന്‍ പോണൂ എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് സിനിമയിറങ്ങിയപ്പോള്‍ മാത്രം ദേവാലയത്തില്‍ പോകാനും ....ഇനിയെന്ത് എന്ന് ചിന്തിക്കാനും തുടങ്ങിയ നമ്മളില്‍ ചിലര്‍ക്ക് ഇതൊരു ഉണര്‍ത്തു പാട്ടാകാം....!!! ഒപ്പം നമ്മളേപ്പോലെ ഉറക്കം തൂങ്ങുന്ന നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇതൊരു ഉണര്‍ത്തു പാട്ടും.. മുന്നറിയിപ്പുമൊക്കെ ആവട്ടേ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യാം..!!!
അല്ലെങ്കിലും സായിപ്പു പറയുന്നതാണല്ലോ നമ്മുടെ തമ്പുരാക്കന്മാര്‍ക്ക് വേദ വാക്യം..!!! ഇത് പറയുന്നത് സായിപ്പല്ലെങ്കിലും....പറച്ചില്‍ സായിപ്പിന്റെ ഭാഷയിലായതു കൊണ്ട് ഒരു ചെറിയ പ്രതീക്ഷ.....!!!!
എന്തിന്റെ പേരിലായാലും ഇതില്‍ രാഷ്ടീയ നാടകം കളിക്കുന്ന...ചര്‍ച്ചകളുടെ പുറത്ത് ചര്‍ച്ചകള്‍ നടത്തി കാലം കഴിച്ച് സായൂജ്യമടയുന്ന സംസ്ഥാന /കേന്ദ്ര സര്‍ക്കാരുകളേ......., ഈ വാര്‍ത്ത ലോകത്തിനു മുന്‍പിലെത്തിക്കാന്‍ നാണിക്കുന്ന മാധ്യമ..സാമൂഹിക പ്രവര്‍ത്തകരേ.....നിങ്ങൾ പള്ളിയുറക്കമുണര്‍ന്ന് വരുമ്പോഴേയ്ക്കും ഈ ജല ബോംബ് പൊട്ടിയാല്‍ ........!!!
പിറ്റേ ദിവസം ശവക്കൂമ്പാരങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് കാട്ടി ചിത്രമെടുക്കാനും..ആ വാര്‍ത്ത ലോകത്തേ അറിയിക്കാനും ആരും മെനക്കടണമെന്നില്ല....!!! ചീഞ്ഞളിഞ്ഞ് കഴുകന്മാര്‍ കൊത്തി വലിക്കട്ടേ ഞങ്ങളുടെ ശവശരീരങ്ങളേ........!!!! എങ്കിലും തൊട്ടു പോകരുത് ഒറ്റെയെണ്ണം ഞങ്ങളേ....!! അങ്ങനെ നിങ്ങള്‍ ചെയ്താല്‍ ഞങ്ങളുടെ ഒന്നും ആത്മാവിനു പോലും ശാന്തി കിട്ടില്ല....!!!!
ശുംഭനെന്നുവിളിച്ചെന്ന പേരില്‍ .... കുറ്റവാളികള്‍ക്കെതിരേ അതിവേഗം നിയമം നടപ്പാക്കുന്ന നീതിന്യായ പീഠങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും പഠനം നടത്തി ..നടത്തി ഞങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കലരിയിടാനുള്ള തീരുമാനത്തിലാണോ...?ദയവു ചെയ്ത് എന്തിന്റെ പേരിലുള്ളതായാലും ഇക്കാര്യത്തിലേ മെല്ലപ്പോക്ക് നയം അവസാനിപ്പിച്ചു കൂടേ...??
മുല്ലപ്പെരിയാര്‍ മറ്റൊരു മോര്‍വ്വി ആവാതിരിക്കാന്‍ ആഘോരാത്രം പരിശ്രമിക്കുന്ന മുല്ലപ്പെരിയാര്‍ അജിറ്റേഷന്‍ കൌണ്‍സില്‍ ലീഡര്‍ ശ്രീ. ഷാജി പി ജോസഫിനും കൂട്ടാളികള്‍ക്കും , ഈ വിപത്ത് ഒരു സിനിമയിലൂടെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ശ്രീ സോഹന്‍ റോയ്ക്കും കൂട്ടാളികള്‍ക്കും....അതേ പോലെ ഈ വിപത്തിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ നാനാ തുറയിലുമുള്ളവര്‍ക്കും ഭ്രാന്തനച്ചൂസിന്റെ അഭിവാദ്യങ്ങളും നന്ദിയും അറിയിച്ചു കൊള്ളുന്നു. നമ്മളോടൊപ്പം കൈ കോര്‍ക്കാന്‍ ഓരോ മലയാളിയും ഉറക്കമുണരട്ടേ എന്ന പ്രാര്‍ത്ഥനയോടെ.......!!!
സസ്നേഹം ഭ്രാന്തനച്ചൂസ്
ഓടോ:- ഈ ലേഖനം വായിച്ച് ഒരാളെങ്കിലും ഈ വീഡിയോകളോ വാര്‍ത്തയോ ഷെയര്‍ ചെയ്താല്‍ ......ഈ വിപത്തിനെതിരേ എന്റെ കല്ലെറിയല്‍ പാഴായിപ്പോയില്ല എന്ന് അഭിമാനിക്കും ഞാന്‍....!!
മലയാളിക്കായ് മലയാളികളുടെ ..ഇന്ത്യയിലേ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള (എന്റെ അവകാശവാദമല്ല കേട്ടോ) ഒരു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്ന് ഉച്ചക്ക് മുന്‍ പേജില്‍ വന്ന ഒരു വാര്‍ത്തയാണ് എന്റെ ഈ ക്ഷമാപണത്തിനാധാരം....!!!
കാര്യമെന്തെന്നല്ലേ......?? ദാ ആദ്യം ഒന്ന് കണ്ട് നോക്ക്....!!
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.....?
ഇല്ല...മനസ്സിലായില്ലാ.....??? ശ്ശേ.....എന്നാ ഇനി ഇപ്പോഴും മനസ്സിലായിട്ടില്ലാത്തവര്‍ക്കായി ഞാനങ്ങ് പറയാം..!
2003 ലേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അന്നത്തേ മന്ത്രി എം എ ബേബി ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് വാര്‍ത്ത. എന്നാല്‍ മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവര്‍ക്കെന്താ തോന്നുക...അല്ലെങ്കില്‍ മനസ്സിലാകുക....??? “അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെട്ടിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” -
അതായത് നമ്മുടെ ബേബിച്ചായന്റെ -------------- ഇടപെട്ടിട്ടില്ല എന്ന്. ------- (ഡാഷ്) എന്നുള്ളയിടത്ത് നിങ്ങള്‍ക്കാവശ്യമുള്ളവ ചേര്‍ക്കാം. തല, കൈ,കാല്‍, കോല്‍..... അങ്ങനെ..യങ്ങനെയെന്തും ചേര്‍ത്ത് നമ്മുക്ക് വായന പൂര്‍ണ്ണമാക്കാം....!!!! കഷ്ടം നമ്മുടെ ഒരു ഗതികേട്.....!!
ഇത്തരം പദ പ്രയോഗങ്ങള്‍ക്ക് പകരം
“അവാര്‍ഡ്:- എം എ ബേബിയുടെ യാതൊരു ഇടപെടലുമില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” - ഇങ്ങെനെയോ.....അല്ലെങ്കില്‍
“അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെടലില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” എന്നോ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ....???
ഇതിനിപ്പോ എന്താണിത്ര പരിഹസിക്കാന്‍ എന്നല്ലേ...? ഇത് വല്ല കൊച്ച് പിള്ളേരോ മറ്റോ ആയിരുന്നേല്‍ നമ്മുക്ക് പോട്ടെന്ന് വയ്ക്കാം. ഇല്ലേല്‍ പറഞ്ഞു കൊടുക്കാം....!! ഇത് മലയാള ഭാഷയുടെ വക്താക്കള്‍ എന്നവകാശപ്പെടുന്ന ഒരു പ്രമുഖ പത്രത്തിന്റെ മുന്‍പേജില്‍ ഇത്യാദി വധശ്രമങ്ങള്‍ മലയാള ഭാഷയേ ചെയ്യുന്നത് കാണുമ്പോള്‍..................ഭ്രാന്തനും എന്തോ തികട്ടുന്നു....!!!!!!
ഇതിനൊക്കെ ഉത്തരവാദിയായ സബ് ഏഡിറ്റര്‍.അത് അവനോ / അവളോ ആരായാലും....ചാണകത്തില്‍ മുക്കിയ ചൂലു കൊണ്ടടിച്ച് ആ അക്ഷരപ്പുരയില്‍ നിന്ന് പുറത്താക്കുക. ഇത്ര ഉത്തരവാദമില്ലാതെ ഒരു വാര്‍ത്തയും പത്രത്തിന്റെ പൂമുഖത്ത് വരുന്നത് മനോരമയ്ക്കും, മലയാളിക്കും, മലയാള ഭാഷയ്ക്കും അഭികാമ്യമല്ല.
ഇത്തരത്തില്‍ മലയാള ഭാഷയേ ആ എഡിറ്റര്‍ കൊല്ലാന്‍ ശ്രമിച്ചതിനാണ് മലയാള ഭാഷാ ദേവിയോട് എന്റെ ക്ഷമാപണം (അവന്മാരോ പറയില്ല..ഞാനെങ്കിലും പറഞ്ഞേക്കാം) . ഇപ്പോള്‍ പിടി കിട്ടിയോ കൂട്ടുകാരേ......