Tuesday 23 February 2010

കാലചക്രം തിരിയുമ്പോള്‍




കാലചക്രം തിരിയുമ്പോള്‍

കാളകൂടം വമിയ്ക്കും ചോര ...,
നുരയ്ക്കുന്നു എന്‍ നിണ വാഹിനികളില്‍ ...!
വപുസ്സില്‍ നിറയും വേദനത്തീയില്‍
ഉരുകുന്നുവെന്‍ മനസ്സിന്‍ വേപഥു..!

പൈതൃകമല്ലെയെന്‍ കര്‍മ്മത്തിന്‍ ഫലവുമല്ല
പിന്നയുമെന്തിനുമീച്ചതി..! എന്തിനീ പരീക്ഷ ...!
വിജയിക്കയില്ലെന്നറിഞ്ഞു കോണ്ട്..? എങ്കിലു –
മേതിനോ വിഫല ശ്രമം നടത്തുന്നു ഞാനെന്ന വിഢ്ഢി..!

കറുത്ത കുപ്പായമിട്ടിരുളിലെവിടെയോ
മറഞ്ഞിരുപ്പുണ്ടവന്‍ ...! ആ കാല സത്യം..!
കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!

ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!
എങ്കിലുമറിയാതെ അകതാരില്‍ നിറയുന്നു
പൂര്‍ത്തീകരിയ്ക്കാത്ത സ്വപ്നങ്ങളേറെ ബാക്കി...!

ഇനിയുമൊരിക്കല്‍ ഞാനെത്തുമെന്‍
സ്വപ്നങ്ങള്‍തേടിയതുവരെയഭയം തേടിയുറങ്ങട്ടെ
മതിവരുവോളമീ സത്യത്തിന്‍ മടിത്തട്ടില്‍..
അനശ്വരമാമീശ്വര വലയത്തില്‍...!

Friday 5 February 2010

രക്ത രക്ഷസ്സ്

രക്ത രക്ഷസ്സ്

കഥകളില്‍ ഞാനൊരു രക്ഷസ്സ്
ചുടു ചോര മോന്തുന്ന രക്ഷസ്സ്
ദൈന്യത തീണ്ടാത്ത രക്ഷസ്സ്
നാട്യ ചാതുര്യമേറുമൊരു രക്ത രക്ഷസ്സ്..!

കൂട്ടിലടയ്കാനൊരുങ്ങീ പലരും, അന്നെന്‍ മുമ്പില്‍
തോറ്റമ്പി കടമറ്റത്തച്ചനും, മൂസതും ശിഷ്യരും
പാടി നടന്നെന്‍ ഗാഥകള്‍ പാണനും പാക്കനാരും
വിശ്വ വിഖ്യാത, ഞാനൊരു രക്ത രക്ഷസ്സ്...!

മാറ്റാനൊരുങ്ങീല ഞാനാ പുറംചട്ട-
യെന്നിലേ സ്ത്രീയ്ക്കൊരു രക്ഷയേകാന്‍ !
ലോകരേ ഭയചകിതരാക്കി നേടി ഞാന-
ബലയാമെന്നുടെ വര്‍ഗ്ഗത്തിന്നൊരു കവചം !

മുന്‍ കാല ഗാഥകള്‍ കൊട്ടിഘോഷിച്ചിവ-
രിന്നെന്നേ ചെയ്തൂ വിചാരണ നിര്‍ദ്ദയം,നിസ്സംശയം..!
ഊറ്റിയെടുത്തവരെന്നുടെ ചോരയും നീരു-
മിവര്‍ ലൌ ജിഹാദിന്‍ മേല്‍ മൂടിയിട്ടവര്‍ !

കാണാനൊരുമ്പെട്ടില്ലാരുമെന്‍ ദീനത -
ഇന്നെന്‍ മേനിയിലാണിവര്‍ക്ക് കമ്പം
തേറ്റയില്‍ ചുണ്ണാമ്പ് തേച്ച് വെളുക്കെച്ചി-
രിച്ചിവര്‍, മന്ത്രങ്ങളോതീ ആര്‍ത്തു ചിരിച്ചു..!

ക്യമറക്കണ്ണില്‍ നിന്നോടിയൊളിക്കവേ
ഓര്‍ത്തു ഞാനെന്താണെന്നുടെ ചെയ്തികള്‍ ?
വെളുക്കെച്ചിരിച്ചതില്‍ മയങ്ങിപ്പോയതോ?
ആദ്യമായ് കിട്ടിയ സ്നേഹം മണത്തതോ?

തടുത്തു ഞാനായിരം ചോദ്യ ശരങ്ങളേ
കേട്ടാലറയ്ക്കും വിചാരണ രീതിയേ..!
ആശയറ്റെനിക്കിന്നീ നീതിത്തുലാസ്സില്‍
അന്ധത പുല്‍കുമീ അഭിനവ ഗാന്ധാരിയില്‍ !

ഇനിയെന്‍ പാതയില്‍ നിറയും ശരശയ്യ..!
കാലിട്ടടിക്കുന്നു കൈകളില്‍ സ്നേഹത്തിന്‍
സമ്മാനമെങ്കിലുമോങ്ങുക കല്ലുകളെന്നില്‍
നിങ്ങളില്‍ പാപം ചെയ്തീടാത്തവര്‍ .!!

LinkWithin

Related Posts with Thumbnails