Sunday, 28 March 2010

ഒരു പ്രണയ ഗീതം



കൊഴിഞ്ഞുപോയ കാലങ്ങളറിയാതെ
കാത്തിരിപ്പൂ ഞാന്‍ നിന്നേയെന്നോമല്‍സഖീ..
ഇനിയുമെത്ര നാള്‍ കഴിഞ്ഞാലെന്‍ -
തപസ്സിനന്ത്യം ചൊല്ലീടുക നീ പ്രിയേ!


അടുക്കുവാനാശയുണ്ടകതാരിലേറെയെങ്കിലും
അകന്നുനില്‍ക്കുന്നു നീയെന്‍ തേങ്ങലറിയാതെ !
ഭയക്കാതെ നീ വൃഥാ വിണ്ണിലെ തത്വശാസ്ത്രത്തെ,
വിശ്വസിച്ചീടുകയെന്‍ പ്രണയമാം നിത്യ സത്യത്തേ !


ഇനിയുമെന്തിനീ‍പ്പരീക്ഷ, പ്രേമ വിഷം മോന്തി
നീറുമീ പാവമാം പ്രണയ ദാസനോട്
അരുളുക വരമരുളുക ദേവീ.. നീയേകുക
മോക്ഷമടിയനീ കൊടുംതപത്തില്‍ നിന്നും !


കേള്‍ക്കാനൊരുങ്ങുക സഖീ, നിന്നിലെയുള്‍വിളി
അണഞ്ഞീടുക, നീയെന്‍ ചാരത്തീ, പ്രണയ-
പ്പൊയ്കയില്‍ നീന്തിത്തുടിച്ച്‍ രചിക്കാം
നാമിരുവരും ചേര്‍ന്ന് ശ്രുതിമധുരമായോരു പ്രണയഗീതം..!!

Friday, 12 March 2010

ബിഗ് ലോയും ..ഓസ്കാറും....പിന്നെ നമ്മുടെ കാമറൂണ്‍ ചേട്ടനും...!!!



ബിഗ് ലോയും ..ഓസ്കാറും....പിന്നെ നമ്മുടെ കാമറൂണ്‍ ചേട്ടനും...!!!

ഇത്തവണത്തേ ഓസ്കാര്‍ വിധി നിര്‍ണ്ണയം കുറ്റമറ്റതോ..?

തലക്കെട്ട് കാണുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു വനിതക്ക് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ ലഭിച്ചതില്‍ എനിക്കെന്തോ അസൂയ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു ബ്ലോഗ് ഇട്ടത് എന്ന് ആരും തെറ്റിദ്ധരിക്കല്ല് കേട്ടോ. അങ്ങനെ ഒരു ചിന്തയും എനിക്കില്ല. മാത്രവുമല്ല വനിതാ ദിനത്തില്‍ ഏതോ ബില്ലും പാസ്സകുന്നതും കാത്ത് വന്‍ പ്രതീക്ഷയില്‍ ഇരുന്ന നമ്മുടെ ഭാരതത്തിലേ മഹിളാ മണികള്‍ക്ക് മാത്രമല്ല , ലോകം മുഴുവനുമുള്ള എല്ലാ പെണ്‍ പ്രജകള്‍ക്കും അഭിമാനിക്കാവുന്ന ഒരു മുഹുര്‍ത്തമായിരുന്നു അത്. തന്റെ മുന്‍ ഭാര്യക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച അംഗീകാരത്തില്‍ കുശുമ്പേതുമില്ലാതെ ..വളരെ പ്രസന്നനായി സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടെ അവരുടെ തോളില്‍ തട്ടി അഭിനന്ദിച്ച കാമറൂണ്‍ അണ്ണന്റെ മനസ്സ് തന്നെ എനിക്കും. ഒരു പക്ഷേ അതിലും കൂടുതല്‍ ഒരു പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ അക്കാര്യത്തില്‍ സന്തോഷിക്കുന്നു കാരണം “ ഒരു വനിത എന്ന നിലയില്‍ ... മറ്റ് സാധാരണ പുരുഷകേസരികളേക്കാള്‍ അവര്‍ ഒരുപടി മുന്നിലായതു കൊണ്ടാവാം ..അല്ലെങ്കില്‍ പണ്ട് പുരുഷന്മാരുടെ വാരിയെല്ല് കടം കൊടുത്തത് പാഴായിപ്പോയില്ലെല്ലോ എന്ന ആനന്ദമാവാം...അതെന്തുമാവട്ടേ...
ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതൊന്നുമല്ല കേട്ടോ..

നമ്മുടെ കാമറൂണ്‍ അണ്ണന്‍ വര്‍ഷങ്ങള്‍ളുടെ പരിശ്രമങ്ങള്‍ക്ക് ശേഷം ഒരു പടുകൂറ്റന്‍ ചിത്രവുമായി വന്നതാണ് (അല്ലേലും അങ്ങേര്‍ ഇങ്ങനെയാ ...എന്തേലും ചെയ്യുവാണേല്‍ അത് നല്ലതായിരിക്കണം .. മറ്റാരും ചെയ്യരുത് എന്ന് നിര്‍ബ്ബന്ധമുള്ള മനുഷ്യനാ). ഒരു വിസ്മയിപ്പിക്കുന്ന അവതാരം എന്നല്ലാതെ അങ്ങേരേയും ആ ചിത്രത്തെയും വിശേഷിപ്പിക്കാതിരിക്കാന്‍ എനിക്കാവില്ല. സയന്‍സ് ഫിക്ഷനുകളുടെ മാസ്മരികതക്കുള്ളില്‍ അതിലും മനോഹരമായി ഒരു പ്രണയ കഥ. അമ്പരപ്പോടെയല്ലാതെ ആ ചിത്രം കണ്ടിരിക്കാന്‍ ഒരു പ്രേക്ഷകനും (കോമണ്‍സെന്‍സുള്ള) കഴിയില്ല. മറ്റൊരു രീതിയില്‍ ആ ചിത്രം വീക്ഷിക്കുകയാണെങ്കില്‍ ...ആദ്യം അത് അടിച്ചമര്‍ത്തപ്പെടുന്നവന്റെ ദൈന്യതയും ... പിന്നീട് അത് നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവന്‍ തിരിച്ചടിക്കുന്നതുമാണ് ആ കഥയുടെ കാതല്‍ എന്ന് നമ്മുക്ക് മനസ്സിലാവും. ശരിക്കും പറഞ്ഞാല്‍ ഇന്ന് അമേരിക്ക തങ്ങളുടെ ഉന്നമനത്തിനായി മറ്റ് പല രാജ്യങ്ങളിലും കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്മയുടെ ഒരു നേര്‍ചിത്രമല്ലേ ഈ അവതാരം എന്ന് തീര്‍ച്ചയായും സംശയിക്കാം (സംശയം എന്നല്ല ശരിക്കും നമ്മുടെ കാമറൂണ്‍ അണ്ണന്‍ ഉദ്ദേശിച്ചതും അത് തന്നെ ...ഇരിക്കട്ടേ അമേരിക്കയുടെ തോന്ന്യാസത്തിന് ഒരു കൊട്ട് എന്ന് )

ഇനി നമ്മുക്ക് നമ്മുടെ ബിഗ് ലോ ചേച്ചിയുടെ ചിത്രത്തിലേക്ക് വരാം ....ഒരു അവറേജ് ചിത്രത്തിലുപരി ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞാല്‍ ആരും പിണങ്ങരുത്. ഒരു സാധാരണ അമേരിക്കന്‍ പട്ടാള ചിത്രം. ഇതിലും എത്രയൊ നല്ല അമേരിക്കന്‍ പട്ടാള മേധാവിത്വത്തിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു. (Iron Man, GI Joe, The Kingdom, State of Play..etc). ഈ ചിത്രങ്ങളിലെല്ലാം അമേരിക്കന്‍ ആര്‍മിയുടെ ശക്തിയുടെയും, ടെക്നോളജിയുടെയും മുഴുപ്പ് നമ്മുക്ക് കാണാന്‍ കഴിയും. ഇങ്ങനെയുള്ള എല്ലാ അമേരിക്കന്‍ പട്ടാള ചിത്രങ്ങളിലും ഹോളീവുഡും, അമേരിക്കന്‍ പട്ടാള ഭരണകൂടവുമായുള്ള അനിഷേധ്യമായ ബന്ധം (പരസ്യമായ ഒരു രഹസ്യം) നമ്മുക്ക് കാണാന്‍ കഴിയും. ബിഗ് ലോ ചേച്ചിയുടെ ചിത്രവും അതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല.ശരിക്കും പറഞ്ഞാല്‍ ഇറാഖില്‍ അമേരിക്ക കാണിച്ചിട്ടുള്ള .. അല്ലെങ്കില്‍ ഇപ്പോഴും കാണിച്ച് കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളേ (ചില പ്രവൃത്തികളെങ്കിലും അങ്ങനെയാണ്) ലോകരുടെ മുന്നില്‍ വെള്ള പൂശിക്കാണിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു വനിതാ സംവിധായിക എന്ന നിലയില്‍ ചേച്ചി മുറ്റാണ് ...സംശയമില്ല (അഭിനേതാക്കളും മോശമില്ല). പക്ഷേ ബിഗ് ലോ ചേച്ചീ ഒന്നറിയുക .. ..ചേച്ചിയുടെ ദി ഹര്‍ട്ട് ലോക്കര്‍ ...അവതാരത്തേക്കാള്‍ മികച്ചതായത് കൊണ്ടോ ....ചേച്ചിയുടെ സംവിധാനം ..കാമറൂണ്‍ അണ്ണന്റെ സംവിധാനത്തേക്കാള്‍ മികവുറ്റതായതു കൊണ്ടോ അല്ല ചേച്ചിക്ക് ഇത്തവണത്തേ ഓസ്കാര്‍ കിട്ടിയത് എന്ന്. വെണ്ടയ്ക്ക കൊടുത്ത് ചുണ്ടയ്ക്ക വാങ്ങി എന്ന് പറയുമ്പോലെ ഞങ്ങടെ കാമറൂണ്‍ അണ്ണന്‍ ചുമ്മാ ഇരിക്കട്ടേ അമേരിക്കന്‍ അധിനിവേശത്തിന് ഒരു കൊട്ട് എന്ന് ചിന്തിച്ച് ഒരു നല്ല പടമെടുക്കുകയും..അത് കണ്ട് അമേരിക്കന്‍ പട്ടാളവും ..ഹോളീവുഡിലേ അവരുടെ ശിങ്കിടികളും ചേര്‍ന്ന് തങ്ങളേ കൊട്ടിയവനിട്ടിരിക്കട്ടേ ഒരു കിണ്ണന്‍ കുത്ത് എന്ന് വിചാരിച്ചത് കൊണ്ടാണ് ചേച്ചിക്ക് ഇത്തവണത്തേ ഓസ്കാര്‍ കിട്ടിയത്. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് പറയുന്നത് പോലെ കാമറൂണ്‍ ചേട്ടന്‍ ..ചേച്ചിയുടെ മുന്‍ ഭര്‍ത്താവായിരുന്നു എന്നുള്ളത് വിധിയുടെ ഒരു കുത്തായിരുന്നിരിക്കാം. ആവോ അറിയില്ല...?

Tuesday, 23 February 2010

കാലചക്രം തിരിയുമ്പോള്‍




കാലചക്രം തിരിയുമ്പോള്‍

കാളകൂടം വമിയ്ക്കും ചോര ...,
നുരയ്ക്കുന്നു എന്‍ നിണ വാഹിനികളില്‍ ...!
വപുസ്സില്‍ നിറയും വേദനത്തീയില്‍
ഉരുകുന്നുവെന്‍ മനസ്സിന്‍ വേപഥു..!

പൈതൃകമല്ലെയെന്‍ കര്‍മ്മത്തിന്‍ ഫലവുമല്ല
പിന്നയുമെന്തിനുമീച്ചതി..! എന്തിനീ പരീക്ഷ ...!
വിജയിക്കയില്ലെന്നറിഞ്ഞു കോണ്ട്..? എങ്കിലു –
മേതിനോ വിഫല ശ്രമം നടത്തുന്നു ഞാനെന്ന വിഢ്ഢി..!

കറുത്ത കുപ്പായമിട്ടിരുളിലെവിടെയോ
മറഞ്ഞിരുപ്പുണ്ടവന്‍ ...! ആ കാല സത്യം..!
കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!

ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!
എങ്കിലുമറിയാതെ അകതാരില്‍ നിറയുന്നു
പൂര്‍ത്തീകരിയ്ക്കാത്ത സ്വപ്നങ്ങളേറെ ബാക്കി...!

ഇനിയുമൊരിക്കല്‍ ഞാനെത്തുമെന്‍
സ്വപ്നങ്ങള്‍തേടിയതുവരെയഭയം തേടിയുറങ്ങട്ടെ
മതിവരുവോളമീ സത്യത്തിന്‍ മടിത്തട്ടില്‍..
അനശ്വരമാമീശ്വര വലയത്തില്‍...!

Friday, 5 February 2010

രക്ത രക്ഷസ്സ്

രക്ത രക്ഷസ്സ്

കഥകളില്‍ ഞാനൊരു രക്ഷസ്സ്
ചുടു ചോര മോന്തുന്ന രക്ഷസ്സ്
ദൈന്യത തീണ്ടാത്ത രക്ഷസ്സ്
നാട്യ ചാതുര്യമേറുമൊരു രക്ത രക്ഷസ്സ്..!

കൂട്ടിലടയ്കാനൊരുങ്ങീ പലരും, അന്നെന്‍ മുമ്പില്‍
തോറ്റമ്പി കടമറ്റത്തച്ചനും, മൂസതും ശിഷ്യരും
പാടി നടന്നെന്‍ ഗാഥകള്‍ പാണനും പാക്കനാരും
വിശ്വ വിഖ്യാത, ഞാനൊരു രക്ത രക്ഷസ്സ്...!

മാറ്റാനൊരുങ്ങീല ഞാനാ പുറംചട്ട-
യെന്നിലേ സ്ത്രീയ്ക്കൊരു രക്ഷയേകാന്‍ !
ലോകരേ ഭയചകിതരാക്കി നേടി ഞാന-
ബലയാമെന്നുടെ വര്‍ഗ്ഗത്തിന്നൊരു കവചം !

മുന്‍ കാല ഗാഥകള്‍ കൊട്ടിഘോഷിച്ചിവ-
രിന്നെന്നേ ചെയ്തൂ വിചാരണ നിര്‍ദ്ദയം,നിസ്സംശയം..!
ഊറ്റിയെടുത്തവരെന്നുടെ ചോരയും നീരു-
മിവര്‍ ലൌ ജിഹാദിന്‍ മേല്‍ മൂടിയിട്ടവര്‍ !

കാണാനൊരുമ്പെട്ടില്ലാരുമെന്‍ ദീനത -
ഇന്നെന്‍ മേനിയിലാണിവര്‍ക്ക് കമ്പം
തേറ്റയില്‍ ചുണ്ണാമ്പ് തേച്ച് വെളുക്കെച്ചി-
രിച്ചിവര്‍, മന്ത്രങ്ങളോതീ ആര്‍ത്തു ചിരിച്ചു..!

ക്യമറക്കണ്ണില്‍ നിന്നോടിയൊളിക്കവേ
ഓര്‍ത്തു ഞാനെന്താണെന്നുടെ ചെയ്തികള്‍ ?
വെളുക്കെച്ചിരിച്ചതില്‍ മയങ്ങിപ്പോയതോ?
ആദ്യമായ് കിട്ടിയ സ്നേഹം മണത്തതോ?

തടുത്തു ഞാനായിരം ചോദ്യ ശരങ്ങളേ
കേട്ടാലറയ്ക്കും വിചാരണ രീതിയേ..!
ആശയറ്റെനിക്കിന്നീ നീതിത്തുലാസ്സില്‍
അന്ധത പുല്‍കുമീ അഭിനവ ഗാന്ധാരിയില്‍ !

ഇനിയെന്‍ പാതയില്‍ നിറയും ശരശയ്യ..!
കാലിട്ടടിക്കുന്നു കൈകളില്‍ സ്നേഹത്തിന്‍
സമ്മാനമെങ്കിലുമോങ്ങുക കല്ലുകളെന്നില്‍
നിങ്ങളില്‍ പാപം ചെയ്തീടാത്തവര്‍ .!!

Friday, 15 January 2010

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍


ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.


കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍


കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!


ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Wednesday, 6 January 2010

ജന്മശിഷ്ടം

ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.

ജന്മശിഷ്ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!

ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു‍ നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!

തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാ‍ര്‍ത്തലും,
ഹാ‍രമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!

Saturday, 15 March 2008

ഇടവഴിയുടെ നൊമ്പരം













 

ഇടവഴിയുടെ നൊമ്പരം

ഓര്‍ക്കുന്നുവോ നീയെന്നേ..? (നിങ്ങളെന്നേ)
ഹേ.. സുന്ദരീ .. നീ എന്‍ പ്രിയ സഖീ
എന്ന മൊഴി കേട്ടമര്‍ത്തിയ പാല്‍ -
പ്പുഞ്ചിരിയോടെ , കാല്‍ച്ചിത്രം വരയ്ക്കും
നവോഢയേപ്പോല്‍ , നിന്നോട് -
ചേര്‍ന്നു നിന്നിരുന്നൊരു നാള്‍ ഞാനും

അന്നെന്‍ നെഞ്ചിലേ ചൂടേറ്റ് വാങ്ങി -
രചിച്ചു നീ കാവ്യങ്ങളായിരമായിരം
നഷ്ട സ്വപ്നങ്ങളോര്‍ത്തു നിന്‍ നെടുവീര്‍പ്പുയര്‍ന്നപ്പോള്‍
വാര്‍ത്തൂ ഞാനുമെന്നശ്രു ബിന്ദുക്കള്‍ നിന്‍ തേങ്ങലിനകമ്പടിയായ് !

ഒടുവിലെന്‍ ഹ്രുത്തിലൊരുപിടിക്കനല്‍ വാരിയിട്ടു നീ
തിരിഞ്ഞ് നോക്കാതെ നടന്നകന്നു
അരുതെന്നു ചൊല്ലാനൊരുങ്ങീല ഞാനു -
മെനിക്കറിയാം നിന്‍ യാത്രയിന്നിന്‍ വഴി തേടിയെന്ന് !

തുണയാരുമില്ലാതെ നിന്നെയുമോര്‍ത്തു കഴിയുമ്പോളൊ -
രുനാള്‍ കേട്ടു ഞാനയലത്തേ വഴികളില്‍ കോമരമുറയുന്നുവെന്ന്
വീശിയടിക്കുന്ന കാറ്റില്‍ നിന്നറിഞ്ഞു ഞാനാ -
ച്ചോരയുടെ ഗന്ധവും ആര്‍ത്തനാദങ്ങളും !

ഇന്നകലെ മുഴങ്ങുന്നോരാര്‍ത്തനാദങ്ങള്‍
നാളെയെന്‍ കാതിലുമാര്‍ത്തിരമ്പുമോ..?
ഇന്നവിടെയൊഴുകുന്ന നിണവും കബന്ധവും
നാളെയെന്‍ നെഞ്ചിലുമിറ്റിറ്റു വീഴുമോ..?

അറിയില്ല എന്നാലും ശങ്കയൊഴിയാതെ
കാത്ത് നില്പു ഞാനേകയായ്...
നിന്നെയും തേടി .....!






Wednesday, 12 March 2008

വവ്വാല്‍


വവ്വാല്‍ എന്‍ജ്ജൊക്കെ...റ്റിന്നും.....

ചാംബയ്ക്ക റ്റിന്നും......
പേരയ്ക്ക റ്റിന്നും.......
കൊവയ്ക്ക റ്റിന്നും......
മച്ചിങ്ങ റ്റിന്നും.....
ഏത്തയ്ക്ക റ്റിന്നും....

പിന്നെയോ.............??
പിന്നെ....?
പിന്നെ....?

Friday, 7 March 2008

ഒരു ചോദ്യം...















ഒരു ചോദ്യം...?


ചോദിച്ചിടട്ടേ ഞാനൊരു ചോദ്യം..
അറിയാതെ മനസ്സില്‍ കടന്നൊരു ചോദ്യം..
പ്രണയത്തിന്‍ നിറമേതെന്ന ചോദ്യം..
കാലമേറീട്ടും ഉത്തരമില്ലാത്ത ചോദ്യം..

ഏവരേം പോലെ ഞാനും കരുതി
പ്രണയത്തിന്‍ നിറം ചുവപ്പെന്ന്
സ്നേഹത്തിന്‍ വളപ്പൊട്ടുകള്‍ക്കിടയില്‍
സൂക്ഷിച്ചു ഞാനുമൊരു പനിനീര്‍പ്പൂ...ചുവന്ന പനിനീര്‍പ്പൂ

കാലമേറെ കഴിഞ്ഞീല, കാരണമെന്തെന്നറിയീല
കറുത്തുപോയ് എന്‍ പനിനീര്‍പ്പൂ...ചുവന്ന പനിനീര്‍പ്പൂ
കണ്ണുകള്‍ ചൊരിഞ്ഞത് ബാഷ്പകണങ്ങളോ?
കറുത്ത നിണമോ?...ചുവന്ന നിണമോ?

മായ്ച്ചുകളഞ്ഞു ഞാനെന്‍ കവിളിലെ ‍ചാലുകള്‍
ചോര മണക്കുന്നു കൈകളില്‍...എന്‍ പ്രണയത്തില്‍...
എങ്കിലും ചോദ്യമതൊന്നു ബാക്കി
പ്രണയത്തിന്‍ നിറമേതെന്ന ചോദ്യം.....??

Tuesday, 4 March 2008

തൃഷ്ണ











 

ഈ ഇരുപത്തിയൊന്നാം ... നൂറ്റാണ്ടിലും..
ഗ്രാമത്തിന്റെ നിഷ്കളങ്കതയും....
വിശുദ്ധിയുമായി....ചിരിച്ചും.. കളിച്ചും.....
നടക്കുന്ന എന്റെ ഒരു പ്രിയസുഹൃത്തിന്.......

തൃഷ്ണ

എന്നിലുമൊരുപാട് തൃഷ്ണയുണ്ടായിരുന്നു
കണ്ണീര്‍ മണക്കുന്ന....നൊംബരമൂറുന്ന.....തൃഷ്ണ...

മുട്ടേലിഴയുന്ന പ്രായത്തില്‍ , ഓര്‍മ്മയുദിക്കും നാളുകളില്‍
കിട്ടാക്കനിയായത്....വേണമെന്നേങ്ങിയത് , സ്നേഹം മാത്രം...
അമ്മ തന്‍ മുലപ്പാല് മാത്രം !

നാറ്റമെടുക്കുന്നുവെന്നെന്റെ ക്ലാസിലെ
ടീച്ചറും തോഴരുമാട്ടിയപ്പോള്‍
കാക്കിനിക്കറെന്റെ പൃഷ്o ഭാഗത്തെ.
നഗ്നത വെളിയാക്കിയപ്പോള്‍....
വേണമെന്നേങ്ങിയത് , കീറാത്ത കോടിയെന്ന സ്വപ്നം മാത്രം !

നാളുകളൊരുപാടു മുന്‍പേ നടന്നപ്പോള്‍
നാട്ടിലെ തൃഷ്ണക്ക് തേറ്റ കിളിര്‍ത്തു..
നിറഭേദം വന്ന അവരാകെ ഒന്നാകി
നാണമില്ലാത്തവനെന്നെന്നേ പഴിച്ചു !

ഒന്നിച്ചുണ്ടും കളിച്ചും വളര്‍ന്നൊരു
സ്നേഹമൊരു രാവിലെന്‍ മുറിയില്‍ വന്നു...
വിറയാര്‍ന്ന ചുണ്ടില്‍ നിന്ന‍കന്നു മാറവേ....
കേട്ടു ഞാനാദ്യമായ്‍...., തൃഷ്ണയില്ലാത്തവന്‍ !

കൈ കോര്‍ത്തു നടന്നയെന്‍ കൂട്ടുകാരെല്ലാം
കപടലോകത്തിന്‍ മേലങ്കിയിട്ടപ്പോള്‍
കൂടെ അണിയുവാന്‍ ഒരുങ്ങീല ഞാനും
അപ്പോഴവരും ആര്‍ത്തു ചിരിച്ചൂ....വിളിച്ചെന്നെ,
തൃഷ്ണയില്ലാത്തവന്‍!

അന്ധത മൂടുമീ തൃഷ്ണ തന്‍ ലോകത്ത്.,
ദംഷ്ടൃകള്‍ കാട്ടിയിളക്കുമീ...നാട്ടില്‍
എന്നുടെ തൃഷ്ണയ്ക്ക് എന്തു പ്രസക്തി !
അതുകൊണ്ട് ഞാനതിനെ കുഴിവെട്ടി മൂടി !
ഹ........ഹ..........ഹ...........ഹ...........ഹ

LinkWithin

Related Posts with Thumbnails