Wednesday 5 May 2010

ഈ വിധി ന്യായമോ..?

ഈ വിധി ന്യായമോ..?

കൊന്നവന്‍ കുറ്റക്കാരന്‍ ....കൊല്ലാന്‍ ഒത്താശ ചെയ്തു കൊടുത്തവനും കത്തിയെടുത്ത് കൊടുത്തവനും നിരപരാധികള്‍...!!!! ഇതോ നീതി ദേവതയുടെ നിഷ്പക്ഷമായ വിധി..?കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമല്ലേയിത്..?


ലോകത്തേയൊട്ടാകെ നടുക്കിയ മുംബൈ ഭീകരാക്രമണക്കേസില്‍ മുംബൈ സ്പെഷ്യല്‍ കൊടതിയുടെ കണ്ട്പിടുത്തം കണ്ടാല്‍ ഇന്ത്യാകാരനെന്നല്ല ലോകത്തിലുള്ള ഏതൊരുവനും ചിന്തിച്ച് പോകാവുന്ന ഒരു ചോദ്യമാണിത് “ ഇതെവിടുത്തേ ന്യായം“ ? ( ഇന്ത്യന്‍ മഹാരാജ്യത്തിലേത് മാത്രം എന്ന് മറുപടി പറയെണ്ടി വരും). 2008 നവംബര്‍ മാസം 26 തീയതി നടന്ന ഈ പൈശാചിക വൃത്തി നിരപരാധികളായ ഇന്ത്യാകാരുടേയും, വിദേശികളുടേയുമുള്‍പ്പെടെ166 പേരുടെ ജീവനപഹരിച്ചു, 300 ലധികം പേര്‍ക്ക് പരിക്കേറ്റു, സന്ദീപ് ഉണ്ണികൃഷ്ണനേയും ...ഹേമന്ത് കര്‍ക്കറെയും, സദാനന്ദ് ദത്തയേയും പോലുള്ള ധീര ജവാന്മാരേ ഭാരതത്തിന് നഷ്ടപ്പെടുത്തി. ഇതൊന്നും കാണാനാവാത്ത വിധം അന്ധയായിപ്പോയോ നമ്മുടെ നീതിന്യായ വ്യവസ്ഥകള്‍...!! അതോ അഭിനവ ഗാന്ധാരിയാവാനുള്ള ശ്രമമോ...?

ലോകത്തിന്റെ കണ്മുന്‍പില്‍ ഉറഞ്ഞ് തുള്ളി താണ്ഡവമാടിയ അജ്മല്‍ കസബെന്ന നരാധമന് ശിക്ഷ വിധിക്കാനെടുത്തത് ഏകദേശം ഒന്നര രണ്ട് വര്‍ഷം...!! (ഇനിയും വിധി വന്നിട്ടില്ലെന്നത് വേറേ കാര്യം). തെളിവുകള്‍ ശേഖരിക്കുകയായിരുന്നു പോലും...? പോരാത്തതിന് ജയിലില്‍ ഫൈവ്സ്റ്റാര്‍ സുഖവാസവും...!! സാധാരണക്കാരന് എങ്ങനെ ചോര തിളക്കാതിരിക്കും..? പോട്ടേ ..അത് മനുഷ്യാവകാശമാണെന്നൊക്കെ വേണമെങ്കില്‍ വാദിക്കാം..മാത്രവുമല്ല..അതിഥി ദേവോ ഭവ: എന്നല്ലേ നമ്മുടെ സംസ്കാരവും (അതിഥിയേ അറിഞ്ഞു വേണം സ്വീകരിക്കേണ്ടത് എന്ന തത്വം തല്‍കാലം നമ്മുക്ക് വിസ്മരിക്കാം). അതു കൊണ്ട് എന്തെങ്കിലും ആയിക്കൊള്ളട്ട്....നാളേയിവന്റെ വാദം വിശദീകരിക്കാന്‍ സമയം നല്‍കിയില്ലന്നാരും പറയില്ലല്ലോ..?


എന്റെ അതിശയം കസബിന്റെ വിധിയുടെ കാര്യത്തിലല്ല.. മറിച്ച് സ്വന്തം രാജ്യത്തിന്റെ ഉപ്പും ചോറും തിന്ന് സ്വ: മാതൃത്വത്തേ കൂട്ടിക്കൊടുക്കുവാന്‍ വാതില്‍ തുറന്ന് കൊടുത്തവന്മാരുടെ വിധിയെഴുതിയതിലാണ്. ഇന്ത്യയുടെ രണ്ട് മക്കള്‍ ...സഹാബുദ്ദീന്‍ അഹമ്മദും , ഫാഹീ അന്‍സാരിയും (ഈ വര്‍ഗ്ഗത്തില്‍ പെട്ട നിരവധിയനവധി @#!@ മക്കളുടെ പ്രതിനിധികള്‍). സ്വന്തം മാതാവില്‍ നിന്ന് മുലപ്പാലിനൊപ്പം ചോരയും ഊറ്റിക്കുടിച്ചു കൊണ്ടിരിക്കേ തന്നെ....അന്യന് ആ അമ്മയേ വ്യഭിചരിക്കാന്‍ കൂട്ട് നില്‍ക്കുന്ന വെറിയന്മാര്‍....ഇവന്മാര്‍ കുറ്റക്കാരല്ല പോലും (തെളിവില്ലത്രേ)..!  അത് മാത്രമല്ലേ ഇവര്‍ ചെയ്തതിനേ ന്യായീകരിച്ച് പ്രതിഭാഗം വക്കീല്‍ വാദിച്ച രീതി നോക്കണം “ എന്താണ് ഇവര്‍ ചെയ്ത കുറ്റം..!   ഈ ഓപ്പറേഷന്‍ നടത്തുവാന്‍ ശത്രുക്കളുദ്ദേശിച്ചിരുന്ന (ലഷ്കറെ തൊയ്ബ) സ്ഥലങ്ങളുടെ ബ്ലൂ പ്രിന്റ് തയ്യാറാക്കിക്കൊടുത്തതോ..? അതോ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതോ..? അതൊന്നും ഒരു തെറ്റേയല്ല..കാരണം ഈ സ്ഥലങ്ങളേക്കുറിച്ചും, ക്രമീകരണങ്ങളേക്കുറിച്ചുമുള്ള വിവരങ്ങള്‍ ഗൂഗിളിലും ഇന്റര്‍നെറ്റിലും സൌജന്യമായി ലഭിക്കുന്നതാണത്രേ..!! അത് കൊണ്ട് ഇവര്‍ കൈമാറിയത് ഒരു വിലപ്പെട്ട വിവരമല്ല പോലും...!! ”. അല്ലയോ വക്കീല്‍ സാറേ ... താങ്കളിപ്പോള്‍ വാദിച്ച അതേ വാദം തന്നെ മറ്റൊരു രീതിയില്‍ ഞാന്‍ താങ്കളോട് ചോദിക്കട്ടേ ...? “ താങ്കള്‍ പ്രശസ്തനായ ഒരു വ്യക്തിയാണെന്ന് കരുതുക. താങ്കളേക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും, അഭിമുഖങ്ങളുമൊക്കെ പത്രങ്ങളിലും, ടെലിവിഷനിലുമൊക്കെ വന്നിട്ടുണ്ടെന്നും.താങ്കള്‍ക്ക് ഒരു മകനുമുണ്ടെന്ന് കരുതുക... ഈ മകന് താങ്കളുടെ ശത്രുക്കളേ ഒക്കെ അറിയാമെന്നും... ഈ ശത്രുക്കള്‍ക്കാണെങ്കിലോ ...താങ്കളുമായി അടുപ്പമുണ്ട്.., താങ്കളുടെ അഭിമുഖം ടെലിവിഷനില്‍ കണ്ടിട്ടുണ്ട്, താങ്കളുടെ വീട് എവിടാണ് എന്നൊക്കെയറിയാം..ഓക്കേ...?  പക്ഷേ താങ്കളുടെ വീട്ടില്‍ ആരൊക്കെയുണ്ടെന്നോ..എത്ര മുറികളുണ്ടെന്നോ..അതിനെത്ര വാതിലുകളുണ്ടെന്നോ അറിയില്ല. ഈ ശത്രുക്കളോട് താങ്കളുടെ മകന്‍ പറയുന്നു അതേ ...എന്റെ വീട്ടില്‍ ആകെ 3 മുറികളേയുള്ളൂ ..അതിലൊന്നില്‍ അച്ഛമ്മയാണ്. ഒന്നില്‍ ഞാനും..മറ്റേ മുറിയില്‍ അമ്മയും അച്ഛനും ..അച്ഛന്‍ രാവിലെ ആറ് മണിക്ക് പോകും ..വൈകിട്ട് 12 മണിക്കേ തിരിച്ച് വരികയുള്ളൂ..അച്ഛമ്മയാണെങ്കില്‍ കട്ടിലില്‍ നിന്നിണീക്കില്ല.., ഞാന്‍ സ്കൂളില്‍ പോയി വന്നാല്‍ നേരെ എന്റെ മുറിയിലാകും..ഞാനവിടെ ഉണ്ടെങ്കിലും കുഴപ്പമില്ല. ഈ നേരമത്രയും വാതില്‍ തുറന്ന് കിടക്കും ..അമ്മ മാത്രമേ കാണുള്ളൂ ...ഈ സമയത്ത് വന്നാല്‍ നിങ്ങള്‍ക്ക് കാര്യം നടത്തീട്ട് പോകാം ..!!”. എന്നും പറഞ്ഞ് അവരുടെ കയ്യില്‍ നിന്ന് കാശും വാങ്ങി വീടിന്റെ പ്ലാന്‍ വരെ വരച്ചും കൊടുത്ത് സ്വന്തം അമ്മയേ കൂട്ടിക്കൊടുക്കുന്ന ഈ മകനേയും താങ്കള്‍ ന്യായീകരിക്കുമോ..? അതോ എന്റെ ശത്രുക്കള്‍ക്ക് എന്റെ വീടൊക്കെ പത്രത്തിലും..ടിവിയിലുമൊക്കെ കണ്ടുള്ള പരിചയമുണ്ട്..അതു കൊണ്ടാണ് അവരെന്റെ വീട്ടില്‍ക്കയറിയത് എന്ന് വാദിക്കുമോ..? പറയണം സര്‍..!!

അത് തന്നയുമല്ല സര്‍.. ഈ ഇന്റര്‍നെറ്റ്, ഗൂഗിള്‍, യൂ ടൂബ് തുടങ്ങിയവയിലൊക്കെ എന്തെല്ലാം അശ്ലീല ചിത്രങ്ങളും, വീഡിയോകളും, സിനിമകളും, കഥകളും മറ്റ് വഴിവിട്ട കാര്യങ്ങളുമുണ്ട്. ഇതെല്ലാം കണ്ടിട്ട് അത് പൊലെ ചെയ്യുകയും പരീക്ഷിച്ച് ചെയ്യുകയും ചെയ്യുന്ന വിരുതന്മാരേയും, വിരുതത്തിമാരേയും നിങ്ങള്‍ തന്നെയല്ലേ ശിക്ഷിക്കുന്നത്.അതോ അത് അവര്‍ ഇന്റര്‍നെറ്റില്‍ നിന്നും കണ്ട് പഠിച്ചതാണ് ..അതു കൊണ്ട് അവരേ വെറുതെ വിട്ടേക്കാം എന്ന് കരുതില്ലല്ലോ. അത് അവരേ മാത്രം ബാധിക്കുന്ന കാര്യമായാല്‍പ്പോലും...!! അപ്പോള്‍ പിന്നെ നമ്മുടെ രാജ്യത്തിനു തന്നെ ഭീഷണിയാവുന്ന തരത്തിലുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്ത ഈ പുന്നാര മക്കളേ താങ്കള്‍ വിവര സാങ്കേതിക വിദ്യയുടെ പേരും പറഞ്ഞ് രക്ഷിക്കാന്‍ കൂട്ട് നില്‍ക്കുന്നതിനേ എന്ത് വാദം പറഞ്ഞ് ന്യായീകരിക്കും...?

മാത്രവുമല്ല ..... ഈ താടിയും മുടിയും വളര്‍ത്തിയ വേന്ദ്രന്മാരേ വെറുതേ വിട്ടാല്‍ കരി വാരിത്തേക്കപ്പെടുന്ന ഒരു സമൂഹമുണ്ട് ഈ നാട്ടില്‍..! അല്ലെങ്കില്‍ത്തന്നെ എന്തിനുമേതിനും സംശയത്തിന്റെ ദൃഷ്ടി പതിയുവാന്‍ വിധിക്കപ്പെട്ട എന്റെ മുസ്ലീം സഹോദരങ്ങള്‍....അവരേക്കൂടി ഈ കേസില്‍ വിധി പറയുന്നതിന് മുന്‍പ് നമ്മുടെ നീതി പീഠം ഒന്ന് പരിഗണിക്കേണ്ടതായിരുന്നു. ജിഹാദിന്റെ പേരും പറഞ്ഞ് പെറ്റതള്ളയുടെ പോലും മാനം വിറ്റ് തുലക്കാനിറങ്ങിപ്പുറപ്പെട്ടിരിക്കുന്ന കുറേ നരാധമന്മാരുടെ പ്രവൃത്തികളുടെ തിക്ത ഫലം കൂട്ടത്തോടെ അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയുടെ വികാരം. എവിടെയും സ്വന്തം നാടിനോടുള്ള കൂറ് മറ്റുള്ളവര്‍ക്കു മുന്‍പില്‍ തെളിയിച്ച് കൊടുക്കുവാന്‍ ഈ സമൂഹം വിധിക്കപ്പെടുന്നത് നമ്മുടെ വിധി ന്യായത്തിലേ ഇമ്മാതിരിയുള്ള വശപ്പിശകുകള്‍ കൊണ്ട് കൂടിയാണ്. ശിക്ഷിക്കപ്പെടേണ്ടവന് തക്കതായ ശിക്ഷ അപ്പപ്പോള്‍ തന്നെ ജാതിയുടെയും, മതത്തിന്റേയും, കൊടിയുടെയുമൊന്നും നിറം നോക്കാതെ നടപ്പിലാക്കിയാല്‍ ..പിന്നീട് ഈ തരത്തിലുള്ള ചതിയുമായി, തരികിടയുമായി നമ്മുടെ നാട്ടിലേക്ക് വരുവാന്‍ ശത്രുക്കള്‍ ഒന്നമാന്തിക്കും....,എന്തിന്റെ പേരിലായാലും ഈ വിഭാഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്ന നമ്മുടെ ചെറുപ്പക്കാരുടെ ഒഴുക്കിലും ഗണ്യമായ കുറവുണ്ടാകും. അല്ലാതെ വീണ്ടും “ എല്ലാ മുസ്ലീങ്ങളും ഭീകരര്‍ അല്ല...എന്നാല്‍ എല്ലാ ഭീകരരും മുസ്ലീങ്ങള്‍ ആണ്” എന്നുള്ള സ്ഥിരം രാഷ്ടീയ ലാക്കോട് കൂടിയുള്ള വാചകവുമായി നിരപരാധികളായ ഒരു സമൂഹത്തേ ക്രൂശിത്തറക്കാനും, ഇത് പോലെയുള്ള ദേശദ്രോഹ പ്രവൃത്തികള്‍ക്ക് വളം വച്ച് കോടുക്കാനുമാണെങ്കില്‍...ബഹുമാന്യ ഇന്ത്യന്‍ നീതി ന്യായ വ്യവസ്ഥയോട് ഒരു വാക്ക്   “ ഞങ്ങള്‍ പൊതു ജനം വെറും കഴുതകളല്ലെ”!
 
രാഷ്ടീയ ഹിജഡകളോട്....!!
തെളിവില്ലെന്ന വ്യാജേന ഈ രണ്ട് സന്തതികളേയും വെറുതേ വിടാന്‍ ശ്രമിക്കുന്നതിന്റേയും, കൂട്ട് നില്‍ക്കുന്നതിന്റേയും പിന്നില്‍ പിന്നോക്ക സമുദായത്തിന്റെ വോട്ട് നേടി ബാലറ്റ് പെട്ടി നിറക്കാം എന്ന ഗൂഢലക്ഷ്യമാണെങ്കില്‍ ......എന്റെ പൊന്ന് രാഷ്ടീയച്ചെന്നായകളേ..നിങ്ങള്‍ക്ക് തെറ്റി...! ഞങ്ങളുടെ നാടിന്റെ അഖണ്ഡതക്ക് കോട്ടം തട്ടുന്ന ഒരു പ്രവൃത്തികള്‍ക്കും ഇനി ഞങ്ങള്‍ പൊതു ജനം തയ്യാറല്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ജാതിയുടെയും മതത്തിന്റേയും കൊടിയുടെയും ഒന്നും പിന്‍ബലം ആവശ്യമില്ല. കാരണം ഞങ്ങള്‍ തന്തക്ക് പിറന്നവരാണ്. മാത്രവുമല്ല ..രാപ്പകലില്ലാതെ ...ഒരു മതത്തിന്റേയും.. പിന്‍ ബലമില്ലാതെ ..ഒറ്റെക്കെട്ടായി ..ഭാരതാംബയുടെ ത്രിവര്‍ണ്ണ പതാകയുടെ കീഴില്‍ അങ്ങകലെ അതിര്‍ത്തിയില്‍ പെറ്റമ്മയുടെ മാനം കാക്കാന്‍ തീവൃ യത്നം നടത്തുന്ന ആ ധീര ജവാന്മാര്‍ക്ക് ഞങ്ങള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ പിന്‍ബലമാണിത് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ ഈ കഷ്ടപ്പെടുന്നതും ..ജീവന്‍ ബലിയര്‍പ്പിക്കുന്നതും ഞങ്ങള്‍ക്ക് വേണ്ടിയാണെന്നതും... അത് കൊണ്ട് ഈ വെള്ളം വാങ്ങി വച്ചേരേ..!!

ബഹുമാനപ്പെട്ട കോടതിയോട്....ഒരപേക്ഷ..!!

നമ്മുടെ നിയമത്തിലേ പഴുതുകള്‍ മറ്റാരേയുംകാള്‍ നന്നായി അറിയുന്നവനാണ് താങ്കള്‍. ഈ കാപാലികര്‍ക്ക് മരണത്തില്‍ കുറഞ്ഞൊരു ശിക്ഷയുമില്ല എന്ന് താങ്കള്‍ക്കുമറിയാം. ഇവര്‍ക്ക് മരണ ശിക്ഷ വിധിക്കുമ്പോള്‍ രക്ഷപെടാനുള്ള എല്ലാ പഴുതുകളുമടച്ച് വേണം ചെയ്യാന്‍.ഇത് പറയാന്‍ കാരണം പാകിസ്ഥാന്‍ ഭരണകൂടം ഇപ്പോള്‍ തന്നെ കസബിനേ വിട്ട് കിട്ടാനുള്ള കളികള്‍ തുടങ്ങിക്കഴിഞ്ഞത്രേ..! തന്നയുമല്ല ..ഇതിന് മുന്‍പ് ഭീകരാക്രമണക്കേസുകളിലുള്‍പ്പെടെ വധശിക്ഷക്കു വിധിക്കപ്പെട്ട 26 വിദ്വാന്മാരുടെ ദയാ ഹര്‍ജികള്‍ രാഷ്ടപതിയുടെ മേശപ്പുറത്ത് തീരുമാനമാകാതെ കിടക്കുന്നു. എന്നെങ്കിലുമൊരിക്കല്‍ ഇവരും അതു പോലെ രക്ഷപെട്ടാല്‍ നീതി ദേവത കണ്ണടച്ചിരുട്ടാക്കി എന്ന് ജനം പറയും..ഒപ്പം ...സ്വന്തം ജീവന്‍ പോലും തൃണവല്‍കരിച്ച് നാടിന് വേണ്ടി പോരാടി വീര മൃത്യു വരിച്ച ആയിരക്കണക്കിന് ജവാന്മാരുടെ ധീരതക്ക് നേരേയുള്ള കൊഞ്ഞനം കുത്തല്‍ കൂടിയായിപ്പോകുമത്. ദയവ് ചെയ്ത് അതിനിടവരുത്താതിരിക്കുക.

PS:- ശ്രീ ഉജ്ജ്വല്‍ നിക്വം.....താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍..! ഈ നപുംസകങ്ങളേ അവരര്‍ഹിക്കുന്ന രീതിയിലുള്ള ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ വേണ്ടി ഉജ്ജ്വലമായിപ്പോരാടുവാനുള്ള ശക്തി അങ്ങേക്ക് ജഗദീശ്വരന്‍ നല്‍കട്ടേ എന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു ഒപ്പം വിജയാശംസകളും നേരുന്നു.

ജയ് ഹിന്ദ്

സസ്നേഹം
ഭ്രാന്തനച്ചൂസ്

Sunday 18 April 2010

കേരളത്തിന് വേണ്ടത് റേഷനരിയോ ക്രിക്കറ്റോ..

കേരളത്തിന് വേണ്ടത് റേഷനരിയോ ക്രിക്കറ്റോ..?

സ്വാഭാവികമായും...നമ്മുടെ ധനമന്ത്രി തോമസ് ഐസക് സാറിന്റെ പറച്ചില്‍ കേള്‍ക്കുമ്പോള്‍ ഏതൊരു സാധാരണ കേരളീയനും ഒന്ന് ചിന്തിച്ച് പോകും.. നമ്മുക്കിത് വെണോ? ഈ കുട്ടി ക്രിക്കറ്റ്...?
രാഷ്ട്രീയം പറയുകയാണെന്ന് പറയില്ലെങ്കില്‍ ഒരു സാധാരണക്കാരന്റെ ചോദ്യം ചോദിക്കട്ടേ... അല്ലയോ മന്ത്രി പുഗംവാ.....ഒന്നുമില്ലെങ്കിലും താങ്കള്‍ ഒരു ധനമന്ത്രിയല്ലേ ..അപ്പോള്‍ ഐ. പി .എല്‍ പോലെ ഒരു മാമാങ്കം കേരളത്തില്‍ വരുമ്പോള്‍ അതിനെ പേരില്‍ എന്തെല്ലാം വികസനങ്ങള്‍ കേരളത്തിലുണ്ടാവും എന്ന് ചിന്തിക്കാനുള്ള ശരാശരി ബോധമില്ലേ താങ്കൾക്ക്....!! "ഇല്ല" എന്നണ് താങ്കളുടെ ഉത്തരം എങ്കില്‍ വിദ്യാഭ്യാസം എന്നത് ഏഴയലത്ത് കൂടിപ്പോലും പോയിട്ടില്ലാത്ത ഒരു സര്‍ക്കാരിലേ തന്നെ വേറിട്ടൊരു മുഖം എന്ന് താങ്കളേക്കുറിച്ച് ഞങ്ങൾ ജനങ്ങള്‍ കരുതിയതൊക്കെ വൃഥാവിലായെന്ന് സാരം...! അതല്ല താങ്കള്‍ രാഷ്ട്രീയം കളിക്കുകയാണെങ്കില്‍ താങ്കളുടെ അറിവിലേക്കായി കുറേ കാര്യങ്ങള്‍ പറയട്ടേ....” ഐ.പി.എല്‍ . കേരളത്തിലെത്തിയാല്‍ ഒന്നാമത് നമ്മുടെ ടൂറിസം മേഖലയില്‍ കാര്യമായ മാറ്റമുണ്ടാകും, പിന്നെ കുറേ ഏറെപ്പേര്‍ക്ക് ജോലി (ചെറുതും വലുതുമായി) കിട്ടും (പ്രത്യേകിച്ച് കമ്പ്യൂട്ടര്‍ പ്രൊഫഷണത്സിന്...), മദ്യ വിലപന കൂടും (ആഘോഷം ഏതുമാവട്ടേ..!! നമ്മുക്കിതില്ലാതെ പറ്റില്ലല്ലോ..?), ഹോട്ടലുകള്‍ , ലോഡ്ജുകൾ ‍, റിസോർട്ടുകൾ മുതലായവക്ക് വരുമാനം കൂടും, ടാക്സി, ഓട്ടോ മുതലായ തൊഴിലാളുകളുടെ വരുമാനം കൂടും, പുതിയ സ്റ്റേഡിയങ്ങള്‍ വരും, ശ്രീശാന്തനേപ്പോലെയല്ലാത്ത (നല്ല സ്വഭാവ മഹിമ) കുറേ നല്ല കളിക്കാരേ ലോകരുടെ മുന്‍പില്‍ എത്തിക്കാന്‍ കഴിയും ..എന്തിനേറെപ്പറയുന്നു കളി നടക്കുമ്പോള്‍ സ്റ്റേഡിയത്തിനുള്ളില്‍ കപ്പലണ്ടി വില്‍ക്കുന്നവനും, പുറത്ത് നാരങ്ങാ വെള്ളം വില്‍ക്കുന്ന സാധാരണക്കാരനിലും തുടങ്ങി ..എല്ലാ മേഖലയിലുള്ളവര്‍ക്കും ഇത് പ്രയോജനം ചെയ്യും. ഇത് പോലുംഅറിയാത്തവനാണ് താങ്കള്‍ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. അപ്പോള്‍ പിന്നെ ആര്‍ക്ക് വായിക്കലരിയിടുവാനാണ് താങ്കള്‍ റേഷനരിയുടെ പേരില്‍ ഇതിനേ എതിര്‍ക്കുന്നത്. ഞങ്ങൾക്ക് വേണ്ടിയോ ? അല്ലെങ്കില്‍ തന്നെ താങ്കള്‍ക്ക് (അല്ലെങ്കില്‍ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന മന്ത്രി സഭക്ക്) അതിന് യോഗ്യതയുണ്ടോ..? കേന്ദ്രത്തില്‍ നിന്നും വില കുറച്ച് കിട്ടിയ കടലയും പരിപ്പുമൊക്കെ വില കൂട്ടി കേരളത്തിലേ ജനങ്ങള്‍ക്ക് വിറ്റഴിച്ച നിങ്ങളാളോ ഈ വിമര്‍ശിക്കുന്നത്..., പോരാത്തതിന് ഇപ്പോ ദേ ... വികസന പ്രക്രിയയില്‍ ബഹു ജന മാദ്ധ്യങ്ങളേക്കൂടി പങ്കാളികളാക്കണം എന്ന വ്യാജേനേ തുടങ്ങിയ റിയാലിറ്റി ഷോ “ ഗ്രീന്‍ കേരളാ എക്സ്പ്രസ്സ്” ഇതിന്റെ ഉദ്ദേശ്യമെന്താണ് ...ജനങ്ങളേ നന്നാക്കുകയെന്നുള്ളതാണോ...ആയിരുന്നെങ്കില്‍ ഇതിന് വേണ്ടി സര്‍ക്കാര്‍ ചിലാവാക്കുന്ന 5 കോടി രൂപ ..നല്ല രീതിയില്‍ ഭരണം നടത്തുന്ന പഞ്ചായത്തുകള്‍ക്ക് എല്ലാം കൂടി വിഭജിച്ച് നല്‍കിയാല്‍ പോരായിരുന്നോ..? അല്ലെങ്കില്‍ ആ തുക മറ്റ് എന്തെങ്കിലും വികസന പ്രവൃത്തനങ്ങള്‍ക്ക് ഉപയോഗിക്കാമായിരുന്നല്ലോ ...പോട്ടേ താങ്കള്‍ റേഷനരിയുടെ ആളാണല്ലോ ..എന്ത് കൊണ്ട് ആ തുക കൂടി ഭക്ഷ്യ ബജറ്റില്‍ ഉള്‍ക്കോള്ളിച്ച് ... പാവങ്ങള്‍ക്ക് വില കുറച്ച് അരി കൊടുത്തില്ല..? അപ്പോള്‍ ഞങ്ങൾ ജനങ്ങളുടെ വികസനമല്ല...മറിച്ച് അവരുടെ വായില്‍ മണ്ണ് വാരിയിടലാണ് നിങ്ങളുടെയൊക്കെ ലക്ഷ്യം...!

ഇങ്ങനെ ഒക്കെ വിളിച്ച് കൂവുന്നത് ആരേയും കരി വാരി തെയ്ക്കാനല്ല കേട്ടോ...!! കേരളത്തിന് വേണ്ടി എന്തേലുമൊക്കെ ചെയ്യാൻ വേണ്ടി ഒരാൾ മുന്നിട്ടിറങ്ങുമ്പോൾ അയാളേ തേജോവധം ചെയ്യാനൊരുങ്ങി നിൽക്കുന്ന ഉത്തരേന്ത്യൻ ലോബിക്ക് കൂട്ടായി കേരളത്തിലേ രാഷ്ടീയക്കാരും കോപ്പ് കൂട്ടുന്നത് കണ്ട് സഹി കെട്ട് പറഞ്ഞ് പോകുന്നതാണ്. ഒന്നോർത്ത് നോക്കൂ ... തരൂരിനേ എതിർക്കുന്ന ബി.ജെ.പി യുടെ ലക്ഷ്യം വ്യെക്തമല്ലേ...? ഓദ്യോദിക പദവി തരൂർ ദുരപയോഗം ചെയ്ത് അയാളുടെ കാമുകിക്ക് ഒത്താശ ചെയ്ത് പോലും....കഷ്ടം ...!! ആരാ ഈ പറയുന്നത് .....?? ഷിബൂ സോറനേപ്പോലുള്ളവർ വിരാജിക്കുന്ന പാർട്ടിയിലുള്ളവർ...!! കോടികളുടെ അഴിമതി കുംഭകോണങ്ങൾ നടത്തിയവർ രാജാക്കന്മാരേപ്പോലെ യഥേഷ്ടം വിലസുന്ന പാർട്ടികളിൽ‌പ്പെട്ടവർ...! ഇങ്ങ് കൊച്ച് കേരളത്തിലേ കാര്യം പറയുകയാണെങ്കിൽ തരൂരിനേ വിമർശിക്കുന്ന രാഷ്ട്രീയക്കാരുടെ പാരമ്പര്യം ഒന്നോടിച്ച് നോക്കൂ ... പെൺ വാണിഭത്തിന്റെ അമരത്തിരുന്ന നീലനും, ഐസ്ക്രീം തിന്നാൻ പോയ കുഞ്ഞനും, വിമാനത്തിലേ ഇരുട്ടിൽ എമർജസി എക്സിറ്റ് തേടി മുൻപിലിരുന്ന സ്ത്രീയുടെ പൃഷ്ഠ ഭാഗത്ത് തപ്പിയ ജോമോനും തുടങ്ങി നിരവധിയനവധി കലാകാരന്മാർ അണി നിരക്കുന്ന വിവിധ രാഷ്ട്രീയ കൊടികൾക്ക് കീഴിലുള്ളവർ....!!! ഈ മഹാന്മാർ കാണിച്ചതിന്റെ ഒരംശമെങ്കിലും ഈ തരൂർ കാണിച്ചിട്ടുണ്ടോ..? അല്ലെങ്കിൽ തന്നെ ശ്രീ തരൂരിന് സുനന്ദ പുഷ്കർ എന്ന സ്ത്രീയുമായി അടുപ്പമുണ്ടെന്ന് തന്നെ വെയ്ക്കുക. അതിലിപ്പോ ഇത്ര കൊട്ടിഘോഷിക്കാനെന്തിരിക്കുന്നു. രണ്ട് പേരുടെയും സമ്മതത്തോടെയുള്ള ബന്ധമല്ലേ അത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്ന് അവർ രണ്ട് പേരും പറയുകയും ചെയ്തു. ഇതിപ്പോ അവരുടെ രണ്ട് പേരുടെയും മക്കൾക്കും ..കുടുബക്കാർക്കും ഇല്ലാത്ത വേവലാതിയാണല്ലോ നമ്മുടെ രാഷ്ട്രീയക്കാർക്ക്....!! ഈ തരൂർ ലോക് സഭയിൽ “ നിങ്ങളിൽ തെറ്റ് ചെയ്യാത്തവർ എന്നേ കല്ലെറിയട്ടേ“ എന്ന് ചോദിച്ചാൽ നിങ്ങളിൽ എത്ര പേർ കാണും അപ്പോഴും മനസാക്ഷിക്കുത്തില്ലാതെ ഈ വിമർശനങ്ങളുമായി മുൻപിൽ..?

അപ്പോൾ പറഞ്ഞ് വന്നത് നിങ്ങൾ രാഷ്ട്രീയക്കാർ ഇങ്ങനെ പരസ്പരം വിഴുപ്പലക്കാതെ വല്ലപ്പോഴും നാടിനു വേണ്ടിയും എന്തെങ്കിലുമൊക്കെ ചെയ്യാൻ നോക്കൂ..!! അല്ല്ലെങ്കിൽ ആരെങ്കിലും എന്തെങ്കിലുമൊക്കെ ചെയ്യാനിറങ്ങുമ്പോൾ അവരോടൊപ്പം കൊടിയുടെ നിറം നോക്കാതെ തോളോടു തോൾ ചേർന്ന് അത് നേടിയെടുക്കാൻ നോക്കൂ..ഇതിനൊന്നിനും കഴിഞ്ഞില്ലെങ്കിൽ അവരേ കുറ്റപ്പെടുത്താതെയെങ്കിലുമിരിക്കുക. നിങ്ങൾ ജനസേവകരോട് ഞങ്ങൾ ജനങ്ങളുടെ ഒരപേക്ഷയാണിത്..!!

ഇനി വീണ്ടും നമ്മുക്ക് ലളിത് മോഡിയിലേക്ക് വരാം.“ പണ്ടിവനൊരു കടിയാൽ....“ ക്ഷമിക്കണം പെട്ടന്ന് കുഞ്ഞൻ നമ്പ്യാരുടെ ചില ശലകങ്ങൾ ഓർത്ത് പോയി. ഈ മോഡിയണ്ണൻ പണ്ട് അമേരിക്കയിൽ മയക്കു മരുന്ന് കടത്തിന് അറസ്റ്റിലായ ക്രിമിനലാണ് പോലും. പിന്നീടാണ് കോട്ടും സ്യൂട്ടുമൊക്കെയിട്ട് യോഗ്യനായത്. ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമൊക്കെ അധോലോക ബന്ധവുമുണ്ടെന്ന് കേൾക്കുന്നു. ഇതൊക്കെ കൂട്ടി വായിച്ച് നോക്കിയപ്പോൾ ഈയുള്ളവന്റെ മനസ്സിൽ ഒരു സംശയം..(ഇവന്റെ പശ്ചാത്തലം വച്ച് നോക്കുമ്പോൾ സംശയിച്ചില്ലേലെയുള്ളൂ അതിശയം) വെറും പോഴത്തമായോരു സംശയമാണ് കേട്ടോ..! ഇന്നലെ ബാംഗ്ലൂരിൽ നടന്ന സ്ഫോടനങ്ങൾ ഈ യോഗ്യൻ പ്ലാൻ ചെയ്തതല്ലേ എന്ന്. ഒന്നുകിൽ മാധ്യമ ശ്രദ്ധ തിരിച്ച് വിടാൻ ..ഇല്ലെങ്കിൽ ഉത്തരേന്ത്യൻ ലോബിക്ക് വേണ്ടി ബാംഗ്ലൂരിൽ നിന്നും കളി മറ്റെവിടേയ്ക്കെങ്കിലും മാറ്റാൻ. ഇതിൽ ആദ്യത്തേ ഉദ്ദേശ്യം ബാംഗ്ലൂർ പൊലീസും സർക്കാരും ചേർന്ന് പോളിച്ചടുക്കി. ഒരു മണിക്കൂർ വൈകിയാണെങ്കിലും കളി അവിടെത്തന്നെ ഭംഗിയായി നടത്തി .( കണ്ട് പഠിക്കട്ടേ നമ്മുടെ പോലീസും സർക്കാരും).

നമ്മുടെ പ്രധാന മന്ത്രി ശ്രീ:മൻ മോഹൻ അവർകളോട് ഒരപേക്ഷ...!! ഈ രാഷ്ട്രീയക്കോമരങ്ങളുടെ വാക്ക് കേട്ട് തരൂരിനെതിരേ നടപടികൾ സ്വീകരിക്കുന്നതിന് മുൻപേ അങ്ങ് മാദ്ധ്യമങ്ങളിലേ ( കേരളത്തേ സംബന്ധിച്ച് കാര്യമായതിനാൽ..കേരളത്തിലെ മാദ്ധ്യമങ്ങൾ) എക്സിറ്റ് പോളുകളിൽ ഈ പ്രശ്നത്തിൽ തരൂരിനു ലഭിച്ച് കൊണ്ടിരിക്കുന്ന ജന പിന്തുണ ഒന്ന് നോക്കണം. കേരളത്തിലേ 80 % ജനങ്ങളും തരൂരിനൊപ്പമാണെന്ന നഗ്ന സത്യം അങ്ങേക്ക് മനസ്സിലാവും. അതല്ല അങ്ങും ഈ രാഷ്ട്രീയക്കോമാളിത്തരത്തിന് കൂട്ട് നിൽക്കുകയാണെങ്കിൽ.....ഒന്നറിയുക ..അങ്ങ് ഒഴിവാക്കുന്നത് അങ്ങയുടെ മന്ത്രി സഭയിലേ ഒന്നാന്തരമൊരു നയതന്ത്രജ്ഞജ്ഞനേയും ജന സേവകനേയുമാണ്.

ഓടോ:- യഥർത്ഥത്തിൽ മോഡിയും ശശിയണ്ണനുമായുള്ള പ്രശ്നം സുനന്ദയല്ലെന്നും .."ഗബ്രിയേല" എന്ന സൌത്താഫ്രിക്കൻ മോഡലാണെന്നുമാണ് ഇപ്പോൾ കിട്ടിയ അറിവ്. ഈ സുന്ദരി ഇന്ത്യയിലേക്ക് വരുന്നതിൽ മോഡിയണ്ണന് അത്ര പഥ്യമല്ല പോലും..!! ( 2009 -ൽ സൌത്താഫ്രിക്കയിൽ കിട്ടിയ ചൂട് 2010-ൽ വീട്ടുകാരറിയുമ്പോൾ ഉണ്ടായേക്കാവുന്ന ചൂടോർത്താവാം).അതിന് ഇഷ്ടൻ തരൂരണ്ണന്റെ ഓഫീസുമായി ബന്ധപ്പെട്ട് ഓളുടെ വിസ തടയണം എന്നാവിശ്യപ്പെട്ടെന്നും തരൂരണ്ണന്റെ ഓഫീസിലുള്ളവർ കൊഞ്ഞനം കുത്തിക്കാണിച്ചെന്നുമാണ് വിശ്വസ്തമായ കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ വിവരം . ( എന്തിരോ എന്തോ..?)

തരൂരണ്ണന് ഒരല്പം വാൽക്കഷ്ണം:- തരൂരണ്ണാ....!!! ആ സുനന്ദയക്ക ദേണ്ട് 70 കോടി പുല്ലു പോലെ വലിച്ചെറിഞ്ഞിട്ട് നിൽക്കുന്നു. അണ്ണനും ഈ മന്ത്രിപ്പണി പോയാൽ പോട്ടെന്ന് വച്ചിട്ട് ആ ചേച്ചിയേ കെട്ടാൻ നോക്ക്. ഞങ്ങൾ സാധാരണ ജനങ്ങൾ അങ്ങയേ കുറ്റപ്പെടുത്തില്ല കാരണം താങ്കളിലേ ജനസേവകനിലേ നന്മ ഞങ്ങൾക്കറിയാം. താങ്കളേപ്പോലുള്ളവർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ പണി. ഇത് ആസനത്തിൽ ആല് മുളച്ചാലും അത് തണലെന്ന് കരുതുന്നവർക്കും ....സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മേലാളന്മാരുടെ ഗുഹ്യ ഭാഗങ്ങൾ പൊലും ക്ഷൌരം ചെയ്ത് കൊടുക്കാനും മടിയില്ലാത്ത രാഷ്ട്രീയ ഹിജഡകൾക്ക് പറഞ്ഞിട്ടുള്ളതാണ്. താങ്കളേ ഈ ഗണത്തിൽ ഞങ്ങൾ പെടുത്തുന്നില്ല.അതു കൊണ്ട് താങ്കൾക്ക് എന്ത് തീരുമാനവുമെടുക്കാം ..ഞങ്ങളുണ്ട് കൂടെ...!! ഭാരത് മാത കി ജയ്...!!

Tuesday 13 April 2010

ഹമ്പടാ..വീരാ.!!! കളി ..ഞങ്ങളോടൊ..?

ക്രിക്കറ്റൊ....??

അതും മദ്രാസിക്കോ...??ഏയ്....!!!

എന്ത് ..?? സ്വന്തമായി ടീമും വേണമെന്നോ...? നല്ല കാര്യം..... അയ്യെടാ...മണമേ...ഇപ്പം നടന്നത് തന്നെ....!!! വേണേല്‍ ശാന്തപ്പനേപ്പോലെ ഒന്നോ രണ്ടോ ..കളിക്കാരേ ഏതേലും ടീമില്‍ കളിപ്പിക്കാം എന്നതിലുപരിയൊന്നും ആരും ഒന്നും പ്രതീക്ഷിക്കെണ്ട.... കേട്ടോ ...!! ടീം വാങ്ങാന്‍ വന്നേക്കുന്നു... പൊയ്ക്കോണം പറഞ്ഞേക്കാം...!!

എനിക്കു  IPL കണ്ട് വട്ടായി എന്ന് ആരും കരുതരുത് കെട്ടോ. ഞാന്‍ നമ്മുടെ മോഡിയണ്ണന്‍ (താടിയുള്ള മോഡിയല്ല കേട്ടോ...ഇത് സ്യൂട്ട് മോഡി - ഈ സ്യൂട്ടിനൊക്കെ എന്ന് മുതലാണാവോ ലാളിത്യമുണ്ടായത്..?) കഴിഞ്ഞയാഴ്ചയൊക്കെ  ഉറക്കത്തില്‍  വിളിച്ച് പറഞ്ഞിരുന്ന പിച്ചും പേയും മലയാളിവത്കരിച്ചു എന്നേയുള്ളൂ..!!

പക്ഷേ ...കാര്യങ്ങള്‍ ആകെ കുഴഞ്ഞ് മറിഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി അങ്ങേര്‍ക്ക് ഉറക്കമില്ലത്രേ...!! കാരണം മറ്റൊന്നുമല്ല....നമ്മുടെ സ്വന്തം ശശിയണ്ണന്‍ മുണ്ടും മടക്കിക്കുത്തി “ഡേയ് ..പയലേ... മോഡി...!! നീ കരുതുന്ന കേരളമല്ല..യഥാര്‍ത്ഥ കേരളം...കേരളമെന്തെന്ന് അറിയണമെങ്കില്‍ ..നീ ആദ്യം മുണ്ട് എന്താണെന്നറിയണം..അത് മടക്കിക്കുത്തി കുട്ടീം കോലും, കിളിത്തട്ടുമൊക്കെ കളിക്കാന്‍ അറിയണം... അല്ലാതെ ബ്ലാക്ക് ലേബലും ...ബ്ലാക്ക് ബെറിയും കയ്യില്‍ പിടിച്ച് കോടികള്‍ കൊണ്ടാമ്മാനമാടുന്ന നിന്റെ ഉത്തരേന്ത്യന്‍ ബിസിനസ്സ് സംസ്കാരമല്ല ഞങ്ങളുടേത്... കുരുമുളകും,അടക്കയും, ഒട്ട് പാലിലും തുടങ്ങി.....മില്യണുകളുടെ അബ്കാരി ലേലം വരെ പുല്ല് പോലെ മുണ്ടും മടക്കിക്കുത്തി (വേണമെങ്കില്‍ അഴിച്ച് തലയിലും കെട്ടി) നടത്തുന്ന കൊച്ച് കച്ചവടക്കരുടെ നാടാണിത്. ഈ കച്ചവട ബുദ്ധി നിന്നേ പോലെ ഉണക്ക റൊട്ടി തിന്നാല്‍ ഉണ്ടാവില്ലെടോ..!!അതിന് കപ്പേം..ചോറും ..മീന്‍ കറീം ..കള്ളും ..വാറ്റുമൊക്കെ കഴിക്കണം...പോരാത്തതിന് ഇതൊക്കെ ചെയ്യണമെങ്കില്‍...സെന്‍സ് വേണം...സെന്‍സിറ്റിവിറ്റി വേണം..സെന്‍സിബിലിറ്റി വേണം....
സോ...നീ പോ മോനേ ദിനേശാ...!!” എന്നൊക്കെ ഡയലോഗുമടിച്ച് ‍....ഈ മോഡിപ്പയലിനേ അര്‍ദ്ധ രാത്രി കിടക്കപ്പായില്‍ പിടിച്ചിരുത്തി നമ്മുടെ ടീമിന്റെ രേഖകളില്‍ ഒപ്പിടീച്ചെന്നാണ് കേട്ടത്...!!
അപ്പോള്‍ മോഡി ലൈന്‍ മാറ്റി തനി ഗുണം കാണിച്ചു.ഓഹരികളില്‍ പങ്കാളിത്തം വേണമത്രെ...!! അതും നടക്കത്തില്ല എന്ന് വന്നപ്പോള്‍... “ദേണ്ടെ ആ തരൂരുണ്ടല്ലോ...അയാള് വേറേ കെട്ടാന്‍ പോവാ..ആ പെണ്ണിന് കേരളാ ടീമില്‍ ആസ്തിയുണ്ട്. അത് തരൂരിന് സ്ത്രീധനമായിക്കിട്ടും...“ എന്നൊക്കെ ചില കുശുമ്പിപ്പെണ്ണുങ്ങളേപ്പോലെ വിളിച്ച് പറയാന്‍ തുടങ്ങി.

ഹും...അല്ല ഇവനിതാരോടാ കളി..നമ്മളോട്...നമ്മുടെ തരൂരണ്ണനോട്....കേട്ട പാതി കേള്‍ക്കാത്ത പാതി അണ്ണന്‍ റോണ്‍ദിവൂ പിള്ളേരെ വിളിച്ച് പറയുന്നു...പിള്ളേര്‍ അവനേയും വല്യപ്പനെയും (ബി.സി.സി.ഐ) വിളിച്ച് വാണ്‍ ചെയ്യുന്നു...“ മര്യാദക്ക് ഞങ്ങടെ ശശിയണ്ണനോട് മാപ്പ് പറഞ്ഞോണം...അത് മാത്രം പോര ....എന്തായാലും നീ ഞങ്ങടെ ആസ്തി ലോകരുടെ മുന്‍പില്‍ വെളിപ്പെടുത്തീല്ലേ...അത് പോലെ നീ നിന്റെ മറ്റ് മച്ചമ്പിമാരുടെയും..കൊച്ചമ്മമാരുടെയും ആസ്തി എത്രയെന്ന് വെളിപ്പടുത്തണം. ഇല്ലേല്‍ മോഡിക്കുഞ്ഞേ.....അമ്മയാണെ..!!.നിന്നേ ടിപ്പറു കയറ്റിക്കൊല്ലുമെന്ന്.....!!!

ശ്ശോ പാവം മോഡി....ഇപ്പോള്‍ കരുതുന്നുണ്ടാവും....വേലിയില്‍ ഇരുന്ന പാമ്പിനേയാണല്ലോ ഈശ്വരാ ഞാനെടുത്ത് മറ്റേയടുത്ത് വച്ചത് എന്ന്..!!
എന്താ നിങ്ങളുടെ അഭിപ്രായം.....????

Sunday 28 March 2010

ഒരു പ്രണയ ഗീതം



കൊഴിഞ്ഞുപോയ കാലങ്ങളറിയാതെ
കാത്തിരിപ്പൂ ഞാന്‍ നിന്നേയെന്നോമല്‍സഖീ..
ഇനിയുമെത്ര നാള്‍ കഴിഞ്ഞാലെന്‍ -
തപസ്സിനന്ത്യം ചൊല്ലീടുക നീ പ്രിയേ!


അടുക്കുവാനാശയുണ്ടകതാരിലേറെയെങ്കിലും
അകന്നുനില്‍ക്കുന്നു നീയെന്‍ തേങ്ങലറിയാതെ !
ഭയക്കാതെ നീ വൃഥാ വിണ്ണിലെ തത്വശാസ്ത്രത്തെ,
വിശ്വസിച്ചീടുകയെന്‍ പ്രണയമാം നിത്യ സത്യത്തേ !


ഇനിയുമെന്തിനീ‍പ്പരീക്ഷ, പ്രേമ വിഷം മോന്തി
നീറുമീ പാവമാം പ്രണയ ദാസനോട്
അരുളുക വരമരുളുക ദേവീ.. നീയേകുക
മോക്ഷമടിയനീ കൊടുംതപത്തില്‍ നിന്നും !


കേള്‍ക്കാനൊരുങ്ങുക സഖീ, നിന്നിലെയുള്‍വിളി
അണഞ്ഞീടുക, നീയെന്‍ ചാരത്തീ, പ്രണയ-
പ്പൊയ്കയില്‍ നീന്തിത്തുടിച്ച്‍ രചിക്കാം
നാമിരുവരും ചേര്‍ന്ന് ശ്രുതിമധുരമായോരു പ്രണയഗീതം..!!

Friday 12 March 2010

ബിഗ് ലോയും ..ഓസ്കാറും....പിന്നെ നമ്മുടെ കാമറൂണ്‍ ചേട്ടനും...!!!



ബിഗ് ലോയും ..ഓസ്കാറും....പിന്നെ നമ്മുടെ കാമറൂണ്‍ ചേട്ടനും...!!!

ഇത്തവണത്തേ ഓസ്കാര്‍ വിധി നിര്‍ണ്ണയം കുറ്റമറ്റതോ..?

തലക്കെട്ട് കാണുമ്പോള്‍ ചരിത്രത്തിലാദ്യമായി ഒരു വനിതക്ക് മികച്ച സംവിധായികയ്ക്കുള്ള ഓസ്കാര്‍ ലഭിച്ചതില്‍ എനിക്കെന്തോ അസൂയ ഉള്ളത് കൊണ്ടാണ് ഇങ്ങനെ ഒരു ബ്ലോഗ് ഇട്ടത് എന്ന് ആരും തെറ്റിദ്ധരിക്കല്ല് കേട്ടോ. അങ്ങനെ ഒരു ചിന്തയും എനിക്കില്ല. മാത്രവുമല്ല വനിതാ ദിനത്തില്‍ ഏതോ ബില്ലും പാസ്സകുന്നതും കാത്ത് വന്‍ പ്രതീക്ഷയില്‍ ഇരുന്ന നമ്മുടെ ഭാരതത്തിലേ മഹിളാ മണികള്‍ക്ക് മാത്രമല്ല , ലോകം മുഴുവനുമുള്ള എല്ലാ പെണ്‍ പ്രജകള്‍ക്കും അഭിമാനിക്കാവുന്ന ഒരു മുഹുര്‍ത്തമായിരുന്നു അത്. തന്റെ മുന്‍ ഭാര്യക്ക് ഓര്‍ക്കാപ്പുറത്ത് ലഭിച്ച അംഗീകാരത്തില്‍ കുശുമ്പേതുമില്ലാതെ ..വളരെ പ്രസന്നനായി സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടെ അവരുടെ തോളില്‍ തട്ടി അഭിനന്ദിച്ച കാമറൂണ്‍ അണ്ണന്റെ മനസ്സ് തന്നെ എനിക്കും. ഒരു പക്ഷേ അതിലും കൂടുതല്‍ ഒരു പുരുഷന്‍ എന്ന നിലയില്‍ ഞാന്‍ അക്കാര്യത്തില്‍ സന്തോഷിക്കുന്നു കാരണം “ ഒരു വനിത എന്ന നിലയില്‍ ... മറ്റ് സാധാരണ പുരുഷകേസരികളേക്കാള്‍ അവര്‍ ഒരുപടി മുന്നിലായതു കൊണ്ടാവാം ..അല്ലെങ്കില്‍ പണ്ട് പുരുഷന്മാരുടെ വാരിയെല്ല് കടം കൊടുത്തത് പാഴായിപ്പോയില്ലെല്ലോ എന്ന ആനന്ദമാവാം...അതെന്തുമാവട്ടേ...
ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കാര്യം ഇതൊന്നുമല്ല കേട്ടോ..

നമ്മുടെ കാമറൂണ്‍ അണ്ണന്‍ വര്‍ഷങ്ങള്‍ളുടെ പരിശ്രമങ്ങള്‍ക്ക് ശേഷം ഒരു പടുകൂറ്റന്‍ ചിത്രവുമായി വന്നതാണ് (അല്ലേലും അങ്ങേര്‍ ഇങ്ങനെയാ ...എന്തേലും ചെയ്യുവാണേല്‍ അത് നല്ലതായിരിക്കണം .. മറ്റാരും ചെയ്യരുത് എന്ന് നിര്‍ബ്ബന്ധമുള്ള മനുഷ്യനാ). ഒരു വിസ്മയിപ്പിക്കുന്ന അവതാരം എന്നല്ലാതെ അങ്ങേരേയും ആ ചിത്രത്തെയും വിശേഷിപ്പിക്കാതിരിക്കാന്‍ എനിക്കാവില്ല. സയന്‍സ് ഫിക്ഷനുകളുടെ മാസ്മരികതക്കുള്ളില്‍ അതിലും മനോഹരമായി ഒരു പ്രണയ കഥ. അമ്പരപ്പോടെയല്ലാതെ ആ ചിത്രം കണ്ടിരിക്കാന്‍ ഒരു പ്രേക്ഷകനും (കോമണ്‍സെന്‍സുള്ള) കഴിയില്ല. മറ്റൊരു രീതിയില്‍ ആ ചിത്രം വീക്ഷിക്കുകയാണെങ്കില്‍ ...ആദ്യം അത് അടിച്ചമര്‍ത്തപ്പെടുന്നവന്റെ ദൈന്യതയും ... പിന്നീട് അത് നില്‍ക്കക്കള്ളിയില്ലാതെ വരുമ്പോള്‍ അവന്‍ തിരിച്ചടിക്കുന്നതുമാണ് ആ കഥയുടെ കാതല്‍ എന്ന് നമ്മുക്ക് മനസ്സിലാവും. ശരിക്കും പറഞ്ഞാല്‍ ഇന്ന് അമേരിക്ക തങ്ങളുടെ ഉന്നമനത്തിനായി മറ്റ് പല രാജ്യങ്ങളിലും കാണിച്ചു കൂട്ടുന്ന കൊള്ളരുതായ്മയുടെ ഒരു നേര്‍ചിത്രമല്ലേ ഈ അവതാരം എന്ന് തീര്‍ച്ചയായും സംശയിക്കാം (സംശയം എന്നല്ല ശരിക്കും നമ്മുടെ കാമറൂണ്‍ അണ്ണന്‍ ഉദ്ദേശിച്ചതും അത് തന്നെ ...ഇരിക്കട്ടേ അമേരിക്കയുടെ തോന്ന്യാസത്തിന് ഒരു കൊട്ട് എന്ന് )

ഇനി നമ്മുക്ക് നമ്മുടെ ബിഗ് ലോ ചേച്ചിയുടെ ചിത്രത്തിലേക്ക് വരാം ....ഒരു അവറേജ് ചിത്രത്തിലുപരി ഒന്നും തന്നെ ഈ ചിത്രത്തിലില്ല എന്നത് വാസ്തവമാണെന്ന് പറഞ്ഞാല്‍ ആരും പിണങ്ങരുത്. ഒരു സാധാരണ അമേരിക്കന്‍ പട്ടാള ചിത്രം. ഇതിലും എത്രയൊ നല്ല അമേരിക്കന്‍ പട്ടാള മേധാവിത്വത്തിന്റെ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിരിക്കുന്നു. (Iron Man, GI Joe, The Kingdom, State of Play..etc). ഈ ചിത്രങ്ങളിലെല്ലാം അമേരിക്കന്‍ ആര്‍മിയുടെ ശക്തിയുടെയും, ടെക്നോളജിയുടെയും മുഴുപ്പ് നമ്മുക്ക് കാണാന്‍ കഴിയും. ഇങ്ങനെയുള്ള എല്ലാ അമേരിക്കന്‍ പട്ടാള ചിത്രങ്ങളിലും ഹോളീവുഡും, അമേരിക്കന്‍ പട്ടാള ഭരണകൂടവുമായുള്ള അനിഷേധ്യമായ ബന്ധം (പരസ്യമായ ഒരു രഹസ്യം) നമ്മുക്ക് കാണാന്‍ കഴിയും. ബിഗ് ലോ ചേച്ചിയുടെ ചിത്രവും അതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല.ശരിക്കും പറഞ്ഞാല്‍ ഇറാഖില്‍ അമേരിക്ക കാണിച്ചിട്ടുള്ള .. അല്ലെങ്കില്‍ ഇപ്പോഴും കാണിച്ച് കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളേ (ചില പ്രവൃത്തികളെങ്കിലും അങ്ങനെയാണ്) ലോകരുടെ മുന്നില്‍ വെള്ള പൂശിക്കാണിക്കുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ഒരു വനിതാ സംവിധായിക എന്ന നിലയില്‍ ചേച്ചി മുറ്റാണ് ...സംശയമില്ല (അഭിനേതാക്കളും മോശമില്ല). പക്ഷേ ബിഗ് ലോ ചേച്ചീ ഒന്നറിയുക .. ..ചേച്ചിയുടെ ദി ഹര്‍ട്ട് ലോക്കര്‍ ...അവതാരത്തേക്കാള്‍ മികച്ചതായത് കൊണ്ടോ ....ചേച്ചിയുടെ സംവിധാനം ..കാമറൂണ്‍ അണ്ണന്റെ സംവിധാനത്തേക്കാള്‍ മികവുറ്റതായതു കൊണ്ടോ അല്ല ചേച്ചിക്ക് ഇത്തവണത്തേ ഓസ്കാര്‍ കിട്ടിയത് എന്ന്. വെണ്ടയ്ക്ക കൊടുത്ത് ചുണ്ടയ്ക്ക വാങ്ങി എന്ന് പറയുമ്പോലെ ഞങ്ങടെ കാമറൂണ്‍ അണ്ണന്‍ ചുമ്മാ ഇരിക്കട്ടേ അമേരിക്കന്‍ അധിനിവേശത്തിന് ഒരു കൊട്ട് എന്ന് ചിന്തിച്ച് ഒരു നല്ല പടമെടുക്കുകയും..അത് കണ്ട് അമേരിക്കന്‍ പട്ടാളവും ..ഹോളീവുഡിലേ അവരുടെ ശിങ്കിടികളും ചേര്‍ന്ന് തങ്ങളേ കൊട്ടിയവനിട്ടിരിക്കട്ടേ ഒരു കിണ്ണന്‍ കുത്ത് എന്ന് വിചാരിച്ചത് കൊണ്ടാണ് ചേച്ചിക്ക് ഇത്തവണത്തേ ഓസ്കാര്‍ കിട്ടിയത്. ഉന്തിന്റെ കൂടെ ഒരു തള്ള് എന്ന് പറയുന്നത് പോലെ കാമറൂണ്‍ ചേട്ടന്‍ ..ചേച്ചിയുടെ മുന്‍ ഭര്‍ത്താവായിരുന്നു എന്നുള്ളത് വിധിയുടെ ഒരു കുത്തായിരുന്നിരിക്കാം. ആവോ അറിയില്ല...?

Tuesday 23 February 2010

കാലചക്രം തിരിയുമ്പോള്‍




കാലചക്രം തിരിയുമ്പോള്‍

കാളകൂടം വമിയ്ക്കും ചോര ...,
നുരയ്ക്കുന്നു എന്‍ നിണ വാഹിനികളില്‍ ...!
വപുസ്സില്‍ നിറയും വേദനത്തീയില്‍
ഉരുകുന്നുവെന്‍ മനസ്സിന്‍ വേപഥു..!

പൈതൃകമല്ലെയെന്‍ കര്‍മ്മത്തിന്‍ ഫലവുമല്ല
പിന്നയുമെന്തിനുമീച്ചതി..! എന്തിനീ പരീക്ഷ ...!
വിജയിക്കയില്ലെന്നറിഞ്ഞു കോണ്ട്..? എങ്കിലു –
മേതിനോ വിഫല ശ്രമം നടത്തുന്നു ഞാനെന്ന വിഢ്ഢി..!

കറുത്ത കുപ്പായമിട്ടിരുളിലെവിടെയോ
മറഞ്ഞിരുപ്പുണ്ടവന്‍ ...! ആ കാല സത്യം..!
കൊണ്ട് പോവുമവന്‍ ഒരു നാളിലെന്നേ
കൈ പിടിച്ചാനയിച്ചവന്റെയൊപ്പം...!

ഉരുളാതിരിയ്ക്കില്ല ആ കാലചക്രം..!
വഴി മാറിയൊഴുകില്ല ആ നിത്യസത്യം ..!
എങ്കിലുമറിയാതെ അകതാരില്‍ നിറയുന്നു
പൂര്‍ത്തീകരിയ്ക്കാത്ത സ്വപ്നങ്ങളേറെ ബാക്കി...!

ഇനിയുമൊരിക്കല്‍ ഞാനെത്തുമെന്‍
സ്വപ്നങ്ങള്‍തേടിയതുവരെയഭയം തേടിയുറങ്ങട്ടെ
മതിവരുവോളമീ സത്യത്തിന്‍ മടിത്തട്ടില്‍..
അനശ്വരമാമീശ്വര വലയത്തില്‍...!

Friday 5 February 2010

രക്ത രക്ഷസ്സ്

രക്ത രക്ഷസ്സ്

കഥകളില്‍ ഞാനൊരു രക്ഷസ്സ്
ചുടു ചോര മോന്തുന്ന രക്ഷസ്സ്
ദൈന്യത തീണ്ടാത്ത രക്ഷസ്സ്
നാട്യ ചാതുര്യമേറുമൊരു രക്ത രക്ഷസ്സ്..!

കൂട്ടിലടയ്കാനൊരുങ്ങീ പലരും, അന്നെന്‍ മുമ്പില്‍
തോറ്റമ്പി കടമറ്റത്തച്ചനും, മൂസതും ശിഷ്യരും
പാടി നടന്നെന്‍ ഗാഥകള്‍ പാണനും പാക്കനാരും
വിശ്വ വിഖ്യാത, ഞാനൊരു രക്ത രക്ഷസ്സ്...!

മാറ്റാനൊരുങ്ങീല ഞാനാ പുറംചട്ട-
യെന്നിലേ സ്ത്രീയ്ക്കൊരു രക്ഷയേകാന്‍ !
ലോകരേ ഭയചകിതരാക്കി നേടി ഞാന-
ബലയാമെന്നുടെ വര്‍ഗ്ഗത്തിന്നൊരു കവചം !

മുന്‍ കാല ഗാഥകള്‍ കൊട്ടിഘോഷിച്ചിവ-
രിന്നെന്നേ ചെയ്തൂ വിചാരണ നിര്‍ദ്ദയം,നിസ്സംശയം..!
ഊറ്റിയെടുത്തവരെന്നുടെ ചോരയും നീരു-
മിവര്‍ ലൌ ജിഹാദിന്‍ മേല്‍ മൂടിയിട്ടവര്‍ !

കാണാനൊരുമ്പെട്ടില്ലാരുമെന്‍ ദീനത -
ഇന്നെന്‍ മേനിയിലാണിവര്‍ക്ക് കമ്പം
തേറ്റയില്‍ ചുണ്ണാമ്പ് തേച്ച് വെളുക്കെച്ചി-
രിച്ചിവര്‍, മന്ത്രങ്ങളോതീ ആര്‍ത്തു ചിരിച്ചു..!

ക്യമറക്കണ്ണില്‍ നിന്നോടിയൊളിക്കവേ
ഓര്‍ത്തു ഞാനെന്താണെന്നുടെ ചെയ്തികള്‍ ?
വെളുക്കെച്ചിരിച്ചതില്‍ മയങ്ങിപ്പോയതോ?
ആദ്യമായ് കിട്ടിയ സ്നേഹം മണത്തതോ?

തടുത്തു ഞാനായിരം ചോദ്യ ശരങ്ങളേ
കേട്ടാലറയ്ക്കും വിചാരണ രീതിയേ..!
ആശയറ്റെനിക്കിന്നീ നീതിത്തുലാസ്സില്‍
അന്ധത പുല്‍കുമീ അഭിനവ ഗാന്ധാരിയില്‍ !

ഇനിയെന്‍ പാതയില്‍ നിറയും ശരശയ്യ..!
കാലിട്ടടിക്കുന്നു കൈകളില്‍ സ്നേഹത്തിന്‍
സമ്മാനമെങ്കിലുമോങ്ങുക കല്ലുകളെന്നില്‍
നിങ്ങളില്‍ പാപം ചെയ്തീടാത്തവര്‍ .!!

Friday 15 January 2010

പ്രവാസ പര്‍വ്വം

പ്രവാസ പര്‍വ്വം

കാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍

കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍


ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.


കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍


കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!


ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!

Wednesday 6 January 2010

ജന്മശിഷ്ടം

ഒരു ആയുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഹോമിച്ചിട്ടും ......എന്നെങ്കിലും ഒരിക്കല്‍ എന്തെങ്കിലും രോഗം മൂലമോ, പ്രായാധിക്യം മൂലമോ ശയ്യാവലംബി ആകുമ്പോള്‍ ശിശ്രൂഷിക്കാനാളില്ലാതെ..ആരാലും വെറുക്കപ്പെട്ട്, “വിരമിക്കല്‍ വീട് ” എന്നോമനപ്പേരിട്ട് വിളിക്കുന്ന വയോജന മന്ദിരങ്ങളിലേക്കും, ആശുപത്രിക്കിടക്കകളിലേക്കും, സ്വന്തം വീട്ടിലേ തന്നെ ഒരു മൂലയിലേക്കും മറ്റും വലിച്ചെറിയപ്പെടുന്ന കുറേ മനുഷ്യ ജന്മങ്ങളുടെ സ്വപനങ്ങള്‍ക്ക് മുന്‍പില്‍ ഞാനിത് സമര്‍പ്പിച്ചു കൊള്ളുന്നു.

ജന്മശിഷ്ടം

തെക്കിനിക്കോലോത്തെ ഉമ്മറപ്പടിയിലെ
തൂണിനരികില്‍ ക്ലാവുപുരണ്ടോരോട്ടുകിണ്ടി
ചാണകം നാറുന്ന, ചിതലുകളോടുന്ന
തറയിലിരിക്കുമവനോരു നിര്‍ഭാഗ്യവാന്‍..!

ആതിഥ്യമരുളിയോന്‍, തീര്‍ത്ഥംതളിച്ചോന്‍
യാഗശാലകളില്‍ മേല്‍ശാന്തിയായോന്‍
മോറിവെയ്ക്കാനാരുമില്ലാതെ ക്ലാവുപുരണ്ട്
ഭ്രഷ്ടനാക്കപ്പെട്ടോ,നിവനൊരു പടുജന്മം!

വിപ്രതിപത്തിയേറും മോറുകള്‍
ചാമ്പലും മണലുമൊത്തുള്ള കൂട്ടുകള്‍
അവനില്‍ നിറച്ചു‍ നിണമൊഴുകും വടുക്കളും
എന്നും വിങ്ങലൊഴിയാത്ത വിരൂപതയും!

പൂര്‍വികശാപമോ മുജ്ജന്മപാപമോ
മുന്‍പേപറന്നവര്‍ മറന്നിട്ടുപോയതോ
അപരാധമെന്തേ ചെയ്തെന്നറിയില്ലിന്ന്,
നാശമ്പിടിച്ചോനെന്നുള്ള പ്രാക്കുകള്‍ ബാക്കി!

തട്ടിന്‍ പുറത്തോ...?, ആക്രിക്കടയിലോ...?
ആതുരാലയത്തിലെ ചില്ലിന്‍ കൂട്ടിലോ...?

ഇനിയവന്റന്ത്യമെന്നുള്ള ചോദ്യം
ഭാവിത്തുലാസില്‍ നര്‍ത്തനമാടുമ്പോഴും
പുളിതേച്ച കുളിയും, കളഭം ചാ‍ര്‍ത്തലും,
ഹാ‍രമണിയലും തീര്‍ത്ഥം തളിക്കലും
സ്വപ്നാടനമായ് അവന്റന്തരംഗത്തില്‍
വിരിക്കുന്നു ചുവന്നപട്ടുവീണ്ടും..!

LinkWithin

Related Posts with Thumbnails