Sunday 8 April 2012

വരുന്നൂ.....ചന്തപ്പെണ്ണുങ്ങള്‍....!!!!

വരുന്നൂ.....ചന്തപ്പെണ്ണുങ്ങള്‍....!!!!

ഇതാ...ഇന്നു മുതല്‍....... അയ്യോ..അല്ല തെറ്റി....!! നാളെ മുതല്‍........ പ്രദര്‍ശനമാരംഭിക്കുന്നു
“ നിങ്ങളുടെ സ്വന്തം സിറ്റി ഗേള്‍സ് അഥവാ ചന്തപ്പെണ്ണുങ്ങള്‍.....!! ”

എന്താടാ ഭ്രാന്താ ....നിന്റെ മനോനില വീണ്ടും തെറ്റിയോ ..?? അല്ലെങ്കില്‍ പിന്നെ സിറ്റിയില്‍ താമസിക്കുന്ന പെണ്‍പിള്ളേരെയൊക്കെ കയറി ചന്തപെണ്ണുങ്ങള്‍ എന്ന് വിളിക്കുമോ..?? അടിയെടാ..അവനേ....!!!

എന്റെ പൊന്നു സിറ്റി പെങ്ങമ്മാരേ..അമ്മമാരേ.... ഇത് ഞാന്‍ നിങ്ങളേ അടച്ചാക്ഷേപിച്ചതല്ല....!!! ഞാന്‍ പറയുന്നത് മുഴുവന്‍ കേട്ടിട്ട് എന്നേ കല്ലറിയൂ..പ്ലീസ്.....!!!

ഞാന്‍ പറഞ്ഞത് പത്തേ പത്ത് സിറ്റി പെണ്‍പിള്ളേരുടെ കാര്യമാ....!! മനസ്സിലായില്ല അല്ലേ...?? എന്നാ കേട്ടോ വിശദമാക്കിത്തരാം...!! മാധ്യമ രാജാവ് മര്‍ഡോക്കമ്മാവന്റെ സ്വന്തം എഷ്യാനെറ്റില്‍ നാളേ മുതല്‍ ഒരു കിടിലന്‍...അല്ല കിടിലോല്‍ക്കിടിലന്‍ റിയാലിറ്റി സംഭവം അരങ്ങേറാന്‍ പോണൂ. ആ മഹാമഹത്തിന്റെ പേരാണ് സിറ്റി ഗേള്‍സ്....!!















പണ്ടോക്കെ (ഇപ്പോഴും അങ്ങനെ തന്നെ) എന്റെ നാട്ടില്‍ സിറ്റീ പോവാ എന്നു പറഞ്ഞാല്‍ ചന്തക്ക് പോവാണ് എന്നാണ് അര്‍ത്ഥം. അപ്പോ സിറ്റീ ഗേള്‍സ് എന്നാല്‍ പച്ച മലയാളത്തില്‍ / നാട്ടു ഭാഷയില്‍ ചന്തപെണ്ണുങ്ങള്‍ എന്നല്ലേ അര്‍ത്ഥം ....!! ഇനിയിപ്പോ അങ്ങനെ അല്ലങ്കില്‍ കൂടി കറിവേപ്പിലയ്ക്ക് അഭിസാരിക എന്ന പുതിയ പദപ്രയോഗം കണ്ടെത്തിയ ഏമാന്മാര്‍ ഇതിനും കൂടി മറ്റൊരു പ്രയോഗം കണ്ടെത്ത്....!! അല്ല...പിന്നെ....!!!

ആ....... ഇനി നമ്മുക്ക് വീണ്ടും ചന്ത (സിറ്റി) വര്‍ത്തമാനത്തിലേക്ക് വരാം...!! അപ്പോള്‍ ഞാന്‍ മുകളില്‍ പറഞ്ഞിരിക്കുന്ന മഹാമഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പത്ത് തരുണീമണികളേ ഇന്ത്യയിലാകമാനമുള്ള ചന്തകളില്‍ ..ഛേ..സിറ്റികളില്‍ നിന്നും തിരഞ്ഞെടുത്തിരിക്കുന്നു. എല്ലാം മല്ലൂസ് കുട്ടികളാണു കേട്ടോ...!!  ഇന്ന് വരെ കാക്കയേയോ പൂച്ചയേയോ ...അണ്ണാനേയോ ...മാവോ..മാങ്ങാണ്ടിയോ കണ്ടിട്ടില്ലാത്ത ഈ കൊച്ചുങ്ങള്‍ എല്ലാം കൂടി നമ്മുടെ ഏഷ്യാനെറ്റ് അണ്ണന്മാര്‍ തിരഞ്ഞെടുത്ത ഏതെങ്കിലും ഗ്രാമങ്ങളിലേക്ക് (അവരുടെ ഭാഷയില്‍ കണ്ട്രി / കുഗ്രാമങ്ങളിലേക്ക്) വലിച്ചെറിയപ്പെടുന്നു. എന്നിട്ട് അവര്‍ അവിടെ അനുഭവിക്കുന്ന യാതനകള്‍ റിയലായി ചൂടോടെ ലോകത്തിനു മുന്‍പിലേക്ക് സമ്പ്രേക്ഷണം ചെയ്യും. എങ്ങനെയുണ്ട്.....!!

 അല്ല....ഈ യാതനകള്‍ എന്നു പറഞ്ഞാല്‍ എന്താണെന്നറിഞ്ഞിട്ടാ.....?? ഹും.....!! 

നാട്ടും പുറങ്ങളിലേ ചായക്കടകളില്‍ നിന്നും കിട്ടുന്ന ചായ കുടിക്കുക.... (അയ്യേ.....ഓക്കാനം വരുന്നു), കോഴിയേ ഓടിച്ചിട്ട് പിടിക്കുക....(എന്ത്യാ യാതന), പശുവിനു പുല്ലു പറിക്കുക (ശ്ശോ),  ആസനം /കുണ്ടി  നിലത്തുറപ്പിക്കാതെ കുന്തിച്ചിരുന്ന് പാത്രം മെഴുകുക (ബലേ ഭേഷ്), മൂക്കളയൊലിപ്പിക്കുന്ന പിള്ളേരുടെ കൂടെ മടലു വെട്ടി ക്രിക്കറ്റ് കളിക്കുക (ഹ ..ഹ), ചെളി നിറഞ്ഞ കണ്ടത്തില്‍ / പാടത്തില്‍ ചുമ്മാ ഒരു കാരണവുമില്ലാതെ കിടന്നുരുളുക (ടീ ഷര്‍ട്ടും ..ബര്‍മ്മുഡയുമാണ് വേഷം....കേട്ടോ...? വാട്ടേ സീന്‍...!!) കച്ചിക്കൂനയിലേക്ക് തലകുത്തി മറിയുക , തലയിണയടി മത്സരം നടത്തുക, പരമ്പരാഗത  ആദിവാസി വസ്ത്രങ്ങളണിഞ്ഞ് (ഇതാ പഴയതിലും ഭേതം) ക്യാറ്റ് വാക്ക് / ഡീജേ നടത്തുക.......തുടങ്ങിയവയാണ് ഈ പാവം പത്ത് തരുണീമണികളേ കാത്തിരിക്കുന്ന യാതനകള്‍....!!!

 കേട്ടിട്ട് നിങ്ങളുടെ കരളലിയുന്നില്ലേ.....??? ഹൃദയമില്ലാത്തവര്‍.....!!
ഈ കൊച്ചുങ്ങളിങ്ങനെ അരയും തലയും ...ലയും മുറുക്കി..., ഇനിയിപ്പോള്‍ മുറുകിയില്ലേല്‍ കുലുക്കി ....., ഈ യാതനകളൊക്കെ സഹിക്കുന്ന കാര്യമോര്‍ക്കുമ്പോള്‍....., ഇതൊക്കെ കാണേണ്ടി വരുന്ന ലക്ഷോപ ലക്ഷം ചെറുപ്പക്കാരുടെ കാര്യമോര്‍ത്തപ്പോള്‍.......ഈശ്വരാ ഭഗവാനേ.......കോള്‍മയിര്‍...കൊള്ളുന്നു ഈ ബോധവീണക്കമ്പി പൊട്ടിയോന്‍....!!!

ഇനി ഞാമ്പറഞ്ഞിട്ട് വിശ്വാസമില്ലാത്തവര്‍ക്കായി ഒരു സാമ്പിള്‍ വെടിക്കെട്ട്....!!



ഇതില്‍ എഴുതിക്കാണിക്കുന്ന ഡേറ്റ് തെറ്റാണെന്ന് തോന്നുന്നു.

അല്ല എനിക്കറിയാന്‍ വയ്യാഞ്ഞിട്ട് ..അല്ലെങ്കില്‍ മനസ്സിലാവാഞ്ഞിട്ട് ചോദിക്കുവാ......!! എന്തിനാണ് ഈ കോപ്രായങ്ങള്‍....??? യൂടീവി ബിന്താസില്‍ കാണിക്കുന്ന ദാദാഗിരി തോന്ന്യാസത്തിന്റേയോ സൂപ്പര്‍സ്റ്റഡ് എന്ന പേക്കൂത്തിന്റേയോ ചുവട് പിടിച്ച് ഇങ്ങനെ ഒരു കൂത്ത് കേരളത്തില്‍ നടത്താന്‍ ഏഷ്യാനെറ്റിന് എങ്ങനെ തോന്നി...? സിറ്റികളില്‍ താമസിക്കുന്ന പെണ്മണികളേ നമ്മുടെ നാടിന്റെ ഉള്ളറിയിക്കാന്‍ ഉള്ള ഒരു മഹാ ശ്രമം എന്നൊന്നും പറഞ്ഞു കളയല്ലേ....!!! ഫ്ഹ്ഹ.......എന്ന ഒരാട്ടായിരികും മറുപടി....!! ഇനിയിപ്പോ അങ്ങനെ തന്നെ ആണന്ന് കരുതുക.....!! സിറ്റികളിലേ പെണ്‍കുരുന്നുകള്‍ക്ക് കരുത്ത് പകരാനും യഥാര്‍ത്ഥ ജീവിതമെന്തന്നറിയിക്കാനുമാണെങ്കില്‍ ..എന്തിനിമ്മാതിരി കോപ്രായങ്ങള്‍......!!! നമ്മുടെ ഏതെങ്കിലുമൊരു നാട്ടിലേ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇവറ്റോളേ വിട്ടാന്‍ പോരേ....?? കൊയ്യാനാളില്ലാതെ നശിച്ചു പോകുന്ന കൊയ്ത്ത് പാടങ്ങളിലേക്കിറക്കി വിട്ടാല്‍ പോരേ...!!! , പൊരി വെയിലില്‍ മണ്ണിനോട് മല്ലിടുന്നവനേ സഹായിക്കാന്‍ ഒരു തൂമ്പ കയ്യിലോട്ട് കൊടുത്താല്‍ പോരേ.....!!! , ഒരേ സമയം വീട്ടുകാര്യങ്ങളും, കുട്ടികളുടെ കാര്യങ്ങളും, വീട്ടു പറമ്പിലേ കൃഷിക്കാര്യങ്ങളും, തൊഴുത്തിലേ പശുക്കിടാങ്ങളുടെ കാര്യങ്ങളും നോക്കുന്ന എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന നമ്മുടെ സാദാ വീട്ടമ്മമാരുടെ ഒരു ദിനത്തിലേക്കവരേ വിട്ടാല്‍ പോരേ.....!! ഇനിയുമെത്രയെത്രയോ നല്ല ..നല്ല കാര്യങ്ങള്‍..നമ്മുടെ ഗ്രാമങ്ങളില്‍ നിന്നും ഈ കുട്ടികള്‍ക്ക് ലഭിക്കാനിരിക്കുന്നു..പഠിക്കാന്‍ കിടക്കുന്നു. ഇങ്ങനെയൊക്കെ ചെയ്താല്‍  നമ്മുടെ നാടും നന്നാവും നമ്മുടെ ഈ സിറ്റി കുട്ടികള്‍ ജീവിതവും പഠിക്കും...!!!

ഇനിയതല്ല കുട്ടി നിക്കറുമിട്ട് ആന പാപ്പാനാകാന്‍ പോയ രഞ്ജിനിക്കൊച്ചിനു പിന്‍ ഗാമികളേ തേടിയാണ് ഈ മഹാമഹമെങ്കില്‍.....!!!! , ഇതുങ്ങളുടെ ഇളകിയാട്ടം ടെലിവിഷനിലൂടെ കാണിച്ച് ചെറുപ്പക്കാരുടെ ഹൃദയമിടിപ്പും ഒപ്പം  പ്രോഗ്രാമിന്റെ റേറ്റിംഗുമുയര്‍ത്തി കാശു വാരാനാണ്.... കിരാതന്മാരേ....... നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ .......!!! , ഒന്നറിയുക..... വളര്‍ന്നു വരുന്ന ഒരു യുവത്വത്തിന്റെ കടയ്ക്കലാണ് നിങ്ങള്‍ കത്തി വയ്ക്കുന്നതെന്ന്....!!! ഈ പാപം ഏത് ഗംഗയില്‍ പോയി കഴുകിയാലും നിങ്ങളേ വിട്ടു പോകില്ല........!!!!

ഇനി ഇതിനൊക്കെ ഈ കൊച്ചുങ്ങളേ കെട്ടിയിറക്കുന്ന...എങ്ങനെയും മക്കളേ സെലിബ്രിറ്റികളാകാന്‍ പ്രേരിപ്പിക്കുന്ന മാതാപിതാക്കളെന്ന ഹിജഡകളോട് ഒരു വാക്ക്.....!!!

നിങ്ങളുടെ മുഖത്തേക്ക് ഈ മക്കള്‍ കാര്‍ക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല...!! നിങ്ങളുടെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കായി നിങ്ങള്‍ ബലിയര്‍പ്പിക്കുന്നത് നാളെയുടെ കുരുന്നുകളേയാണ്...!! ഇല്ല നിങ്ങളൊന്നും ഒരു കാലത്തും പഠിക്കില്ല......!! നാടന്‍ ചായ കുടിച്ച് ഓക്കാനം അഭിനയിച്ചു കാണിച്ച് സെലിബ്രിറ്റിയായി തിരിച്ചെത്തുന്ന മകള്‍ മാസ മുറ വരാതെ ശരിക്കും ഓക്കാനിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ പഠിക്കൂ......!!! അല്ല അപ്പോഴും ഇതൊക്കെ വെറും ഗോസിപ്പുകളല്ലേ എന്ന് പുശ്ചിച്ചു തെള്ളുന്നവരോട് പറയാന്‍ ഇത്ര മാത്രം

“നാണം കെട്ടവന്റെ ആസനത്തില്‍ ആല് കിളിര്‍ത്താല്‍ ..അതും ഒരു തണല്‍ ...“

സസ്നേഹം

ഭ്രാന്തനച്ചൂസ്

Tuesday 14 February 2012

പറയൂ .....കുരുന്നുകളോട് എന്തിനീ ക്രൂരത...??

പറയൂ .....കുരുന്നുകളോട് എന്തിനീ ക്രൂരത...??













ളരെയധികം ഞെട്ടലോടെയാണ് ഈ വാര്‍ത്ത ശ്രവിച്ചത്. കുരുന്ന് കുഞ്ഞുങ്ങളേ ശുശ്രൂഷിക്കാന്‍,  അവരേ രോഗ ബാധിതരാക്കാതിരിക്കാന്‍ വേണ്ടി നമ്മള്‍ രക്ഷിതാക്കള്‍ ഉപയോഗിക്കുന്ന പലതും വിഷമയമത്രേ...? പറഞ്ഞ് വന്നത് മറ്റൊന്നിനെയും കുറിച്ചല്ല. പ്രമുഖ ബേബി കെയര്‍ കമ്പനിയായ ജോണ്‍സന്‍ ആന്റ് ജോണ്‍സണ്‍ കമ്പിനിയുടെ പല പ്രോഡക്ടുകളിലും പ്രത്യേകിച്ച് അവരുടെ ബേബി ഓയിലില്‍ ചേര്‍ക്കുന്നത് റിഫൈനറികളില്‍ നിന്നും ലഭിക്കുന്ന ശുദ്ധീകരിക്കാത്ത മണ്ണെണ്ണ....!!! പിഞ്ച് കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ മുഖവും , പുറവും , ചന്തിയുമൊക്കെ പരസ്യമായി കാണിച്ച് ഈ നരാധന്മാര്‍ കോടികള്‍ കൊയ്യുന്നു.

   

 
 

ഈ കള്ളത്തരം കണ്ട് പിടിച്ച് കഴിഞ്ഞപ്പോള്‍...ഞങ്ങളിക്കാര്യം പണ്ടേ പറഞ്ഞിരുന്നതല്ലേ എന്നും പറഞ്ഞ് രക്ഷപെടാന്‍ വേണ്ടിയെന്നോണം കമ്പിനി തങ്ങളുടേ എല്ലാ പ്രോഡക്റ്റുകളിലും ഒരു വാര്‍ണിംഗും കൊടുത്തു. എന്താണെന്നോ..?

“ ഇതില്‍ വിഷകാരികളായ രാസ പദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് ശ്വസിക്കുന്നത് പോലും കുഞ്ഞുങ്ങളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗം വരാനോ അല്ലെങ്കില്‍ മരണം സംഭവിക്കാനോ സാദ്ധ്യതയുണ്ട്. ആയതിനാല്‍ ഇത് കുഞ്ഞുങ്ങളില്‍ നിന്നും അകറ്റി വയ്ക്കുക ”

ഹ ഹ ..കുഞ്ഞുങ്ങളുടെ സംരക്ഷണം മുഖമുദ്രയാക്കിയ ഒരു കമ്പനിയുടെ ഉത്പന്നങ്ങളേ കുറിച്ച് അവര്‍ തന്നെ നല്‍കുന്ന വാര്‍ണിംഗ് നോക്കൂ. എന്തൊരു ഹൃദയ വിശാലതയുള്ളവര്‍ ..!! അവര്‍ തുറന്നു പറഞ്ഞല്ലോ..എന്നാശ്വസിക്കാന്‍ വരട്ടേ..!! മൈക്രോസ്കോപ്പ് വച്ച് നോക്കിയാല്‍ മാത്രം കാണുന്നത്ര ചെറുതായിയാണ് ഈ വാര്‍ണിംഗ് അവരുടെ ഉത്പന്നങ്ങളില്‍ നല്‍കിയിട്ടുള്ളത്.

  

വിശ്വസിക്കാനാവുന്നില്ല അല്ലേ...? അങ്ങനെയുള്ളവര്‍ ഈ വീഡിയോകള്‍ കൂടി ഒന്ന് കണ്ട് നോക്കൂ...!!



വരും തലമുറകളേപ്പോലും ധനസമ്പാദനത്തിനായി കുരുതി കൊടുക്കുന്ന ഇത്തരത്തിലുള്ള രക്തദാഹികളേ എന്ത് ചെയ്യണം ? നിങ്ങള്‍ പറയൂ..?


കുഞ്ഞുങ്ങളുടെ രക്ഷകര്‍ എന്ന പേരിലെത്തുന്ന ഇത് പോലെയുള്ള കുത്തക കമ്പിനികളുടെ കരാള ഹസ്തങ്ങളില്‍ നിന്ന് എന്നാണ് നമ്മള്‍ മോചിതരാകുക. എന്റെ കുഞ്ഞിനേ ജെ & ജെ തേപ്പിച്ച് കുളിപ്പിച്ചതു കൊണ്ടാണ് ഇത്ര നിറം വച്ചത് എന്ന് പൊങ്ങച്ചം പറയാന്‍ ഇനിയും അമ്മമാര്‍ക്ക് നാവ് പൊന്തുമോ..? പൈതൃകമായി നമ്മുക്ക് പകര്‍ന്ന് കിട്ടിയിട്ടുള്ള ആയുര്‍വ്വേദത്തിലേക്ക് പോകാന്‍ ഇനിയും എന്തിനു മടി കാട്ടുന്നു...? നല്ല തേങ്ങാ ആട്ടിയ വെളിച്ചെണ്ണയില്‍ വയമ്പുമിട്ട് വെയിലെത്ത് വച്ച് ചൂടാക്കിയെടുക്കുന്ന കുളിയെണ്ണയോളം ഗുണം വരുമോ മുന്തിയ കുപ്പിയില്‍ വര്‍ണ്ണാഭങ്ങളായ ലേബലുമൊട്ടിച്ച് വരുന്ന വിഷകാരികളായ ബേബീ ഓയില്‍ ഉത്പന്നങ്ങള്‍...!!!!! ഇനിയും സമയം വൈകിയിട്ടില്ല....!! ഇനിയെങ്കിലും മതി മയക്കുന്ന പരസ്യങ്ങളില്‍ വഞ്ചിതരാകാതിരിക്കൂ...!!



തീരുമാനം നിങ്ങളുടേത് മാത്രമാണ്. ചിന്തിക്കൂ...!! ആര്‍ഭാടത്തിന്റേയും പൊങ്ങച്ചത്തിന്റേയും പേരില്‍ നമ്മുടെ പിഞ്ചോമനകളേ മരണക്കയത്തിലേക്ക് തള്ളിയിടണമോ വേണ്ടയോ എന്ന്..!!


സസ്നേഹം
ഭ്രാന്തനച്ചൂസ്







 









 





















Thursday 8 December 2011

തരിക നീയുത്തരം

തരിക നീയുത്തരം


ഇനി വേണ്ട വാഗ്ദാനപ്പെരുമഴകൾ .....!!
ഇനി വേണ്ട പതിരായ പാഴ്വാക്കുകൾ ...!!
ഒടുവീലീ മൺചിറ പൊട്ടിത്തകരുമ്പോൾ ...
ബാക്കിയാവുന്നതൊന്നു മാത്രം....!
വേരറ്റു പോകുന്നതെൻ തലമുറകൾ മാത്രം ......!!!

ജലഭയം തുളുമ്പുന്ന കണ്ണിനാലെന്നുണ്ണി -
ഞെട്ടിപ്പിടഞ്ഞുണാരുന്ന രാത്രികൾ .....!!
സർവ്വവും നശിക്കുമെന്നാധിയുമായിവിടെ -
കളിയില്ലാ .. ചിരിയില്ലാതൊഴിയുന്നു പകലുകൾ ...!!!

മരണം കണി കണ്ടുണരുവാൻ വേണ്ടിയോ
തളർന്നുറങ്ങുന്നുവെൻ താതനും തായും ...!
ജീവിതം നെഞ്ചിലടക്കിപ്പിടിച്ചു കൊണ്ടു -
റങ്ങാതെ യുറങ്ങുമെൻ  പ്രിയ പത്നിയും ...!!

മരണ മണി ശബ്ദം മുഴങ്ങുന്നൊരീ മണ്ണിൽ
മരണം മണക്കുമീ താഴ്വാര ഭൂവിൽ ;
ജീവന്റെ താഴ്വേര് പൊട്ടാതെ കാക്കണേ ..
മധുര മീനാക്ഷി വാഴും തമിഴന്റെ നാടേ ......!!
മലയാള മണ്ണിന്റെ ഹൃദയം തകർത്തു നീ
നേടുന്നതേതൊരു കുരുക്ഷേത്ര വിജയം .....???

ഞെട്ടി വിറക്കല്ലേ വരുന്ധരേ നീ ........!
തട്ടിത്തകർക്കല്ലേ ചോരുമീ ..തടയിണ ....!!
തള്ളിമാറ്റല്ലേ ഞങ്ങളേ നീയിന്ന്.......
അറബിക്കടലിൻ ആഴത്തിലേക്ക് .....!!!

വെട്ടിപ്പിടിക്കുവാനല്ലയീ സമരം ......!
വമ്പു കാട്ടുവാനല്ലയീ പോർവിളി ....!!
ഉയിരറ്റു പോകുമെന്നുൾ ഭയത്താൾ
ഉയരുമീ മുറവിളിയുള്ളിൽ നിന്ന് ....!!

പെരിയാറ്റിൻ കരകളിലുരുകുന്ന ഹൃത്തുമായ്
പ്രാണനിലർപ്പിച്ച പൂജാ വിധിയുമായ് ......
ഉണർത്തേണ്ടതിനിയാരേ ..പറയു നീ തമിഴ് നാടേ...??

ജീവന്റെ രോദനം കേൾക്കാതെ പോകുന്ന
നീതി പീഠങ്ങളേ തരിക നീയുത്തരം .......!!!


ഓടോ :- മുല്ലപ്പെരിയാർ സമര സമിതിയുടേ ചപ്പാത്തിലേ സമരപ്പന്തൽ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഭ്രാന്തന്മാർ നടത്തിയ പ്രതിഷേധത്തിലേ ഒരു  കല്ലേറാണീ കവിത.

രചന :- ഭ്രാന്തനച്ചൂസ് , നിഷാന്ത് പള്ളിപ്പുറം
സംഗീതം : - നിഷാന്ത് പള്ളിപ്പുറം



Monday 28 November 2011

പ്രശ്ന പരിഹാരം ഇതിലൊന്നു മാത്രം....!!

മുല്ലപ്പെരിയാര്‍ പ്രശ്ന പരിഹാരം ഇതിലൊന്നു മാത്രം....!! 
“ഒന്നുകില്‍ പൊളിച്ചു മാറ്റൂ.....അല്ലെങ്കില്‍ ഉടച്ചു വാര്‍ക്കൂ....!!! ”
ഉണരൂ ...... കേരളമേ......ഉണരൂ......!!
ആഴങ്ങളിലേക്കാഴ്ന്നു പോകുന്ന കൈകള്‍ നമ്മുടേതാവാതിരിക്കാന്‍......!!!
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉറക്കം നടിക്കുന്ന രാഷ്ട്രീയക്കോമരങ്ങള്‍ക്കെതിരേ.
...!!കേരളത്തിന്റെ ആശങ്കയേ അവജ്ഞയോടെ വീക്ഷിക്കുന്ന തമിഴ് നാടിന്റെ അഹങ്കാരത്തിനെതിരേ.............!!
തമിഴ് നാട്ടിലേ വോട്ട് ബാങ്കില്‍ മാത്രം ചിന്താകുലരായി മൌനവൃതമാചരിക്കുന്ന കേന്ദ്രത്തിനെതിരേ..........!! 
ഒരു കൂട്ടം ഭ്രാന്തന്മാര്‍ 2011 ഡിസംബര്‍ 8- ന് ഉപവസിച്ച് കരിദിനമാചരിച്ചു കൊണ്ട് പ്രതികരിക്കുന്നു.
അന്നേ ദിവസം ഞങ്ങളോടൊപ്പം ഈ പ്രതിഷേധത്തില്‍ പങ്ക് ചേരാന്‍ ലോകത്തുള്ള എല്ലാ മലയാളികളോടും അപേക്ഷിക്കുന്നു. 
നമ്മുടെ നാടിനു വേണ്ടി .....നാട്ടുകാര്‍ക്ക് വേണ്ടി ഒരു നേരത്തേ ഭക്ഷണം ഉപേക്ഷിച്ച്..കറുത്ത ബാഡ്ജോ , വസ്ത്രങ്ങളോ ധരിച്ച് സമാധാനപരമായി നമ്മുടെ പ്രതിഷേധം നമ്മുക്ക് അറിയിക്കാം.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ....ജോലി സ്ഥലങ്ങളില്‍ ..... വീടുകളില്‍ എവിടെ വച്ചു വേണമെങ്കിലും നിങ്ങള്‍ക്ക് ഞങ്ങളൊടൊപ്പം അണി ചേരാം.

ജീവിതം മുഴുവന്‍ കരിനിഴലിലാണ്ട് പോകാതിരിക്കാന്‍.....നമ്മുക്ക് ഒന്നു ചേരാം....!!


കരിദിനം - ഡിസംബര്‍ 08

08th DECEMBER 2011 - BLACK DAY

Friday 25 November 2011

ചോര മണക്കുന്ന പിറന്നാളാഘോഷം ....!!!

ചോര മണക്കുന്ന പിറന്നാളാഘോഷം ....!!!


അതേ ആ ചോര മണക്കുന്ന ഓര്‍മ്മകള്‍ക്കിത് മൂന്നാം പിറന്നാള്‍ ...!! ഈ വരുന്ന 26-ന് ആ ഓര്‍മ്മകള്‍ക്ക് മൂന്ന് വയസ്സ് പൂര്‍ത്തിയാകും..!!

എന്തേ.. എല്ലാവരും മറന്നു പോയോ ഞങ്ങളുടെ പിറന്നാള്‍ ....???


ചിതറിത്തെറിച്ച ശരീരങ്ങളും.....തളം കെട്ടി കിടന്നിരുന്ന ചോരച്ചാലുകളും ഇത്ര വേഗം ഓര്‍മ്മകളില്‍ നിന്നടര്‍ന്ന് പോയോ.....???
നിങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച...മേജര്‍ സന്ദീപിനേയും , ഹേമന്ദ് കര്‍ക്കറേയും പോലുള്ള ധീരന്മാരേയും മറന്നുവോ നിങ്ങള്‍ ....???

കാലത്തിന്റെ കുത്തൊഴുക്കില്‍ മായ്ക്കപ്പെടാത്തതൊന്നുമില്ലല്ലോ അല്ലേ.....??

മറന്നോളൂ.....ഒന്നും കാണാതിരിക്കാന്‍ കണ്ണ് മൂടിക്കെട്ടിക്കോളൂ........... എങ്കിലും അല്പമെങ്കിലും ആണത്തം ബാക്കിയുണ്ടെങ്കില്‍ ......പെറ്റനാടിനോടിത്തിരി മമതയുണ്ടെങ്കില്‍ ഒന്നാലോചിച്ചു നോക്കൂ........!!

ഇനിയും തീറ്റിപ്പോറ്റണോ....ഈ നരാധമനേ......????ഇനിയും ഇവനു വേണ്ടി കോടികള്‍ ചിലവഴിക്കണോ...???


















ഇതൊക്കെ നിങ്ങളോട് പറഞ്ഞിട്ടെന്ത് കാര്യം...?? 

തെറ്റ് ഞങ്ങളുടേതാണ്.....ഞങ്ങളിലൊരുവന്റേതാണ് ...!! അവസാന ശ്വാസം നിലക്കുന്നതിനു മുന്‍പ് ഒരു ബുള്ളറ്റ് ഇവന്റെ തലയിലേക്ക് പായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയാതെ പോയി.....!!! ആ കര്‍മ്മം ചെയ്യാന്‍ ഞങ്ങള്‍ക്ക് പിറകേ ഇനിയും ആളുണ്ടെന്ന് കരുതി ബാക്കി വച്ചത് ഞങ്ങളുടെ തെറ്റ്.......!!!! മാപ്പ് നല്‍കിയാലും....!!!

#####################################################################################

പ്രിയമുള്ളവരേ.......

നിങ്ങളില്‍ ഇനിയും തലച്ചോറില്‍ അള്‍ഷിമേര്‍സ് ബാധിക്കാത്തവരുണ്ടെങ്കില്‍ ..........ഈ ദിനം മറക്കാതിരിക്കുക...!!!













  ചെയ്തികള്‍ മറക്കാതിരിക്കുക......!!!

ഇത് മറന്നു പോയവരേ ഒന്ന് ഓര്‍മ്മപ്പെടുത്തുക....!!! എന്നിട്ട് അവരോടൊപ്പം ഒറ്റക്കെട്ടായി ആര്‍ത്തലച്ച് പറയൂ........!!

“വീ വില്‍ നോട്ട് ഫൊര്‍ഗെറ്റ് ”















ആ ദിനത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച 166 പേരുടെയും ആത്മാക്കള്‍ക്ക് ജഗദീശ്വരന്‍ നിത്യശാന്തി നല്‍കട്ടേയെന്ന പ്രാര്‍ത്ഥനയുമായി നമ്മുക്കും തെളിയിക്കാം ഒരു അണയാത്ത ദീപം......!!!!















വന്ദേ.... മാതരം.......!!! ഭാരത് മാതാ കീ ...........ജയ്......!!!!!!!!!


സസ്നേഹം
ഭ്രാന്തനച്ചൂസ്

Tuesday 22 November 2011

മരണ മണി മുഴങ്ങുന്നു....!!!

മരണ മണി മുഴങ്ങുന്നു....!!!


മരണം വാതിക്കലൊരു നാള്‍ .......
മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ......!!!


പ്രേമനൈരാശ്യം മൂലം ആത്മഹത്യ മുന്നില്‍ കണ്ട് പാടിയതൊന്നുമല്ല കേട്ടോ...!! ഈയിടയായി ഒരു കൂട്ട മരണത്തിന്റെ കൊലവിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു.... !!! ഇതൊരു വെറും മരണ മണിയുടെ മുഴക്കമല്ല.........!!! വരാന്‍ പോകുന്ന ഒരു സംഹാര താണ്ഡവത്തിന്റെ ഹുങ്കാരമാണത് ....!!!!

അതേ....എപ്പോഴും മനസ്സിനേ വിറങ്ങലിപ്പിക്കുന്ന ആ ചുഴിയിളക്കങ്ങളുടെ ഹുങ്കാരം മറ്റെവിടെയും നിന്നല്ല....!!!

“ മരണ മണി മുഴക്കുന്ന മുല്ലപ്പെരിയാറില്‍ നിന്നു തന്നെ....!!! ”
















ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ....ആ ഭയാനക ശബ്ദം....!!! മരണത്തിന്റെ തണുപ്പ് മെല്ലെ..മെല്ലെ സിരകളിലേക്കരിച്ചു കയറുന്നില്ലേ........??

ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്....!! അനുഭവിച്ചോളൂ.....!!!!

എവിടാണ് മുല്ലപ്പെരിയാര്‍ ഡാം...?? എന്താണവിടുത്തേ ഇത്ര ഭീകരമായ പ്രശ്നം....??? ഇതൊക്കെ അറിയാവുന്ന എത്ര മലയാളികള്‍ ഉണ്ട് നമ്മുക്കിടയില്‍ ....??? ഇതെഴുതുന്നതിനിടയില്‍ ഫോണില്‍ വിളിച്ച ഈയുള്ളവന്റെ ഭൈമി പോലും ചോദിച്ചു “ മുല്ലപ്പെരിയാര്‍ ഡാമോ..? അതങ്ങ് തമിഴ് നാട്ടിലല്ലേ...?? ”

ചിരിക്കാന്‍ വരട്ടേ....!! അഭ്യസ്ത വിദ്യരെന്നഭിമാനിക്കുന്ന മോഡേണ്‍ മലയാളികളില്‍ മിക്കവര്‍ക്കും അറിയില്ലാത്ത കാര്യമാണത്. അല്ലെങ്കില്‍ അറിയാമെങ്കില്‍ കൂടി ബോധപൂര്‍വ്വം മറന്നു കളയുന്ന ഒരു മഹാ വിപത്ത്....!!!

എവിടാണ് മുല്ലപ്പെരിയാര്‍ ഡാം....??

കേരളത്തിലെ ഇടുക്കി ജില്ലയിൽ, കേരളത്തിലേ 44 നദികളിലും ഏറ്റവും ഉപയോഗപ്രദമായ..കേരളത്തിന്റെ ജീവരേഖയെന്നറിയപ്പെടുന്ന പെരിയാർ നദിക്ക് കുറുകേ പണി കഴിപ്പിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണിത് . തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.

ഇനിയൊരല്പം ഫ്ലാഷ് ബാക്ക്....!!

നൂറ്റാണ്ടിന്റെ പഴക്കമുള്ള സത്യം...!! 1867 - ല്‍ പണി തുടങ്ങി 1895 - ല്‍ ഉപയോഗത്തിനായി തുറന്നു കൊടുത്ത ഈ തടയണയുടെ കഥയ്ക്ക് പിന്നില്‍ ഒരു ചതിയുടെയും കഥ ഒളിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടില്‍ ഉണ്ടായിരുന്ന സായിപ്പുമാര്‍ക്കും നാട്ടു ശിങ്കിടികള്‍ക്കും നന്നേ ജലക്ഷാമം നേരിടുന്ന സമയം. വെളിക്കിറങ്ങിയാല്‍ കഴുകാന്‍ പോയിട്ട് (സായപ്പിന്മാര്‍ക്കതിന്റെ ആവശ്യമില്ല) ഒരു തുള്ളി കുടിക്കാന്‍ പോലും വെള്ളമില്ലാത്തത്ര വരള്‍ച്ച..!! ഈ സമയത്ത് ഇങ്ങ് അന്നത്തേ കേരളമായിരുന്ന തിരുവതാംകൂറിന്റെ കീഴിലായിരുന്ന പെരിയാറ്റിലോ.... ?? കര കവിഞ്ഞൊഴുകുന്ന വെള്ളവും...!! ഈ പെരിയാറ്റില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ പല പദ്ധതികളും ബ്രിട്ടീഷ് മേധാവികളും ..തമിഴ് നാട്ടുരാജാക്കന്മാരും ഉദ്ദേശിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഒടുവിൽ പെരിയാറ്റിനു കുറുകേ ഒരു അണ കെട്ടി നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.

എന്നാല്‍ പെരിയാര്‍ കേരളത്തിലായതിനാല്‍ പദ്ധതിയനുസരിച്ച് തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. എന്നാല്‍ ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ലോകത്തെങ്ങും കേട്ടു കേഴ്വി പോലുമില്ലാത്ത 999 വര്‍ഷത്തേ പാട്ട ഉടമ്പടിയിൽ ഒപ്പു വെപ്പിച്ചു. “എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് ”എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

ഒരു പക്ഷേ മടിയന്മാരായ മലയാളികള്‍ ഭാവിയില്‍ ഉണ്ണാനുമുടുക്കാനും തമിഴ് നാടിനേ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം ദീര്‍ഘ വീക്ഷണം നടത്തിയിട്ടുണ്ടാവാം..!! അങ്ങനെ വന്നാല്‍ മലയാളിക്ക് ഭാവിയില്‍ ഉണ്ണാന്‍ കൊടുക്കുന്നവനോടുള്ള ദീനാനുകമ്പയുമാവാം “ കൊണ്ട് പോയി പാവങ്ങള്‍ കൃഷി നടത്തിക്കോട്ടേ ” എന്നദ്ദേഹം ഉടമ്പടിക്ക് ശേഷം സ്വയം മനസ്സിൽ കരുതി ആശ്വസിച്ചത്.

ഈ അണക്കെട്ട് പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യൂക്ക് പോലും ഇതിന് 50 വര്‍ഷത്തേ കാലാവധിയേ പറഞ്ഞിരുന്നുള്ളൂ. അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ ഈ അണക്കെട്ട് കാലപ്പഴക്കം ചെന്നിരുന്നു എന്നര്‍ത്ഥം...!!
ഇനി നമ്മുക്ക് ഇന്നിലേക്ക് തിരിച്ചു വരാം....!!

ഇന്ത്യ സ്വതന്ത്യയായതിനു ശേഷം മാറി മാറി ഭരിച്ച ഭരണ കൂടങ്ങളൊന്നും ഈ വിപത്തിനേ കാര്യമായി ഗൌനിച്ചില്ല. ഇടയ്ക്ക് പൊങ്ങിയ ചില ആശങ്കകള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ മുങ്ങിപ്പോയി. 2000 -ല്‍ ഡാമിന്റെ സമീപ പ്രദേശത്ത് നടന്ന ഒരു ഭൂമികുലുക്കം ഈ ഡാമിനേക്കുറിച്ചുള്ള ആശങ്കകളേയും കുലുക്കി. പുതിയ ഡാമുണ്ടാക്കാം എന്ന് കേരളം തീരുമാനമെടുത്തപ്പോഴാണ് തമിഴ് നാടിന്റെ ശരിക്കുമുള്ള നിറം പുറത്തായത്. പുതിയ ഡാം വന്നാല്‍ ..പുതിയ..കരാർ വേണ്ടി വരും..അവിടേയ്ക്കുള്ള ജല ലഭ്യത കുറയും....അങ്ങനെ പല പല കാരണങ്ങള്‍ ....അവര്‍ക്ക് ആ പദ്ധതിയേ തുരങ്കം വയ്ക്കാന്‍ പ്രചോദനമായി.കരാറു തുക കൂട്ടി കൊടുത്തും ...മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരിനേ വോട്ട് ബാങ്ക് കാട്ടി കോതിപ്പിച്ചും ..പേടിപ്പിച്ചും തമിഴ് നാട്ടിലേ തലൈവിരും..തലൈവന്മാരും പുതിയ ഡാമെന്നത് ഒരു സങ്കല്പമാക്കി മാറ്റിക്കൊണ്ടിരുന്നു....ഇന്നും മാറ്റിക്കൊണ്ടിരിക്കുന്നു...!!

ഇനി ഇതിലേ വിപത്ത് എന്ത്...??


50 വര്‍ഷത്തേ കാലാവധി മാത്രം പറഞ്ഞ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാൻ ...!!

അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജല ബോംബ്...!!!

വിശ്വസിക്കാനാവുന്നില്ല അല്ലേ.........!! എന്നാലൊന്നു കൂടെ കേട്ടോളൂ....!!

ഇത് തകര്‍ന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ഡാമിന്റെ കീഴ് പ്രദേശങ്ങളിലുള്ള ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ , എറണാകുളം എന്നിവ അറബിക്കടലിലെത്തും.....!!! ഒരു തരി പോലും അവശേഷിപ്പിക്കാതെ ..ചോറുണ്ട് കൈ കഴുകുന്ന ലാഘവത്തില്‍ മൊത്തത്തിൽ ഒരു ക്ലീൻ വാഷ് ഔട്ട്......!!!!!!

ഇത് എത്രത്തോളം ഭയാനകമായ വിപത്താണെന്നറിയുവാന്‍ ഈ വീഡിയോ ചിത്രങ്ങളിലേക്ക് ഒന്ന് ശ്രദ്ധിക്കൂ...!!

ഇംഗ്ലീഷിലുള്ള വീഡിയോ കാണാം




 മലയാളത്തിലുള്ള വീഡിയോ കാണാം





മറ്റൊരു നിരാശാജനകമായ കാര്യം....സന്തോഷ് പണ്ഡിറ്റുമാരുടെയും പൂനം പാണ്ഡേമാരുടേയും വീഡിയോകളും സിനിമകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഷെയര്‍ ചെയ്ത ആഘോഷങ്ങളാക്കി മാറ്റുന്ന നമ്മുടെ സമൂഹം ഈ വിപത്തിനേക്കുറിച്ചുള്ള അറിവുകള്‍ ബോധപൂര്‍വ്വമോ....അബോധപൂര്‍വ്വമോ മറന്നു കളയുന്നു....!!!
 
സമൂഹ നന്മയ്ക്കായ് പ്രവൃത്തിക്കേണ്ട മാധ്യമങ്ങള്‍ പോലും പണ്ഡിറ്റുമാരേ വാഴ്ത്തപ്പെട്ടവനാക്കാന്‍ മത്സരിച്ച് ഷോകള്‍ നടത്തുന്നു. ഈ വിപത്തിനേക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ അവര്‍ക്കും സമയമില്ല....!! അല്ല ....അവരേ പറഞ്ഞിട്ടും കാര്യമില്ല.....!! കുങ്കുമപ്പൂവ് സീരയലിലേ നടിയുടുത്ത സാരിയുടെ പാറ്റേണും ഫാഷനും എവിടെ നിന്നെന്ന് അന്വേഷിക്കാനാണ് ജനത്തിനും താല്പര്യം...!!! ജനത്തിനിഷ്ടമുള്ളത് കാണിച്ച് കാശുണ്ടാക്കാന്‍ അവരും മത്സരിക്കുന്നു....!! ദീപ സ്തംഭം മഹാശ്ചൈര്യം....നമ്മുക്കും കിട്ടണം പണം....!!!!!

മുകളില്‍ കൊടുത്ത വീഡിയോ കണ്ടിട്ടും മനസ്സിലാവാത്തവര്‍ക്കായി ഇതാ ഷാര്‍ജയിലുള്ള ഒരു പ്രവാസി മലയാളിയുടെ വര്‍ഷങ്ങളുടെ ശ്രമ ഫലമായി ഈ വിപത്തിനേ ബേസ് ചെയ്ത് ഒരു ചലച്ചിത്രം വരുന്നു. അതേ... DAM 999 എന്ന ഇംഗ്ലീഷ് ചിത്രം...!!!





















പ്രവാസ മലയാളിയായ സോഹന്‍ റോയ് എന്ന ചെറുപ്പക്കാരനാണ് ഈ 3D വിസ്മയം നമ്മുക്കായി അണിയിച്ചൊരുക്കുന്നത്.ഈ മാസം (നവംബര്‍ ) 24 ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും). ചിത്രത്തിന്റെ പേരു പറഞ്ഞ്പ്പോള്‍ ചിലക്കൊക്കെ ഒരു കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നു കാണും “ നമ്മുടെ തിലകന്‍ ചേട്ടന്‍ ഈ ഇംഗ്ലീഷ് ചിത്രത്തിലഭിനക്കുന്നതിനാണ് അഡ്വാസ് കിട്ടിയത് ”. ചില അമ്മമാരുടേയും അമ്മാവന്മാരുടെയും പടലപ്പിണക്കം മൂലം അതെന്തായാലും സ്വാഹ: ആയി.

2012 - ല്‍ ലോകമവസാനിക്കാന്‍ പോണൂ എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് സിനിമയിറങ്ങിയപ്പോള്‍ മാത്രം ദേവാലയത്തില്‍ പോകാനും ....ഇനിയെന്ത് എന്ന് ചിന്തിക്കാനും തുടങ്ങിയ നമ്മളില്‍ ചിലര്‍ക്ക് ഇതൊരു ഉണര്‍ത്തു പാട്ടാകാം....!!! ഒപ്പം നമ്മളേപ്പോലെ ഉറക്കം തൂങ്ങുന്ന നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇതൊരു ഉണര്‍ത്തു പാട്ടും.. മുന്നറിയിപ്പുമൊക്കെ ആവട്ടേ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യാം..!!!

അല്ലെങ്കിലും സായിപ്പു പറയുന്നതാണല്ലോ നമ്മുടെ തമ്പുരാക്കന്മാര്‍ക്ക് വേദ വാക്യം..!!! ഇത് പറയുന്നത് സായിപ്പല്ലെങ്കിലും....പറച്ചില്‍ സായിപ്പിന്റെ ഭാഷയിലായതു കൊണ്ട് ഒരു ചെറിയ പ്രതീക്ഷ.....!!!!

എന്തിന്റെ പേരിലായാലും ഇതില്‍ രാഷ്ടീയ നാടകം കളിക്കുന്ന...ചര്‍ച്ചകളുടെ പുറത്ത് ചര്‍ച്ചകള്‍ നടത്തി കാലം കഴിച്ച് സായൂജ്യമടയുന്ന സംസ്ഥാന /കേന്ദ്ര സര്‍ക്കാരുകളേ......., ഈ വാര്‍ത്ത ലോകത്തിനു മുന്‍പിലെത്തിക്കാന്‍ നാണിക്കുന്ന മാധ്യമ..സാമൂഹിക പ്രവര്‍ത്തകരേ.....നിങ്ങൾ പള്ളിയുറക്കമുണര്‍ന്ന് വരുമ്പോഴേയ്ക്കും ഈ ജല ബോംബ് പൊട്ടിയാല്‍ ........!!!

പിറ്റേ ദിവസം ശവക്കൂമ്പാരങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് കാട്ടി ചിത്രമെടുക്കാനും..ആ വാര്‍ത്ത ലോകത്തേ അറിയിക്കാനും ആരും മെനക്കടണമെന്നില്ല....!!! ചീഞ്ഞളിഞ്ഞ് കഴുകന്മാര്‍ കൊത്തി വലിക്കട്ടേ ഞങ്ങളുടെ ശവശരീരങ്ങളേ........!!!! എങ്കിലും തൊട്ടു പോകരുത് ഒറ്റെയെണ്ണം ഞങ്ങളേ....!! അങ്ങനെ നിങ്ങള്‍ ചെയ്താല്‍ ഞങ്ങളുടെ ഒന്നും ആത്മാവിനു പോലും ശാന്തി കിട്ടില്ല....!!!!

ശുംഭനെന്നു വിളിച്ചെന്ന പേരില്‍ .... കുറ്റവാളികള്‍ക്കെതിരേ അതിവേഗം നിയമം നടപ്പാക്കുന്ന നീതിന്യായ പീഠങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും പഠനം നടത്തി ..നടത്തി ഞങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കലരിയിടാനുള്ള തീരുമാനത്തിലാണോ...? ദയവു ചെയ്ത് എന്തിന്റെ പേരിലുള്ളതായാലും ഇക്കാര്യത്തിലേ മെല്ലപ്പോക്ക് നയം അവസാനിപ്പിച്ചു കൂടേ...??

മുല്ലപ്പെരിയാര്‍ മറ്റൊരു മോര്‍വ്വി ആവാതിരിക്കാന്‍ ആഘോരാത്രം പരിശ്രമിക്കുന്ന മുല്ലപ്പെരിയാര്‍ അജിറ്റേഷന്‍ കൌണ്‍സില്‍ ലീഡര്‍ ശ്രീ. ഷാജി പി ജോസഫിനും കൂട്ടാളികള്‍ക്കും , ഈ വിപത്ത് ഒരു സിനിമയിലൂടെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ശ്രീ സോഹന്‍ റോയ്ക്കും കൂട്ടാളികള്‍ക്കും....അതേ പോലെ ഈ വിപത്തിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ നാനാ തുറയിലുമുള്ളവര്‍ക്കും ഭ്രാന്തനച്ചൂസിന്റെ അഭിവാദ്യങ്ങളും നന്ദിയും അറിയിച്ചു കൊള്ളുന്നു. നമ്മളോടൊപ്പം കൈ കോര്‍ക്കാന്‍ ഓരോ മലയാളിയും ഉറക്കമുണരട്ടേ എന്ന പ്രാര്‍ത്ഥനയോടെ.......!!!

സസ്നേഹം
ഭ്രാന്തനച്ചൂസ്


ഓടോ:- ഈ ലേഖനം വായിച്ച് ഒരാളെങ്കിലും ഈ വീഡിയോകളോ വാര്‍ത്തയോ ഷെയര്‍ ചെയ്താല്‍ ......ഈ വിപത്തിനെതിരേ എന്റെ കല്ലെറിയല്‍ പാഴായിപ്പോയില്ല എന്ന് അഭിമാനിക്കും ഞാന്‍....!!

Thursday 17 November 2011

മാപ്പു നല്‍കൂ.... മലയാള ഭാഷേ.....!!!!

മലയാള ഭാഷേ.....ക്ഷമിച്ചാലും..!!!


മലയാളിക്കായ് മലയാളികളുടെ ..ഇന്ത്യയിലേ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള (എന്റെ അവകാശവാദമല്ല കേട്ടോ) ഒരു ദിനപത്രത്തിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഇന്ന് ഉച്ചക്ക് മുന്‍ പേജില്‍ വന്ന ഒരു വാര്‍ത്തയാണ് എന്റെ ഈ ക്ഷമാപണത്തിനാധാരം....!!!

കാര്യമെന്തെന്നല്ലേ......?? ദാ ആദ്യം ഒന്ന് കണ്ട് നോക്ക്....!!















ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ.....?

ഇല്ല...മനസ്സിലായില്ലാ.....??? ശ്ശേ.....എന്നാ ഇനി ഇപ്പോഴും മനസ്സിലായിട്ടില്ലാത്തവര്‍ക്കായി ഞാനങ്ങ് പറയാം..!

2003 ലേ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അന്നത്തേ മന്ത്രി എം എ ബേബി ഒരു ഇടപെടലും നടത്തിയിട്ടില്ല എന്നാണ് വാര്‍ത്ത. എന്നാല്‍ മനോരമയുടെ ഈ തലക്കെട്ട് വായിക്കുന്നവര്‍ക്കെന്താ തോന്നുക...അല്ലെങ്കില്‍ മനസ്സിലാകുക....???
“അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെട്ടിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” -

അതായത് നമ്മുടെ ബേബിച്ചായന്റെ -------------- ഇടപെട്ടിട്ടില്ല എന്ന്. ------- (ഡാഷ്) എന്നുള്ളയിടത്ത് നിങ്ങള്‍ക്കാവശ്യമുള്ളവ ചേര്‍ക്കാം. തല, കൈ,കാല്‍, കോല്‍..... അങ്ങനെ..യങ്ങനെയെന്തും ചേര്‍ത്ത് നമ്മുക്ക് വായന പൂര്‍ണ്ണമാക്കാം....!!!! കഷ്ടം നമ്മുടെ ഒരു ഗതികേട്.....!!

ഇത്തരം പദ പ്രയോഗങ്ങള്‍ക്ക് പകരം
“അവാര്‍ഡ്:- എം എ ബേബിയുടെ യാതൊരു ഇടപെടലുമില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” - ഇങ്ങെനെയോ.....അല്ലെങ്കില്‍
“അവാര്‍ഡ്:- എം എ ബേബിയുടെ ഇടപെടലില്ലെന്ന് ചലച്ചിത്ര അക്കാദമി മുന്‍ സെക്രട്ടറി ” എന്നോ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ....???
ഇതിനിപ്പോ എന്താണിത്ര പരിഹസിക്കാന്‍ എന്നല്ലേ...? ഇത് വല്ല കൊച്ച് പിള്ളേരോ മറ്റോ ആയിരുന്നേല്‍ നമ്മുക്ക് പോട്ടെന്ന് വയ്ക്കാം. ഇല്ലേല്‍ പറഞ്ഞു കൊടുക്കാം....!! ഇത് മലയാള ഭാഷയുടെ വക്താക്കള്‍ എന്നവകാശപ്പെടുന്ന ഒരു പ്രമുഖ പത്രത്തിന്റെ മുന്‍പേജില്‍ ഇത്യാദി വധശ്രമങ്ങള്‍ മലയാള ഭാഷയേ ചെയ്യുന്നത് കാണുമ്പോള്‍..................ഭ്രാന്തനും എന്തോ തികട്ടുന്നു....!!!!!!

ഇതിനൊക്കെ ഉത്തരവാദിയായ സബ് ഏഡിറ്റര്‍.അത് അവനോ / അവളോ ആരായാലും....ചാണകത്തില്‍ മുക്കിയ ചൂലു കൊണ്ടടിച്ച് ആ അക്ഷരപ്പുരയില്‍ നിന്ന് പുറത്താക്കുക. ഇത്ര ഉത്തരവാദമില്ലാതെ ഒരു വാര്‍ത്തയും പത്രത്തിന്റെ പൂമുഖത്ത് വരുന്നത് മനോരമയ്ക്കും, മലയാളിക്കും, മലയാള ഭാഷയ്ക്കും അഭികാമ്യമല്ല.

ഇത്തരത്തില്‍ മലയാള ഭാഷയേ ആ എഡിറ്റര്‍ കൊല്ലാന്‍ ശ്രമിച്ചതിനാണ് മലയാള ഭാഷാ ദേവിയോട് എന്റെ ക്ഷമാപണം (അവന്മാരോ പറയില്ല..ഞാനെങ്കിലും പറഞ്ഞേക്കാം) . ഇപ്പോള്‍ പിടി കിട്ടിയോ കൂട്ടുകാരേ......

സസ്നേഹം
ഭ്രാന്തനച്ചൂസ്

Tuesday 8 November 2011

അച്ഛന്റെ കണ്മണിക്ക്.....!!!!

















അച്ഛന്റെ കണ്മണിക്ക്.....!!!!


മകനേ നിന്നമ്മ തൻ ഉദരത്തിലൊരു -
കൊച്ച് തുടിപ്പായ് നീ രൂപമെടുത്തപ്പോൾ
ആനന്ദത്താല്‍ തുടികൊട്ടിയെന്നുള്ളം
നിന്നേയെതിരേല്‍ക്കാനായി വെമ്പല്‍ കൊണ്ടൂ...!!

നിൻ വളര്‍ച്ചയിൻ ഘട്ടങ്ങളിലമ്മ തൻ
വയറ്റില്‍ ചെവിയോർത്ത് നിന്നെ ഞാനറിഞ്ഞു.
എൻ സാമീപ്യത്താൽ തുടിച്ചു മദിക്കും
നിൻ സ്നേഹം ഞാനേറെയാസ്വദിച്ചു...!!

ശുഭ്രവസ്ത്രയാം ജീവന്റെ മാലാഖ
വെള്ളയുടുപ്പിട്ട നിന്നേയെൻ കൈകളില്‍
നൽകിയപ്പോള്‍ അറിഞ്ഞു ഞാൻ..
രക്തത്തിനു രക്തത്തിനോടുള്ളാത്മബന്ധം ..!!

പിഞ്ചു കൈകളുയര്‍ത്തി നീയെൻ
മുഖമതില്‍ തൊട്ടപ്പോൾ.....,
കുഞ്ഞിളം മോണ കാട്ടിച്ചിരിച്ചപ്പോള്‍ ...
സന്തോഷത്താലെന്‍ ഹൃദയം തുടിച്ചു...!!

നിറയുമാവേശത്താല്‍ വിളിച്ച് കൂവണമെന്നുള്ളം -
കൊതിച്ചപ്പോൾ..., ഹൃദയത്തിന്നടിത്തട്ടിൽ
നിന്നുയരുമൊരേങ്ങലായ്.., കണ്ണിൽ നിറയുമാ-
നന്ധാശ്രുവുമായ് മാറോടടുക്കി ഞാനേകി.....

അച്ഛന്റെ കണ്മണിയ്ക്കായിരം പൊന്നുമ്മ.....!!!!!!

Sunday 30 October 2011

സെലി.....ബ്രിറ്റി....ആവാനുള്ള പെടാപ്പാടുകൾ ......!!!

അറിയിപ്പ് - 
18 - ല്‍ താഴെ പ്രായമുള്ളവർ , ഹൃദ് രോഗമുള്ളവര്‍ , ആക്രാന്തം മൂത്ത ഞരമ്പ് രോഗികൾ‍.. തുടങ്ങിയവര്‍ ഇത് വായിക്കരുത്.... പ്ലീസ്......!!!!


സെലി.....ബ്രിറ്റി....ആവാനുള്ള പെടാപ്പാടുകൾ ......!!!

മുത്തശ്ശീ....ദേ...പാണ്ഡേ........!!!!!!

ടിവി കണ്ടു കൊണ്ടിരുന്ന കൊച്ചുമകന്റെ ആവേശത്തോടെയുള്ള പറച്ചില്‍ കേട്ട്......70 കഴിഞ്ഞ മുത്തശ്ശി തന്റെ കണ്ണട തപ്പിയെടുത്ത് ഭക്തി പൂര്‍വ്വം ടിവിയിലേക്ക് നോക്കി.......ഒന്നേ നോക്കിയുള്ളൂ....കണ്ണട വലിച്ചറിഞ്ഞ് ആ പാവം ക്രോധത്താല്‍ അലറി...ഇതാണോടാ പാണ്ഡു........?? പഞ്ചപാണ്ഡവരുടെ അച്ഛന്‍ പാണ്ഡൂ.....??? ആദ്യം ഒന്നമ്പരന്ന കൊച്ചുമകന്‍ മുത്തശ്ശിയുടെ താഴെ വീണ കണ്ണട എടുത്ത് കൊടുത്ത് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു... “എന്റെ മുത്തശ്ശീ പാണ്ഡവന്മാരുടെ അച്ഛന്‍ പാണ്ഡുവിന്റെ കാര്യമല്ല. ഇത് പാണ്ഡേ......താരങ്ങളില്‍ ..താരം പൂനം പാണ്ഡേ.......!!!!! ”മുമ്പ് കണ്ട ദൃശ്യങ്ങളുടെ ഹാങ്ങോവറില്‍ നിന്ന് മുക്തയാവാത്തതിനാലാവണം.....ആ മുത്തശ്ശി..വേറുപ്പോടെ മുഖം തിരിച്ചു....!!!

ഞാനെന്താ പുരാണ സീരിയലിന്റെ കഥ പറയാൻ പോവാണേന്ന് കരുതിയോ.....?? ഹേയ് അല്ല......!!!!

ആരാണ് ഈ പൂനം പാണ്ഡേ.....????

എന്തായാലും ചരിത്രത്തിലൊന്നും കേട്ടിട്ടില്ല ഇങ്ങനെ ഒരു പേര്....!! ഇനി ചരിത്ര പുരുഷന്‍ മംഗല്‍ പാണ്ഡേ യുടെ വകയിലേതെങ്കിലും.......? ഹേയ്.....ആ നല്ല മനുഷ്യന് ഈ ജാതി ബന്ധുക്കളോന്നും ഉണ്ടാവാന്‍ വഴിയില്ല. പിന്നാര്.....?????

പണ്ടാരത്തിന്റെ....ശ്ശോ....നാക്കുടക്കി..... പാണ്ഡേയുടെ ചരിത്രം പഠിക്കാന്‍ നമ്മള്‍ ഏറെ താളുകള്‍ പുറകോട്ട് മറിക്കേണ്ട. ഈ വര്‍ഷത്തേ കലണ്ടറിലേ കഴിഞ്ഞു പോയ കുറേ മാസങ്ങളുടെ പേജുകള്‍ മാത്രം മറിച്ചാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ നമ്മുടെ പ്രിയ ക്രിക്കറ്റ് താരങ്ങള്‍ ലോകകപ്പ് കളിക്കാനൊരുങ്ങുമ്പോഴാണ് ഈ പാണ്ഡേയ്ക്ക് സെലി..ബ്രിറ്റി..യായാല്‍ കൊള്ളാം എന്ന തോന്നല്‍ മണ്ടയിലുദിച്ചത്. ഒട്ടും താമസിച്ചില്ല. ട്വിറ്ററില്‍ ഒറ്റ ട്വീറ്റ്........ “ ഇന്ത്യ വേള്‍ഡ് കപ്പുയര്‍ത്തിയാല്‍.....സ്റ്റേഡിയത്തില്‍ താന്‍ തുണിയുയര്‍ത്തുമെന്ന്...ശ്ശേ..തുണി അഴിക്കുമെന്ന്. എന്തായാലും ആ ട്വീറ്റ് ഒരു ബോബു പോലെ പൊട്ടി...!! കേട്ടവര്‍ ..കേട്ടവര്‍ ഞെട്ടി.....!!! ” അവരും ചോദിച്ചു . ആരാണീ പാണ്ഡേ...?? ഇനി ക്രിക്കറ്റ് ജ്വരം തലയ്ക്ക് പിടിച്ച് ആരെങ്കിലുമാണോ...? പക്ഷേ സംഗതി സത്യമാണേന്ന് മനസ്സിലായതോടേ ജനം ഫൈനലിന്റെ ടിക്കറ്റിനായി പരക്കം പാഞ്ഞു. ഇന്ത്യ ചിലപ്പോള്‍ ഫൈനലിലെത്തിയാലോ......ബിരിയാണി കിട്ടിയാലോ...എന്ന മട്ടിൽ ‍...!! അതായത് അങ്കോം കാണാം താളിയുമൊടിക്കാമെന്ന ലൈന്‍.....!!! ഫൈനലിന്റെ ടിക്കറ്റുകള്‍ എല്ലാം .....ഹൌസ് ഫുൾ ‍.....കരിഞ്ചന്തയില്‍ പോലും ടിക്കറ്റില്ല.ഇത് കേട്ടതിന്റെ ആണോ ആവോ...നമ്മുടെ കളിക്കാരും ഉഷാറായി തന്നെ കളിച്ച് മുന്നേറി. ടിക്കറ്റു കിട്ടാത്തവര്‍ നിരാശരായില്ല...40 ഇഞ്ച് എൽ ‍.ഇ.ഡിയും..എൽ ‍.സി.ഡി യുമൊക്കെ വാങ്ങി അവരും കാത്തിരുന്നു. എന്തായാലും ലൈവല്ലേ സംഭവം..ടിവിയിലും കാണമല്ലോ...യേത്....? പക്ഷേ ദേ...കിടക്കണൂ........കഴിഞ്ഞില്ലേ ....എല്ലാം...ആഭാസത്തരം കാണിക്കാന്‍ പോണൂ എന്ന പേരിൽ .....പണ്ടാരത്തിനെതിരേ ചില വനിതാ സംഘടനകൾ ......രംഗത്തു വന്നു.....കൊച്ചിനെതിരേ ..പോലീസ് കേസെടുത്തു. പാവം പൂനം...കൊച്ച് .....ഏതോ പൊനത്തില്‍ ഒളിവിലിരുന്ന് കൊച്ച് പറഞ്ഞു. “ ഞാനൊരു പാവം...ഇന്ത്യന്‍ ടീമിന്റെ ആരാധികയാണ്. അവര്‍ക്ക് പ്രചോദനം ആവുക എന്നത് എന്റെ കടമയല്ലേ. അതാ ഞാന്‍ അങ്ങനെ പറഞ്ഞത്. ഇല്ല.....ഞാനിനി തുറസ്സായി തുണിയഴിക്കില്ല...സത്യം....!!!!!! ജനം വീണ്ടും ഞെട്ടി....അതായത് കരിഞ്ചന്തയില്‍ ടിക്കറ്റു വാങ്ങിയവരും...ലോണെടുത്ത് എല്‍.ഇ.ഡി വാങ്ങിയവരും ഇടിവെട്ടി മണ്ട പോയ തെങ്ങ് പോലെയായി. കടിച്ചതുമില്ല പിടിച്ചതുമില്ല ..എന്ന അവസ്ഥ....!!! എന്തായാലും ജന കോടികളുടെ ഈ നിരാശ മനസ്സിലാക്കി നമ്മുടെ ടീം ഇന്ത്യ ഉണര്‍ന്നു കളിച്ചു.പാവം ജനങ്ങളെ വീണ്ടും നിരാശയിലാക്കരുതല്ലോ. ആ ഉണര്‍വ്വിന് പ്രയോഗനമുണ്ടായി. പാണ്ഡേ തുണി പൊക്കിയില്ലെങ്കിലും..നമ്മള്‍ കപ്പുയര്‍ത്തി. ജയ്..ഹോ...!!!!! ഇതിന്റെയിടയില്‍ പാകിസ്ഥാനും, ആസ്ട്രേലിയയും ..ശ്രീലങ്കയുമൊക്കെ ചില കിംവദന്തികള്‍ പറഞ്ഞു പരത്തിക്കളഞ്ഞു കേട്ടോ....!!!














ദേ ...ഈ പാണ്ഡേ.....കൊച്ച് രഹസ്യമായി ടീ ഇന്ത്യയ്ക്ക് വേണ്ടി.... അടച്ചിട്ട ചുമരുകള്‍ക്കുള്ളിലോ...പാരീസിലോ വച്ച് തുണിയഴിക്കാം എന്ന് ഉറപ്പ് നല്‍കിയത്രേ....!! ആ ഉറപ്പിന്റെ ഉണര്‍വ്വിലാണത്രേ..നമ്മുടെ പിള്ളേര്‍ കളിച്ചത്.....!!! കപ്പ് കിട്ടാത്തതിന്റെ അസൂയയില്‍ അവന്മാർ  വേണ്ടാതീനം പറയുന്നത് നോക്കണേ....?? എന്തായാലും ഈ ടീമുകളുടെ എല്ലാം കളിക്കാര്‍ ഇതു പോലൊരു പാണ്ഡയേ അവര്‍ക്കും വരും ലോകകപ്പ് മത്സരങ്ങളില്‍ പ്രചോദനം നല്‍കാന്‍ വേണമെന്ന് മാനേജുമെന്റിനോട് ആവശ്യപ്പെട്ടു എന്നതാണ് രഹസ്യമായി പലരും പറഞ്ഞ ഒരു പരസ്യം... !!! ഈ വേണ്ടാതീനങ്ങളേയെല്ലാം പാടേ നിഷേധിച്ചു കൊണ്ട് നമ്മുടെ കളിക്കാരും ..ബിസിസിഐ യും രംഗത്തെത്തി. പാണ്ഡേയല്ല..... “ബൂസ്റ്റ് ഈസ് ദ സീക്രട്ട് ഓഫ് അവ്വര്‍ എനര്‍ജി ” എന്ന് ഏക സ്വരത്തില്‍ പറഞ്ഞു കളഞ്ഞു..!!!! എന്തായാലും ആര്‍ത്തി മൂത്തിരുന്ന പൊതു ജനം ആരായി....???? പക്ഷേ നമ്മുടെ പാണ്ഡേക്കൊച്ച് ഭയങ്കര ഉദാരമനസ്കയാണ്..കേട്ടോ..!! തുണി പൊക്കുന്നത് കാണാനിരുന്നവരുടെ തൽക്കാല മനശാന്തിക്കായി ഒരു ഫോട്ടം അങ്ങട് ഫേസ്ബുക്കില്‍ പോസ്റ്റിക്കൊടുത്തു ഈ പാവം ദയാനിധി...(മാരനല്ല)!!!
ദേ.....ഇതാണ് ആ കോലം....!!!















കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നവര്‍ വീണ്ടും ഞെട്ടി. ചിലര്‍ തെറി പറഞ്ഞു..... “ നമ്മുടെ കമ്പ്യൂട്ടര്‍ (പിസി) ജോര്‍ജ്ജായന്‍ പറയുന്ന പോലെ.....നല്ല പച്ചത്തെറി......പുളിച്ച തെറി.....!!!! ”  ഈ പട്ടിണിക്കോലം കാണിച്ച് പേടിപ്പിക്കാനാരുന്നോ പണ്ടാരമേ.......ഈ കാണിച്ച കോലാഹലങ്ങളെല്ലാം എന്ന മട്ടിൽ.....!!!!! ടീം ഇന്ത്യയിലേ ചിലരും.......(നമ്മുടെ ഗോപുമോൻ ‍..ഉണ്ടോ...? ഹേയ്......!!!) ദീര്‍ഘനിശ്വാസം ഉതിര്‍ത്തു.. ഹോ...കാവിലമ്മ കാത്തു..ഇതെങ്ങാനും കണ്ടിരുന്നേല്‍.........കളി പാളീസായേനേ......എന്നൊരാത്മഗതവും...പാസ്സാക്കി !!!!!!!

എന്തായാലും ഈ പാണ്ഡേയുടെ സമയം തെളിഞ്ഞു. തുണിയഴിക്കാന്‍ റെഡിയാണെന്ന് പറഞ്ഞപ്പോഴേ..നമ്മുടെ .....മല്യയണ്ണന്‍ ഈ കൊച്ചിനേ നോട്ടമിട്ടിരുന്നു. വേറോന്നിനുമല്ല കേട്ടോ....കിംങ്ങ്ഫിഷര്‍ കലണ്ടര്‍ ഗേളാക്കാന്‍......!!! അങ്ങനെ കൊച്ചൊരു കൊച്ച് സെലി...ആയി...!!!! പക്ഷേ ഈ കാണിച്ചതൊന്നുമല്ല കളി.....ബ്രിറ്റിയുമാവണം എന്ന് കൊച്ചിനു തോന്നി. അങ്ങനെ ഏപ്രിലില്‍ വീണ്ടും ഈ പണ്ടാരം തന്റെ മേനി (പാണ്ഡ് പിടിച്ചതോ..അതോ വച്ച് പിടിപ്പിച്ചതോ...?) പത്ത് പേരേ കാണിച്ച് പേടിപ്പിക്കാന്‍ തീരുമാനിച്ചു. ഇത്തവണ മിനി സ്ക്രീന്‍ വഴിയായിരുന്നു എന്ന് മാത്രം. ആക്ഷന്‍ ഹീറോ അക്ഷര്‍ കുമാര്‍ ഹോസ്റ്റായ......പേടിയുടെ കാരണം (ഫിയര്‍ ഫാക്ടർ ‍) എന്ന ടിവി പ്രോഗ്രാമിലൂടെ ആയിരുന്നു അത്.എന്തായാലും കൂടുതല്‍ ജനങ്ങളെ പേടിപ്പിക്കാന്‍ മിനക്കെടുത്താതെ കൊച്ചിനേ നമ്മുടെ ആക്ഷന്‍ ഹീറോ പരിപാടിയില്‍ നിന്നും പുറത്താക്കി (എലിമിനേറ്റായി).

സെലിബ്രിറ്റി ആവാനുള്ള തന്റെ മോഹം പൂവണിയില്ലേ എന്ന് ഈ കൊച്ച് ഒന്ന് ശങ്കിച്ചു. അപ്പോഴാണ് ടീം ഇന്ത്യ ഇംഗണ്ടില്‍ പര്യടനത്തിനായി പോവുന്നു എന്ന് കേട്ടത്. ചക്കാത്തിന് ഒന്ന് ഇംഗ്ലണ്ടിപ്പോകാം...വീണ്ടും പേരെടുക്കാം എന്ന ഉദ്ദേശത്തില്‍ കൊച്ച് വീണ്ടും വച്ച് കാച്ചി...
"“The world will see that I lived up to my inspiration. now, I am sure my team will beat England." കൂടെ വീണ്ടും ഒരു ഫോട്ടോയും പോസ്റ്റി....!!!














അയ്യോ..... കുരിശായല്ലോ കര്‍ത്താവേ......!! ഇത് കേട്ടതേ ഇംഗ്ലണ്ട് കളിക്കാര്‍ കുരിശു വരച്ചു. വീണ്ടും ഇവള്‍ ഇന്ത്യൻ കളിക്കാർക്ക് ഉണര്‍വ്വാകുമോ എന്ന് പേടിച്ച്. പക്ഷേ......ഇത് കേട്ടപ്പോഴേ നമ്മുടെ കളിക്കാര്‍ ഒന്ന് തീരുമാനിച്ചു......കളിയെങ്ങാനും ജയിച്ച് ഇതെങ്ങാനും തുണി പൊക്കുന്നത് കാണേണ്ടി വരുന്നതിനേക്കാള്‍ ഭേതം..സ്വയം കുത്തി ചാവണത് തന്നെ...!!! അവസാനം എന്തായി.....നമ്മുടെ പിള്ളേര്‍ മാന്യമായി അങ്ങ് തോറ്റ് രക്ഷപെട്ടു.നമ്മുടെ പിള്ളേരോടാ ഇവടേ കളി. എന്നാൽ കളി ജയിച്ച എതിര്‍ ക്യാപ്ടന്‍ അതിശയിച്ചു... “ പ്രചോദനമായി ആളുണ്ടായിട്ടുമെന്തേ.....??? ” ( ആ പഹനറിയില്ലല്ലോ......ഇത്തിരി തൊലീം തണ്ടുമുള്ളതുങ്ങളാ നമ്മുടെ പിള്ളേരുടെ പ്രചോദനം എന്ന്....!!!! )

ഇനിയെന്തു ചെയ്യുമെന്ന് ആലോചിച്ച് വിഷമിച്ചിരിക്കുമ്പോളാണ് ഇച്ചേയി നമ്മുടെ സന്തോഷ് പണ്ഡിറ്റണ്ണനേക്കുറിച്ച് കേള്‍ക്കുന്നത്. യൂ ടൂബ് വഴി സെലിബ്രിറ്റിയായ മഹാന്‍.....!! കണ്ടാൽ ‍..ഇച്ചേയിയേ പോലെ ഒണക്കക്കൊള്ളിയും.....പാണ്ഡ് പിടിച്ചവനുമാണെങ്കിലും..അപാര തൊലിക്കട്ടി കൈമുതലായുള്ളവന്‍....!!! ആ തൊലിക്കട്ടി വച്ച് സെലിബ്രിറ്റിയായവൻ.....!!! പാണ്ഡേക്കൊച്ചിൻ പണ്ഡിറ്റണ്ണന്റെ ഐഡിയ “ക്ഷ” പിടിച്ചു. ഇനി അതു പോലെ എന്തെങ്കിലും ഭീകരത കണ്ട് പിടിക്കണം എന്ന് തീരുമാനിച്ചു രാവിലേ വെളിക്കെറങ്ങാൻ ഇരുന്നപ്പോളാണ് ഐഡിയ തലയിൽ മിന്നിയത്. ഉടൻ വിളിച്ചു കൂവി... യുറേക്കാ..........!!!! ആ ഇരുന്ന പടി ഇണീറ്റ് ട്വിറ്ററിൽ തന്റെ ഒരു വെബ് സൈറ്റ് വരുന്ന വിവരം അങ്ങ് ട്വീറ്റി. എന്തായായും ആ ഇരുന്ന ഇരുപ്പിലുള്ള ഫോട്ടം കൂടി പോസ്റ്റാഞ്ഞത് ആരുടേയോ ഭാഗ്യം. ആ വെബ് സൈറ്റിന്റെ പ്രത്യേകതയായി ചേച്ചി ഏടുത്ത് പറഞ്ഞത് ഒരു ആഴ്ചയിലേ 24 മണിക്കൂറും ചേച്ചി എന്തു ചെയ്യുകയാണെങ്കിലും അതിലൂടെ ലൈവായി കാണാം എന്നുള്ളതാണ് ( ഈ ഐഡിയ തനിക്ക് കുറേ നാൾ മുൻപ് യുറേക്കെയായി കിട്ടിയതാണെന്നും കാണിച്ച് നമ്മുടെ ചാണ്ടിച്ചായൻ കൊച്ചിനെതിരേ കേസ് കൊടുക്കാൻ പോവാണെന്നും ഒരു ശ്രുതിയുണ്ട് ). അതായത്..ചേച്ചി പല്ലു തേക്കുന്നത്...കുളിക്കുന്നത്...അപ്പിയിടുന്നത്..തുണി പൊക്കുന്നത്..ച്ഛേ ...വീണ്ടും നാക്കുടക്കി...തുണി മാറുന്നത്....അങ്ങനെ എന്തിനേറേ.......എല്ലാമെല്ലാം.....തുറന്ന് കാട്ടി ..ചേച്ചി ഒരു തുറന്ന പുസ്തകമാകാൻ പോകുന്നൂ എന്ന്......!!! സാമ്പിൾ വെടിക്കെട്ടായി...കുറേ വീഡിയോസും യൂ ടൂബിലങ്ങു പോസ്റ്റി.....!! ഈ വീഡിയോസിനു മേമ്പൊടിയായി ചേച്ചീടേ നല്ല ഒന്നാന്തരം സൌണ്ട് ട്രാക്കും ഉണ്ട്. ഷക്കീല ചിത്രങ്ങളിലേപ്പോലെ വെറും ഹാ..ഹൂ...മാത്രമല്ല.....ടച്ച് മീ.........ബേബി....*#ക്ക്..മീ......ബേബ്ബീ....തുടങ്ങിയ കേൾക്കാൻ സുഖമുള്ള ആംഗലേയ പദങ്ങൾ...!!! ദാ..ഒന്ന് കണ്ടും കേട്ടും നോക്ക്......!!









ചേച്ചി വെളിക്കെറങ്ങാനിരുന്നപ്പോൾ കിട്ടിയ ഐഡിയ വെറുതേയായില്ല. മണിക്കൂറുകൾക്കുള്ളിൽ സംഗതി ഹിറ്റ്...!! ആളുകളുടെ തിങ്ങിക്കയറ്റം കാരണം യൂ ടൂബ് അത് കുറച്ചു നേരത്തേക്ക് പിൻ വലിക്കുക പോലും ചെയ്തു...!!!

അയൽവക്കത്തേ കുളിമുറിയുടെ അരികിലുള്ള തെങ്ങില്‍ കയറി ( കയറാനറിയെല്ലെങ്കിലും) ബുദ്ധിമുട്ടി.......കഷ്ടപ്പെട്ട്....മൊബൈല്‍ ഫോണില്‍ നഗ്നതയൊപ്പിയെടുത്തു കണ്ടും ..കാണിച്ചും നിർവൃതി അടയുന്ന.......ഞരമ്പ് രോഗികൾ ഇനി കഷ്ടപ്പെടേണ്ട. നിങ്ങൾക്കായി നമ്മുടെ ഈ ഉദാരമതി എല്ലാം തുറന്നു കാട്ടുന്നു...ദാ ഇവിടേ... www.poonampandey.co.in പോയി ക്ലിക്കി നോക്ക്...!!!

അയ്യടാ എന്താ ഉത്സാഹം....!! എങ്ങോട്ടാ എല്ലാവരും വാണം വിട്ട മാതിരി ഓടുന്നേ......???? അവിടെങ്ങും ഒരു മാങ്ങാത്തൊലിയുമെത്തിയിട്ടില്ല. എല്ലാം സംഭവാമി യുഗേ ..യുഗേ എന്ന പോലെ കമിംഗ് സൂണാണ്. സോ വേറ്റ് ആൻഡ് സീ..........!!!!!!!

ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ കലി കാല വൈഭവം എന്നല്ലാതെ എന്ത് പറയാൻ...? പേരിനും... പ്രശസ്തിക്കും...പണത്തിനും വേണ്ടി എന്ത് തോന്ന്യാസവും ചെയ്യാമെന്ന അഹങ്കാരമായി പോയോ ഇവറ്റോൾക്ക്...? അതോ ഇങ്ങനെ തുറന്ന് കാട്ടിയാൽ കണ്ട് ആത്മ നിർവൃതിയടയുന്നതാണ് പുരുഷന്മാരുടെ ആണത്തമെന്ന മിഥ്യാ ധാരണയിൽ പിറന്ന ഫെമിനിസ്റ്റ് വങ്കത്തരമോ...?
എവിടേ ഇവിടുത്തേ സദാചാരക്കമ്മിറ്റികൾ...??? ഈ പുന്നാര....പൂ ...മാൻ കിടാവിനെതിരേ രാജ്യ ദ്രോഹത്തിന് കേസ്സെടുക്കാനോ......മാനസ്സികാശുപത്രിയിൽ കൊണ്ടു പോയി ചങ്ങലക്കിടാനോ......ആരുമില്ലേ ഈ നാട്ടിൽ......?????

എന്തായാലും നമ്മുടെ അച്ഛനമ്മമാർ ഒന്ന് സൂക്ഷിച്ചോളൂ........!!! പുക്കിളിനു താഴ്ത്ത് സാരിയുടുക്കുന്ന....വെട്ടിയിറക്കിയ തുണിക്കഷ്ണത്തിനുള്ളിൽ ഒതുങ്ങാത്തതു തിരുകിക്കയറ്റി നടക്കുന്ന....മലയാളാത്തിനു പകരം...മലയാലം എന്ന് പറയുന്ന.......സെലിബ്രിറ്റികളേ ആരാധിക്കുന്ന..അനുകരിക്കുന്ന....റോൾ മോഡലുകളായി കാണുന്ന ഒരു തലമുറയാണ് ഇന്ന് നമ്മുക്കുള്ളത്. നാളേ ഇവർ...ഈ കൊച്ച് കാണിക്കുന്ന പേക്കൂത്ത് കണ്ട് ....കുളി മുറിയിൽ നിന്നും മറ്റ് പലയിടങ്ങളിൽ നിന്നും ലൈവായി നെറ്റിലേക്കും ..മീഡിയയ്ക്ക് മുന്നിലേക്കും സ്വയം റിയലാവാനും ..സെലിബ്രിറ്റി ആവാനും എത്തുകയില്ല എന്ന് പറയാൻ പറ്റില്ല. ഇക്കണക്കിനു പോയാൽ ആ കാഴ്ചകൾ നമ്മളിൽ നിന്ന് അതി വിദൂരമല്ല.സോ.....നമ്മുടെ സംസ്കാരമെന്തെന്ന് അതുങ്ങളേ പറഞ്ഞ പഠിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇങ്ങനെയുള്ള കോപ്രായങ്ങൾക്കെതിരേ പ്രതികരിക്കുവാൻ .......അവരേ സജ്ജരാക്കൂ.......സ്വായത്തരാക്കൂ....!!!!!

ജയ് ഹിന്ദ്.....!!!!!!!

സസ്നേഹം
ഭ്രാന്തനച്ചൂസ്

Tuesday 11 October 2011

നാല് വെടിയും .....മെട്ട് ചോദ്യങ്ങളും ....???


















നാല് വെടിയും..മെട്ട് ചോദ്യങ്ങളും ....??


(തലക്കെട്ടങ്ങനെ ശരിയാകുമെന്നുള്ളവര്‍ക്കായി ഒരു വിശദീകരണം 4+ 4 = 8)


 
ആ അതു തന്നെ ...സംഭവം പിള്ളേച്ചന്റെ വെടി തന്നേന്ന്......!!! ശ്ശേ......അയ്യയ്യേ....ആ വെടിയല്ല............!!!!

പിന്നേത് വെടി.......??? നമ്മുടെ ബാലന്‍ പിള്ളയുടെ പത്രത്തിലൂടെയുള്ള വെടിയോ...????


താനേത് നാട്ടുകാരനാടോ....കോയാ.....ആ പിള്ളയുടേത് വെടിയല്ലല്ലോ ബോംബല്ലേ.........!! ഇത് നമ്മുടെ പ്യാലീസ്.... രാധന്‍ പിള്ളദ്ദേഹത്തിന്റെ വെടി...........!!!!!!!!!

ഓ...അങ്ങനെ തെളിച്ച് പറയീന്ന്....എന്നാലല്ലേ മൂളാന്‍ പറ്റൂ......ആ...എന്നിട്ട്....???

എന്നിട്ടെന്താ .......


ആ പിള്ളേച്ചന്‍ എസ്.എഫ്..ഐ ക്കാര് പിള്ളേരുടെ നെഞ്ചത്തോട്ട് വെടി വച്ചോ...?
അല്ല...ആരേലും പോസ്റ്ററായോ...?
ആ വച്ച വെടി ന്യായമോ..?
നിര്‍മ്മലന്റെ അഡ്മിഷന്‍ നിര്‍മ്മലമോ......?
സമരക്കാരുടെ നടപടി ശരിയോ ....പോക്രിത്തരമോ ...?

ഇതുന്നുമല്ല ഞമ്മന്റെ ചംശയമെന്ന്.....!!!
ഇക്കണ്ട വാര്‍ത്തയും കഥകളുമൊക്കെ കണ്ടിട്ടും കേട്ടിട്ടും ആര്‍ക്കും തോന്നാത്ത ചിലതാണേ... ഞമ്മന്റെ മനസ്സില്....!!!!

നീ പറയന്റെ പുള്ളേ......ഞമ്മളും കേക്കട്ട് നിന്റെ പിരാന്തന്‍ ചംശയങ്ങള്......??

ന്നാ..പിന്നെ നിങ്ങള് ..കേട്ടോളീന്‍....ദേ ..പിടിച്ചോ ഞമ്മന്റെ സംശയങ്ങള്....!!!

1. തഹസീല്‍ ഏമാനും....സര്‍ക്കാരും .....ഒക്കെ പറയുന്നു. പിള്ള വെടി വച്ചത് ആകാശത്തേക്കാണെന്ന് (വെടിയാണ് കേട്ടോ......വാണമല്ല) . എന്നാല്‍ രാ‍ധന്‍ പിള്ളേദ്ദേഹം പറയുന്നു..ഞാന്‍ വെടി വച്ചത് ...സമരക്കാരുടെ നെഞ്ചിലേക്കാണെന്ന്....!!!
ഞമ്മന്റെ സംശയം ..ഈ സമരക്കാര്‍ ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നിന്നാരുന്നോ സമരം ചെയ്തേ....?? (തറയിലുമല്ല.....ആകാശാത്തിലുമല്ല.....അല്ല പിള്ളേച്ചന്റെ വെടി വയ്പ്പ് ...ടീവീലൂടെ കണ്ടവര്‍ക്ക് ഈ ചോദ്യത്തിന്റെ പൊരുള്‍ മനസ്സിലാകും)

2. ഇനി പിള്ളേച്ചന്‍ വച്ച വെടി....സമരക്കാര് പിള്ളേരുടെ നെഞ്ചത്തോട്ട് തന്നാണെന്ന് വയ്ക്കുക......!! എന്നിട്ടെന്തേ ആരും പോസ്റ്ററായീല്ല.....?? (ഉണ്ടയില്ലാ തോക്കാരുന്നോ......??)

3. തറേല്‍ നില്‍ക്കുന്ന പിള്ളേരുടെ നെഞ്ച് ..ത്രിശങ്കുവിലാണെന്ന് കണ്ട് വെടി വച്ച പിള്ളേച്ചന്റെ കാഴ്ച ശക്തി അപാരം. “അങ്ങേര്‍ക്ക് കോങ്കണ്ണാന്നോ......? ”

4. ഇമ്മാതിരിയുള്ള പിള്ളേച്ചന്മാരേ (അതായത് വെടി വയ്ക്കാനറിയാന്‍ വയ്യാത്ത) നമ്മുടെ പോലീസില്‍ വച്ച് പൊറുപ്പിക്കാന്‍ പാടുണ്ടോ...? പെന്‍ഷന്‍ കൊടുത്ത് വിടേണ്ടതല്ലേ...??

5. വെറും നാല് റൌണ്ട് കഴിഞ്ഞപ്പോഴേയ്ക്കും പിള്ളച്ചന്റെ തോക്ക് പണി നിറുത്തിയതെന്ത് കൊണ്ട്...? (പ്രായമേറിയതു കൊണ്ടെന്ന് ദോഷൈദൃക്കുകള്‍ ചുമ്മാ പറയുന്നു.)

6. ഇമ്മാതിരി ഇടയ്ക്ക് പണി നിറുത്തുന്ന തോക്കുകളാണോ കേരളാ പോലീസിന്റെ കയ്യില്‍ ....???
 
7. ഇതു പോലെ പൊട്ടാസ് തോക്ക് പൊട്ടിച്ചാലോടുന്ന പിള്ളേര്‍ക്ക് പകരം വല്ല കസബിന്‍ കുഞ്ഞോ മറ്റോ ആരുന്നേല്‍ എന്താവുമായിരുന്നു സ്ഥിതി.....?? ( ഇങ്ങനെ ഇടയ്ക്കിടെ ലോക്കാവുന്ന തോക്കുമായി..നമ്മുടെ പ്യാലീസെന്ത് ചെയ്യാന്‍..?)

8. സഖാവ് വി എസ് ചോദിക്കുന്നു “ പിള്ളേര്‍ക്കെതിരേ വെടി പൊട്ടിക്കാന്‍ ഈ പിള്ളേച്ചനെന്തധികാരം എന്ന് “ - അപ്പോള്‍ പിന്നെന്തിനാ ഈ തോക്കും കൊടുത്തിട്ടിമ്മാതിരി ചിലതിനേ ചുമക്കുന്നത്...??? അതോ ഈ തോക്ക് കൊടുത്തേക്കുന്നത് അറ്റം ചെവിയിലിട്ട് തിരിച്ച് കോള്‍..മയിര്‍ കൊള്ളാനോ.....?


ഇതൊക്കെയാണ് കോയാക്കാ നമ്മുടെ പിരാന്തന്‍ ചംശയങ്ങള്.....!!! ഇയിനൊക്കെ......മറുപടി നിങ്ങള് പറയീന്ന്....!!!!



ഓടോ :-
വെടി വയ്പ്പും കഴിഞ്ഞ് രാധന്‍ പിള്ളദ്ദേഹം....ഉടുപ്പൂരാതെ (അതേന്ന് യൂണിഫോം ) നമ്മുടെ കേണല്‍ ലാലേട്ടന്‍ സാബിന് പഠിക്കാന്‍ പോയത്രേ. അതാവുമ്പോ പഠിച്ചു കഴിഞ്ഞാ.... അങ്ങേരേപ്പോലെ ഉടുപ്പിട്ട് പരസ്യത്തിലഭിനയിച്ച് പത്ത് പുത്തനുണ്ടാക്കാമല്ലോ.....!!!!!

പിള്ളേടെ പുത്തി കൊള്ളാമല്ലേ......????(പക്ഷേ ...കാക്കിക്ക് പട്ടാള ഉടുപ്പിന്റെ പവറുണ്ടോന്നാ ഈ പിരാന്തന്റെ സംശയം..!!! )

പോസ്റ്റ് ഓടോ ( പോസ്റ്റിക്കഴിഞ്ഞുള്ള ഓടോ )

ചിലര്‍ക്കൊക്കെ ഒരു സംശയം അച്ചൂസ് പോലീസിനെ ന്യായീകരിക്കുകയാണോ എന്ന് ..?

അങ്ങനെ ഒരു സംശയം തോന്നുന്നത് ഇതിലേ ആക്ഷേപം ശരിക്കും മനസ്സിലാവാഞ്ഞിട്ടെന്ന് ഞാന്‍ പറയും...!! ഞാന്‍ തുടക്കത്തിലേ പറഞ്ഞിട്ടുണ്ട് “ വെടി വച്ചത് ശരിയാണോ...തെറ്റാണോ..?, സമരക്കാര്‍ ആക്രമമഴിച്ചു വിട്ട നടപടി തെറ്റാണോ...ശരിയാണോ..? ഇതൊന്നുമല്ല എന്റെ ചോദ്യം...? എന്തേലുമൊക്കെ വട്ട് പറഞ്ഞ് പോലീസിനെ ന്യായീകരിക്കുകയാണോ എന്ന് ചോദിച്ചാല്‍ ഒരിക്കലുമല്ല. പോലീസ് ചെയ്തത് ഒട്ടും ശരിയായില്ല. അറ്റ് ലീസ്റ്റ് വെടി വയ്ക്കേണ്ടുന്ന സാഹചര്യമവിടെ ഉണ്ടായിരുന്നെങ്കില്‍ പോലും ....പിള്ളേച്ചന്‍ കാണിച്ച പോലെ ഏറ് കൊണ്ട പന്നിയേ പോലെ അല്ലായിരുന്നു പെരുമാറേണ്ടിയിരുന്നത്. ഫയര്‍ ചെയ്യുന്നതിനു മുന്‍പ് ഒരു മുന്നറിയിപ്പായി അനൌണ്‍സ്മെന്റ് ചെയ്യണമായിരുന്നു. (പിന്നേ വെട്ടാന്‍ വരുന്ന പോത്തിനോടാണോ വേദമോതുന്നത് എന്നത് രണ്ടാമത്തേ ചോദ്യം). പിന്നീട് ഒന്നു വിരട്ടാന്‍ ആകാശത്തേക്ക് നിറയൊഴിക്കണമായിരുന്നു (നമ്മുടെ പോലീസിന്റെ പരമ്പരാഗത ശൈലിയില്‍...!!)
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍....ഈ സമരക്കാര്‍ എന്ന പേരില്‍ കുറേ ആളുകള്‍ ഗുണ്ടായിസവും അക്രമവും അഴിച്ചു വിട്ടതും ശരിയല്ല.....!! യാതൊരു മുന്നറിയിപ്പുമില്ലാതെ പിള്ളേച്ചന്‍ വെടി വച്ചതും ശരിയായില്ല.

ഞാന്‍ ചോദിച്ചതിതൊന്നുമല്ല “ ഈ പാര്‍ട്ടി കിങ്കരന്മാര്‍ക്ക് പകരം മറ്റ് വല്ല വിദ്വാന്മാര്‍ക്കെതിരേ ആയിരുന്നേലും ഇതേ തോക്കായിരിക്കില്ലേ ഈ പിള്ളേച്ചന്‍ ഉപയോഗിക്കുന്നത് “. അപ്പോള്‍ പണി പാലും വെള്ളത്തില്‍ കിട്ടുമായിരുന്നില്ലേ...?
ഉപയോഗിക്കാത്തതു കൊണ്ടാണ് തോക്ക് പണി മുടക്കിയതെന്ന് വാദിക്കുന്നവര്‍ക്കായി  
“ആറ് മാസം മുന്‍പ് ഇങ്ങേര്‍ ഇതേ തോക്കുപയോഗിച്ചാണത്രേ നാട്ടിലിറങ്ങിയ ഒരു പുള്ളിപ്പുലിയേ വെടി വച്ച് കൊന്നത് ”
(പക്ഷേ ....ആ വെടി കൊണ്ടത്......പുലി ഹൈജമ്പ് ചാടിയപ്പോഴാണെന്ന് ദൃക്‌സാക്ഷികള്‍....!!!)

എന്തായാലും.......ഒരു കാര്യമുറപ്പായി കസബിനേപ്പോലുള്ള പിള്ളേരിവിടെ വന്ന് പൂണ്ട് വിളയാടിയാലും ......നമ്മുടെ പോലീസവരേ വെടിവച്ചൂന്ന് പറഞ്ഞാലും ...........ഒറ്റ ഒരുണ്ട പോലും അവന്മാരുടെ ദേഹത്ത് കൊള്ളുമെന്ന് പേടി വേണ്ട.....!!!

സോ ......ദൈവത്തിന്റെ..... അല്ല.......വെടി വയ്ക്കാനറിയാത്ത പോലീസ് പിള്ളേച്ചന്മാരുടെ സ്വന്തം നാട്ടിലേക്ക് ...സുസ്വാഗതം..... ആക്രമി....കുഞ്ഞുങ്ങളേ......!!! 
(ഇങ്ങ് വാടാ എല്ലാം.....ഞങ്ങള്‍ നാട്ടാരുണ്ടിവിടെ...ശ്ശ് ..പതുക്കെ...അവന്മാര്‍ കേക്കും..!!!)

LinkWithin

Related Posts with Thumbnails