Tuesday, 22 November 2011

മരണ മണി മുഴങ്ങുന്നു....!!!

മരണ മണി മുഴങ്ങുന്നു....!!!


മരണം വാതിക്കലൊരു നാള്‍ .......
മഞ്ചലുമായ് വന്നു നില്‍ക്കുമ്പോള്‍ ......!!!


പ്രേമനൈരാശ്യം മൂലം ആത്മഹത്യ മുന്നില്‍ കണ്ട് പാടിയതൊന്നുമല്ല കേട്ടോ...!! ഈയിടയായി ഒരു കൂട്ട മരണത്തിന്റെ കൊലവിളി എന്റെ കാതുകളില്‍ മുഴങ്ങുന്നു.... !!! ഇതൊരു വെറും മരണ മണിയുടെ മുഴക്കമല്ല.........!!! വരാന്‍ പോകുന്ന ഒരു സംഹാര താണ്ഡവത്തിന്റെ ഹുങ്കാരമാണത് ....!!!!

അതേ....എപ്പോഴും മനസ്സിനേ വിറങ്ങലിപ്പിക്കുന്ന ആ ചുഴിയിളക്കങ്ങളുടെ ഹുങ്കാരം മറ്റെവിടെയും നിന്നല്ല....!!!

“ മരണ മണി മുഴക്കുന്ന മുല്ലപ്പെരിയാറില്‍ നിന്നു തന്നെ....!!! ”
ഇപ്പോള്‍ നിങ്ങള്‍ക്കും കേള്‍ക്കാനാവുന്നില്ലേ....ആ ഭയാനക ശബ്ദം....!!! മരണത്തിന്റെ തണുപ്പ് മെല്ലെ..മെല്ലെ സിരകളിലേക്കരിച്ചു കയറുന്നില്ലേ........??

ഇത് നമ്മുക്ക് നമ്മള്‍ തന്നെയെഴുതി വച്ച വിധിയാണ്. ഓരോ മലയാളിക്കും ഇതില്‍ പങ്കുണ്ട്. എല്ലാവരും ഞാനെന്തു ചെയ്യാന്‍ എന്ന ഭാവത്തില്‍ തണുത്തുറഞ്ഞ് പോയതു കൊണ്ടാണ് നാളെ ആ ദുരന്തം ഉണ്ടാവാന്‍ പോകുന്നത്....!! അനുഭവിച്ചോളൂ.....!!!!

എവിടാണ് മുല്ലപ്പെരിയാര്‍ ഡാം...?? എന്താണവിടുത്തേ ഇത്ര ഭീകരമായ പ്രശ്നം....??? ഇതൊക്കെ അറിയാവുന്ന എത്ര മലയാളികള്‍ ഉണ്ട് നമ്മുക്കിടയില്‍ ....??? ഇതെഴുതുന്നതിനിടയില്‍ ഫോണില്‍ വിളിച്ച ഈയുള്ളവന്റെ ഭൈമി പോലും ചോദിച്ചു “ മുല്ലപ്പെരിയാര്‍ ഡാമോ..? അതങ്ങ് തമിഴ് നാട്ടിലല്ലേ...?? ”

ചിരിക്കാന്‍ വരട്ടേ....!! അഭ്യസ്ത വിദ്യരെന്നഭിമാനിക്കുന്ന മോഡേണ്‍ മലയാളികളില്‍ മിക്കവര്‍ക്കും അറിയില്ലാത്ത കാര്യമാണത്. അല്ലെങ്കില്‍ അറിയാമെങ്കില്‍ കൂടി ബോധപൂര്‍വ്വം മറന്നു കളയുന്ന ഒരു മഹാ വിപത്ത്....!!!

എവിടാണ് മുല്ലപ്പെരിയാര്‍ ഡാം....??

കേരളത്തിലെ ഇടുക്കി ജില്ലയിൽ, കേരളത്തിലേ 44 നദികളിലും ഏറ്റവും ഉപയോഗപ്രദമായ..കേരളത്തിന്റെ ജീവരേഖയെന്നറിയപ്പെടുന്ന പെരിയാർ നദിക്ക് കുറുകേ പണി കഴിപ്പിച്ചിരിക്കുന്ന അണക്കെട്ടാണ്‌ മുല്ലപ്പെരിയാർ അണക്കെട്ട്.ലോകത്തിൽ ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളിൽ ഏറ്റവും പഴക്കം ചെന്നതാണിത്. നിർമ്മാണകാലഘട്ടത്തിൽ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടായിരുന്നു. ചുണ്ണാമ്പും സുർക്കിയും ഉപയോഗിച്ചു നിർമ്മിച്ച അണക്കെട്ടുകളിൽ ലോകത്ത് ഇന്ന് നിലവിലുള്ള ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇന്ന് ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നാണിത് . തേക്കടിയിലെ പെരിയാർ വന്യ ജീവി സങ്കേതം, ഈ അണകെട്ടിന്റെ ജലസംഭരണിക്ക് ചുറ്റും സ്ഥിതി ചെയ്യുന്നു. കേരളത്തിൽ തന്നെ ഉത്ഭവിച്ച് അവസാനിക്കുന്ന വൃഷ്ടിപ്രദേശമാണ് അണക്കെട്ടിനുള്ളത്.

ഇനിയൊരല്പം ഫ്ലാഷ് ബാക്ക്....!!

നൂറ്റാണ്ടിന്റെ പഴക്കമുള്ള സത്യം...!! 1867 - ല്‍ പണി തുടങ്ങി 1895 - ല്‍ ഉപയോഗത്തിനായി തുറന്നു കൊടുത്ത ഈ തടയണയുടെ കഥയ്ക്ക് പിന്നില്‍ ഒരു ചതിയുടെയും കഥ ഒളിഞ്ഞിരിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് തമിഴ് നാട്ടില്‍ ഉണ്ടായിരുന്ന സായിപ്പുമാര്‍ക്കും നാട്ടു ശിങ്കിടികള്‍ക്കും നന്നേ ജലക്ഷാമം നേരിടുന്ന സമയം. വെളിക്കിറങ്ങിയാല്‍ കഴുകാന്‍ പോയിട്ട് (സായപ്പിന്മാര്‍ക്കതിന്റെ ആവശ്യമില്ല) ഒരു തുള്ളി കുടിക്കാന്‍ പോലും വെള്ളമില്ലാത്തത്ര വരള്‍ച്ച..!! ഈ സമയത്ത് ഇങ്ങ് അന്നത്തേ കേരളമായിരുന്ന തിരുവതാംകൂറിന്റെ കീഴിലായിരുന്ന പെരിയാറ്റിലോ.... ?? കര കവിഞ്ഞൊഴുകുന്ന വെള്ളവും...!! ഈ പെരിയാറ്റില്‍ നിന്നും തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ പല പദ്ധതികളും ബ്രിട്ടീഷ് മേധാവികളും ..തമിഴ് നാട്ടുരാജാക്കന്മാരും ഉദ്ദേശിച്ചെങ്കിലും ഒന്നും നടന്നില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ ഒടുവിൽ പെരിയാറ്റിനു കുറുകേ ഒരു അണ കെട്ടി നിന്ന് തമിഴ് നാട്ടിലേക്ക് വെള്ളമെത്തിക്കാന്‍ അവര്‍ തീരുമാനിച്ചു.

എന്നാല്‍ പെരിയാര്‍ കേരളത്തിലായതിനാല്‍ പദ്ധതിയനുസരിച്ച് തിരുവിതാംകൂറിന്റെ സമ്മതം ആവശ്യമായിരുന്നു. വിശാഖം തിരുനാൾ രാമവർമ്മ യായിരുന്നു അന്നത്തെ രാജാവ്. എന്നാല്‍ ഒരു കരാറിൽ ഏർപ്പെടാൻ ആദ്യം അദ്ദേഹം സന്നദ്ധനായിരുന്നില്ല. ബ്രിട്ടീഷ് അധികാരികൾ നയപരമായ ബലപ്രയോഗത്തിലൂടെ തിരുവിതാംകൂറിനെ 1886-ൽ ലോകത്തെങ്ങും കേട്ടു കേഴ്വി പോലുമില്ലാത്ത 999 വര്‍ഷത്തേ പാട്ട ഉടമ്പടിയിൽ ഒപ്പു വെപ്പിച്ചു. “എൻറ ഹൃദയരക്തംകൊണ്ടാണ് ഞാൻ ഒപ്പുവയ്ക്കുന്നത് ”എന്നാണ് വിശാഖം തിരുനാൾ മാർത്താണ്ഡവർമ വ്യസനത്തോടെ ഈ കരാറിനെ വിശേഷിപ്പിച്ചത്.

ഒരു പക്ഷേ മടിയന്മാരായ മലയാളികള്‍ ഭാവിയില്‍ ഉണ്ണാനുമുടുക്കാനും തമിഴ് നാടിനേ ആശ്രയിക്കേണ്ടി വരുമെന്ന് അദ്ദേഹം ദീര്‍ഘ വീക്ഷണം നടത്തിയിട്ടുണ്ടാവാം..!! അങ്ങനെ വന്നാല്‍ മലയാളിക്ക് ഭാവിയില്‍ ഉണ്ണാന്‍ കൊടുക്കുന്നവനോടുള്ള ദീനാനുകമ്പയുമാവാം “ കൊണ്ട് പോയി പാവങ്ങള്‍ കൃഷി നടത്തിക്കോട്ടേ ” എന്നദ്ദേഹം ഉടമ്പടിക്ക് ശേഷം സ്വയം മനസ്സിൽ കരുതി ആശ്വസിച്ചത്.

ഈ അണക്കെട്ട് പണിത ബ്രിട്ടീഷ് എഞ്ചിനീയര്‍ കേണല്‍ ജോണ്‍ പെന്നിക്യൂക്ക് പോലും ഇതിന് 50 വര്‍ഷത്തേ കാലാവധിയേ പറഞ്ഞിരുന്നുള്ളൂ. അതായത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് തന്നെ ഈ അണക്കെട്ട് കാലപ്പഴക്കം ചെന്നിരുന്നു എന്നര്‍ത്ഥം...!!
ഇനി നമ്മുക്ക് ഇന്നിലേക്ക് തിരിച്ചു വരാം....!!

ഇന്ത്യ സ്വതന്ത്യയായതിനു ശേഷം മാറി മാറി ഭരിച്ച ഭരണ കൂടങ്ങളൊന്നും ഈ വിപത്തിനേ കാര്യമായി ഗൌനിച്ചില്ല. ഇടയ്ക്ക് പൊങ്ങിയ ചില ആശങ്കകള്‍ രാഷ്ട്രീയ ഇടപെടലുകളില്‍ മുങ്ങിപ്പോയി. 2000 -ല്‍ ഡാമിന്റെ സമീപ പ്രദേശത്ത് നടന്ന ഒരു ഭൂമികുലുക്കം ഈ ഡാമിനേക്കുറിച്ചുള്ള ആശങ്കകളേയും കുലുക്കി. പുതിയ ഡാമുണ്ടാക്കാം എന്ന് കേരളം തീരുമാനമെടുത്തപ്പോഴാണ് തമിഴ് നാടിന്റെ ശരിക്കുമുള്ള നിറം പുറത്തായത്. പുതിയ ഡാം വന്നാല്‍ ..പുതിയ..കരാർ വേണ്ടി വരും..അവിടേയ്ക്കുള്ള ജല ലഭ്യത കുറയും....അങ്ങനെ പല പല കാരണങ്ങള്‍ ....അവര്‍ക്ക് ആ പദ്ധതിയേ തുരങ്കം വയ്ക്കാന്‍ പ്രചോദനമായി.കരാറു തുക കൂട്ടി കൊടുത്തും ...മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരിനേ വോട്ട് ബാങ്ക് കാട്ടി കോതിപ്പിച്ചും ..പേടിപ്പിച്ചും തമിഴ് നാട്ടിലേ തലൈവിരും..തലൈവന്മാരും പുതിയ ഡാമെന്നത് ഒരു സങ്കല്പമാക്കി മാറ്റിക്കൊണ്ടിരുന്നു....ഇന്നും മാറ്റിക്കൊണ്ടിരിക്കുന്നു...!!

ഇനി ഇതിലേ വിപത്ത് എന്ത്...??


50 വര്‍ഷത്തേ കാലാവധി മാത്രം പറഞ്ഞ് ഉണ്ടാക്കിയ ഒരു ഡാം ഇന്ന് 116 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു. സായിപ്പിന്റെ ടെക്നോളജിയുടെ ഫലമോ കീഴ് പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 മില്ല്യണ്‍ ജനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമോ ഇത് വരെ തകര്‍ന്നില്ല. എന്നാല്‍ ഏതു നിമിഷവും തകരാമെന്ന നിലയില്‍ അടി മുതല്‍ മുകള്‍ വരെ പൊട്ടിച്ചോര്‍ന്നൊലിക്കുന്ന നിലയിലാണ് ഈ അണക്കെട്ട്. ഒരു ചെറു ഭൂമി കുലുക്കമോ..ആര്‍ത്തലച്ച് പെയ്യുന്ന ഒരു ഇടവപ്പാതി മഴയോ മതി ഈ ജല ബോംബ് സംഹാര രുദ്രയാവാൻ ...!!

അങ്ങനെ ഇത് തകര്‍ന്നാല്‍ പണ്ട് ഹിരോഷിമയില്‍ ആറ്റം ബോബ് പൊട്ടിയപ്പോള്‍ ഉണ്ടായതിനേക്കാല്‍ 180 മടങ്ങ് വിനാശം വിതയ്ക്കും ഈ ജല ബോംബ്...!!!

വിശ്വസിക്കാനാവുന്നില്ല അല്ലേ.........!! എന്നാലൊന്നു കൂടെ കേട്ടോളൂ....!!

ഇത് തകര്‍ന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഈ ഡാമിന്റെ കീഴ് പ്രദേശങ്ങളിലുള്ള ജില്ലകളായ ഇടുക്കി, കോട്ടയം, ആലപ്പുഴ , എറണാകുളം എന്നിവ അറബിക്കടലിലെത്തും.....!!! ഒരു തരി പോലും അവശേഷിപ്പിക്കാതെ ..ചോറുണ്ട് കൈ കഴുകുന്ന ലാഘവത്തില്‍ മൊത്തത്തിൽ ഒരു ക്ലീൻ വാഷ് ഔട്ട്......!!!!!!

ഇത് എത്രത്തോളം ഭയാനകമായ വിപത്താണെന്നറിയുവാന്‍ ഈ വീഡിയോ ചിത്രങ്ങളിലേക്ക് ഒന്ന് ശ്രദ്ധിക്കൂ...!!

ഇംഗ്ലീഷിലുള്ള വീഡിയോ കാണാം
 മലയാളത്തിലുള്ള വീഡിയോ കാണാം

മറ്റൊരു നിരാശാജനകമായ കാര്യം....സന്തോഷ് പണ്ഡിറ്റുമാരുടെയും പൂനം പാണ്ഡേമാരുടേയും വീഡിയോകളും സിനിമകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ ഷെയര്‍ ചെയ്ത ആഘോഷങ്ങളാക്കി മാറ്റുന്ന നമ്മുടെ സമൂഹം ഈ വിപത്തിനേക്കുറിച്ചുള്ള അറിവുകള്‍ ബോധപൂര്‍വ്വമോ....അബോധപൂര്‍വ്വമോ മറന്നു കളയുന്നു....!!!
 
സമൂഹ നന്മയ്ക്കായ് പ്രവൃത്തിക്കേണ്ട മാധ്യമങ്ങള്‍ പോലും പണ്ഡിറ്റുമാരേ വാഴ്ത്തപ്പെട്ടവനാക്കാന്‍ മത്സരിച്ച് ഷോകള്‍ നടത്തുന്നു. ഈ വിപത്തിനേക്കുറിച്ച് ജനങ്ങളെ ഉദ്ബോധിപ്പിക്കാന്‍ അവര്‍ക്കും സമയമില്ല....!! അല്ല ....അവരേ പറഞ്ഞിട്ടും കാര്യമില്ല.....!! കുങ്കുമപ്പൂവ് സീരയലിലേ നടിയുടുത്ത സാരിയുടെ പാറ്റേണും ഫാഷനും എവിടെ നിന്നെന്ന് അന്വേഷിക്കാനാണ് ജനത്തിനും താല്പര്യം...!!! ജനത്തിനിഷ്ടമുള്ളത് കാണിച്ച് കാശുണ്ടാക്കാന്‍ അവരും മത്സരിക്കുന്നു....!! ദീപ സ്തംഭം മഹാശ്ചൈര്യം....നമ്മുക്കും കിട്ടണം പണം....!!!!!

മുകളില്‍ കൊടുത്ത വീഡിയോ കണ്ടിട്ടും മനസ്സിലാവാത്തവര്‍ക്കായി ഇതാ ഷാര്‍ജയിലുള്ള ഒരു പ്രവാസി മലയാളിയുടെ വര്‍ഷങ്ങളുടെ ശ്രമ ഫലമായി ഈ വിപത്തിനേ ബേസ് ചെയ്ത് ഒരു ചലച്ചിത്രം വരുന്നു. അതേ... DAM 999 എന്ന ഇംഗ്ലീഷ് ചിത്രം...!!!

പ്രവാസ മലയാളിയായ സോഹന്‍ റോയ് എന്ന ചെറുപ്പക്കാരനാണ് ഈ 3D വിസ്മയം നമ്മുക്കായി അണിയിച്ചൊരുക്കുന്നത്.ഈ മാസം (നവംബര്‍ ) 24 ന് ഈ ചിത്രം പ്രദര്‍ശനത്തിനെത്തും). ചിത്രത്തിന്റെ പേരു പറഞ്ഞ്പ്പോള്‍ ചിലക്കൊക്കെ ഒരു കാര്യം ഇപ്പോള്‍ ഓര്‍മ്മ വന്നു കാണും “ നമ്മുടെ തിലകന്‍ ചേട്ടന്‍ ഈ ഇംഗ്ലീഷ് ചിത്രത്തിലഭിനക്കുന്നതിനാണ് അഡ്വാസ് കിട്ടിയത് ”. ചില അമ്മമാരുടേയും അമ്മാവന്മാരുടെയും പടലപ്പിണക്കം മൂലം അതെന്തായാലും സ്വാഹ: ആയി.

2012 - ല്‍ ലോകമവസാനിക്കാന്‍ പോണൂ എന്ന രീതിയിൽ ഒരു ഇംഗ്ലീഷ് സിനിമയിറങ്ങിയപ്പോള്‍ മാത്രം ദേവാലയത്തില്‍ പോകാനും ....ഇനിയെന്ത് എന്ന് ചിന്തിക്കാനും തുടങ്ങിയ നമ്മളില്‍ ചിലര്‍ക്ക് ഇതൊരു ഉണര്‍ത്തു പാട്ടാകാം....!!! ഒപ്പം നമ്മളേപ്പോലെ ഉറക്കം തൂങ്ങുന്ന നമ്മുടെ ജന പ്രതിനിധികള്‍ക്കും ഇതൊരു ഉണര്‍ത്തു പാട്ടും.. മുന്നറിയിപ്പുമൊക്കെ ആവട്ടേ എന്ന് മനമുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്യാം..!!!

അല്ലെങ്കിലും സായിപ്പു പറയുന്നതാണല്ലോ നമ്മുടെ തമ്പുരാക്കന്മാര്‍ക്ക് വേദ വാക്യം..!!! ഇത് പറയുന്നത് സായിപ്പല്ലെങ്കിലും....പറച്ചില്‍ സായിപ്പിന്റെ ഭാഷയിലായതു കൊണ്ട് ഒരു ചെറിയ പ്രതീക്ഷ.....!!!!

എന്തിന്റെ പേരിലായാലും ഇതില്‍ രാഷ്ടീയ നാടകം കളിക്കുന്ന...ചര്‍ച്ചകളുടെ പുറത്ത് ചര്‍ച്ചകള്‍ നടത്തി കാലം കഴിച്ച് സായൂജ്യമടയുന്ന സംസ്ഥാന /കേന്ദ്ര സര്‍ക്കാരുകളേ......., ഈ വാര്‍ത്ത ലോകത്തിനു മുന്‍പിലെത്തിക്കാന്‍ നാണിക്കുന്ന മാധ്യമ..സാമൂഹിക പ്രവര്‍ത്തകരേ.....നിങ്ങൾ പള്ളിയുറക്കമുണര്‍ന്ന് വരുമ്പോഴേയ്ക്കും ഈ ജല ബോംബ് പൊട്ടിയാല്‍ ........!!!

പിറ്റേ ദിവസം ശവക്കൂമ്പാരങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞ് കാട്ടി ചിത്രമെടുക്കാനും..ആ വാര്‍ത്ത ലോകത്തേ അറിയിക്കാനും ആരും മെനക്കടണമെന്നില്ല....!!! ചീഞ്ഞളിഞ്ഞ് കഴുകന്മാര്‍ കൊത്തി വലിക്കട്ടേ ഞങ്ങളുടെ ശവശരീരങ്ങളേ........!!!! എങ്കിലും തൊട്ടു പോകരുത് ഒറ്റെയെണ്ണം ഞങ്ങളേ....!! അങ്ങനെ നിങ്ങള്‍ ചെയ്താല്‍ ഞങ്ങളുടെ ഒന്നും ആത്മാവിനു പോലും ശാന്തി കിട്ടില്ല....!!!!

ശുംഭനെന്നു വിളിച്ചെന്ന പേരില്‍ .... കുറ്റവാളികള്‍ക്കെതിരേ അതിവേഗം നിയമം നടപ്പാക്കുന്ന നീതിന്യായ പീഠങ്ങള്‍ ഇക്കാര്യത്തില്‍ ഇനിയും പഠനം നടത്തി ..നടത്തി ഞങ്ങള്‍ ജനങ്ങള്‍ക്ക് വായിക്കലരിയിടാനുള്ള തീരുമാനത്തിലാണോ...? ദയവു ചെയ്ത് എന്തിന്റെ പേരിലുള്ളതായാലും ഇക്കാര്യത്തിലേ മെല്ലപ്പോക്ക് നയം അവസാനിപ്പിച്ചു കൂടേ...??

മുല്ലപ്പെരിയാര്‍ മറ്റൊരു മോര്‍വ്വി ആവാതിരിക്കാന്‍ ആഘോരാത്രം പരിശ്രമിക്കുന്ന മുല്ലപ്പെരിയാര്‍ അജിറ്റേഷന്‍ കൌണ്‍സില്‍ ലീഡര്‍ ശ്രീ. ഷാജി പി ജോസഫിനും കൂട്ടാളികള്‍ക്കും , ഈ വിപത്ത് ഒരു സിനിമയിലൂടെ ലോകത്തിനു മുന്‍പിലെത്തിക്കാന്‍ മുന്നിട്ടിറങ്ങിയ ശ്രീ സോഹന്‍ റോയ്ക്കും കൂട്ടാളികള്‍ക്കും....അതേ പോലെ ഈ വിപത്തിനെതിരേ പോരാടിക്കൊണ്ടിരിക്കുന്ന കേരള സമൂഹത്തിന്റെ നാനാ തുറയിലുമുള്ളവര്‍ക്കും ഭ്രാന്തനച്ചൂസിന്റെ അഭിവാദ്യങ്ങളും നന്ദിയും അറിയിച്ചു കൊള്ളുന്നു. നമ്മളോടൊപ്പം കൈ കോര്‍ക്കാന്‍ ഓരോ മലയാളിയും ഉറക്കമുണരട്ടേ എന്ന പ്രാര്‍ത്ഥനയോടെ.......!!!

സസ്നേഹം
ഭ്രാന്തനച്ചൂസ്


ഓടോ:- ഈ ലേഖനം വായിച്ച് ഒരാളെങ്കിലും ഈ വീഡിയോകളോ വാര്‍ത്തയോ ഷെയര്‍ ചെയ്താല്‍ ......ഈ വിപത്തിനെതിരേ എന്റെ കല്ലെറിയല്‍ പാഴായിപ്പോയില്ല എന്ന് അഭിമാനിക്കും ഞാന്‍....!!

10 comments:

ഒരു കുഞ്ഞുമയില്‍പീലി said...

സഹോദര നല്ല പോസ്റ്റ്‌ .....ചിന്തിക്കാനുള്ളതെല്ലാം ഇതിലുണ്ട് വായിച്ചപ്പോള്‍ എന്റെ ചെവിയില്യം ,,,എന്തോ ഒരു മണി ശബ്ദം കേള്‍ക്കുന്നു എല്ലാ നന്മകളും നേരുന്നു ഇനിയും എഴുതുക ....ഇനിയും വരാം

രതീഷ്‌ കടന്നപ്പള്ളി said...

ആരെന്തു പറഞ്ഞിട്ടും കാര്യമില്ല..... ഇനി ഇപ്പൊ മെട്രോ റെയില്‍ ഇവര് എവിടെ ഉണ്ടാക്കും?? ഏറണാകുളം ജില്ല കാണില്ലല്ലോ !!!!.... കോടതികള്‍ക്കും, കേന്ദ്ര സര്‍ക്കാറിനും അത്രയ്ക്ക് താല്‍പ്പര്യമേ ഇതില്‍ കാണൂ..... പെട്ടെന്നു ഈ ഡാമിലെ മുഴുവന്‍ വെള്ളവും തുറന്നു വിട്ടെങ്കില്‍ നന്നായിരുന്നേനെ,,,,,

Jefu Jailaf said...

ആധികാരികമായ നല്ലൊരു പോസ്റ്റ്. അധികാരി വർഗ്ഗങ്ങളിലൊന്നെങ്കിലും ഈ പോസ്റ്റ് ഒന്നു വായിച്ചിരുന്നുവെങ്കിൽ..!!
നമ്മൽ “അണ്ണാച്ചി”മാരെന്നു രണ്ടാം തരം ഭാഷയിൽ തമിഴ്നാട്ടുകാരെ വിളിക്കുമ്പോൾ അതിനെക്കാൽ നല്ല രണ്ടാം തരം പണിയാണു നമുക്കായി അവർ കാത്തു വെച്ചിരിക്കുന്നത്.
ദൈവമെ ഇനിയും നീ തന്നെ രക്ഷ.

jithin said...

അച്ചുവേട്ടാ വളരെ ആനുകാലികമായ വിഷയം, പുതിയൊരു ഡാം പണിയുകയെ ഇതിനൊരു പോംവഴിയുള്ളൂ. പക്ഷെ അതിനു നമ്മുടെ അധികാരവര്‍ഗം അനങ്ങാതിരുന്നാല്‍ കാര്യമില്ല.. അവര്‍ക്ക് പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ സാധിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം...

Anonymous said...

nalla post.. linkum vedio'yim share cheythuuuuuu... thanks sahodharaa..

lisna said...
This comment has been removed by the author.
lisna said...

നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കും ?
അത് ചിന്തിക്കാം...
എന്തിനും ഏതിനും പണി മുടക്കുന്ന ആളുകള്‍ അല്ലെ നമ്മള്‍ ? എന്തുകൊണ്ട് ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് ഒരു ബഹുജന പ്രക്ഷോഭം സംഘടിപ്പിച്ചുകൂടാ? ഒരു ദിവസം സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവരും കൂടി സമാധാനപരമായി നിരാഹാര സത്യാഗ്രഹം ചെയ്യാമല്ലോ? തൊഴിലിടങ്ങളില്‍ കറുത്ത ബാഡ്ജോ വസ്ത്രമോ ധരിച്ചു കൊണ്ട് പ്രതിഷേധം അറിയിച്ചുകൂടെ? അക്രമം ആവണം എന്നില്ലാല്ലോ എല്ലാ സമരമുറകളും...
ഇത്തരം പ്രക്ഷോഭങ്ങളിലേക്ക് മാധ്യമ ശ്രദ്ധയും ഉന്നതാധികാരികളുടെ ശ്രദ്ധയും നേടിയെടുക്കാന്‍ പരിശ്രമിച്ചുകൂടെ? ഓരോ കാമ്പസ്സുക്കളും നമുക്കൊപ്പം നില്‍ക്കില്ലേ? ഇതൊരു ജനതയുടെ പ്രശ്നമല്ലേ? നമ്മുടെയെല്ലാം നിലനില്‍പ്പിന്റെ പ്രശ്നം. നമുക്കൊരുമിച്ചു ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ മുന്നേറാന്‍ സാധിക്കില്ലേ? സാധിക്കണം... നമ്മുടെ ആവശ്യം, അത് നേടിയെടുത്തെ തീരൂ.... ജനസംഖ്യയുടെ എന്നത്തിലേതിനേക്കാള്‍ ഒരുമയുടെ ശക്തിയും നമ്മള്‍ കാണിച്ചു കൊടുക്കണം... ഈ വിപത്തിനെതിരെ നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം...

Manu George said...

അച്ചുവേട്ടാ.... നന്നായി... വളരെ അധികം ആനുകാലിക പ്രസക്തി ഉള്ള ഒരു വിഷയം ഇത്ര മനോഹരമായി അവതരിപിച്ചതിനു....
മാറി മാറി വരുന്ന നമ്മുടെ അധികാരി വര്‍ഗങ്ങള്‍... എത്ര കണ്ടാലും പഠിക്കാത്ത രാഷ്ട്രീയ ഹിജഡകള്‍... ഇവനൊന്നും എന്തെ മനസിലാക്കുന്നില്ല... നാളെ ഉണ്ടാകാന്‍ പോകുന്ന ഈ വിപത്ത് കൊണ്ട് നഷ്ടപ്പെടാന്‍ പോകുന്നത് എണ്ണമില്ലാത്ത ജീവിതങ്ങള്‍ ആണെന്ന്... ദിവസംപ്രതി വരുന്ന കോമാളി കഥാപാത്രങ്ങളെ വിമര്‍ശിക്കാനും അവരുടെ പിന്നാലെ കടിച്ചു തൂങ്ങി നടക്കാനും സമയം കളയാതെ.. മരണമണി മുഴങ്ങുന്ന ആ മഹാ വിപത്തിനെ തടയാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കട്ടെ എന്ന് ആശിക്കുന്നു....

ഭ്രാന്തനച്ചൂസ് said...

രണ്ട് രാഷ്ട്രീയ പ്രസ്താവനകള്‍ ....

മുല്ലപ്പെറിയാറില്‍ യാതൊരു കുഴപ്പവുമില്ലെന്ന് പുരൈട്ചി തലൈവിയമ്മച്ചി മൊഴിഞ്ഞിരിക്കുന്നു. സുപ്രീം കോടതി വിധി കേരളം മാനിക്കണമെന്നും...ജനങ്ങളില്‍ ഡാം ദുര്‍ബലമാണെന്ന മട്ടില്‍ പ്രചരണം നടത്തി പരിഭ്രാന്തുയുണ്ടാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അമ്മച്ചി അടിവരയിടുന്നു. കഴിഞ്ഞയാഴ്ച്ച ഭൂകമ്പം നടന്നിട്ടും ഡാമിന് ഒന്നും സംഭവിച്ചില്ലത്രേ.....!!!

അപ്പോ..... വെള്ളം വേണമെന്നുള്ളതല്ല....... എന്തെങ്കിലും സംഭവിക്കണം എന്നാണ് ആശ...അല്ലേ....??? എങ്കിലല്ലേ കേരളം വികസനത്തില്‍ പിന്നോട്ടോടൂ.......???

ഇക്കാര്യത്തില്‍ ഞങ്ങളൊറ്റക്കെട്ടാണെ.....!! (ഇല്ലെങ്കില്‍ നാളെ വോട്ട് കിട്ടില്ലെന്ന പേടിയിലാണാവോ..? )

മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത അടിയന്തര സര്‍വ്വ കക്ഷി യോഗത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രം അടിയന്തരമായി ഇടപെടണം എന്ന് ഐക്യകണ്ഠേനേ എല്ലാവരും ആവശ്യപ്പെട്ടു...!!!

ചുമ്മാ...ഞഞ്ഞാ ....പിഞ്ഞാ...പറഞ്ഞോണ്ടിരിക്കാതെ എല്ലാവനും കൂടി അങ്ങ് കേന്ദ്രത്തിലോട്ട് ചെല്ല്. അവിടെ സിംഗപ്പച്ചേനം..അമ്മച്ചിയേയും നമ്മുടെ രാഹുലണ്ണനേം ഇടം വലം വിടാതെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി എത്രയും പെട്ടന്ന് ഒരു നടപടിയുണ്ടാക്ക്....ഇല്ലെങ്കില്‍ അണ്ണാച്ചിമാരെല്ലാം കൂടി അണ്ണാക്കില്‍ തരും പറഞ്ഞേക്കാം.....!!!!

ഇതിനൊന്നിനും കഴിഞ്ഞില്ലേല്‍ .....അവരേം കൂടി ക്ഷണിച്ചേക്ക്.....

“ഞങ്ങള്‍ ജനങ്ങളുടെ അടിയന്തിരം ഉണ്ണാന്‍....!!! ”

ഭ്രാന്തനച്ചൂസ് said...

ഡാം 999 എന്ന ഹോളീവുഡ് ചലച്ചിത്രം തമിഴ്‌നാട്ടില്‍ നിരോധിച്ചത്രേ... !!

മലയാളിയായ സോഹന്‍ റോയ് സംവിധാനം ചെയ്ത ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെ. എം.പി.മാര്‍ കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ ബഹളം വച്ചിരുന്നു. ഇതിനുശേഷം ഡി.എം.കെ. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി.ആര്‍.ബാലു, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി എന്നിവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം മലയാളികളും തമിഴരും തമ്മിലുള്ള ഒത്തൊരുമയെ ബാധിക്കുമെന്ന് മുന്‍മുഖ്യമന്ത്രി എം.കരുണാനിധിയും പറഞ്ഞിരുന്നു.

കണ്ടോ കണ്ടോ....തമിഴനറിയാം നാടിന്റെ പള്‍സ്.....!!!

ഒരു നല്ല സിനിമ കണ്ടാല്‍ അതിലേ രംഗങ്ങള്‍ മലയാളിയേക്കാള്‍ തമിഴനെങ്ങനെ.....എത്ര മാത്രം നെഞ്ചിലേറ്റുമെന്ന് അവിടുത്തേ തലൈവിമാര്‍ക്കും ...തലൈവന്മാര്‍ക്കുമറിയാം. അങ്ങനെ അവിടത്തേ ജനം (മക്കള്‍) പൊക്കി തലയില്‍ വച്ച മുന്‍ സിനിമാക്കാരണല്ലോ ഇന്നത്തേ അവിടുത്തേ രാഷ്ട്രീയ ശകുനിമാര്‍.....!!! സോ അവര്‍ക്ക് നന്നായറിയാം ഒരു സിനിമ ജനങ്ങളില്‍ എത്രത്തോളം ആഴ്ന്നിറങ്ങുമെന്ന്.....!!!! ഈ ചിത്രത്തിലൂടെ ഒരു മഹാ വിപത്തിന്റെ അറിവ് ജനങ്ങളിലെത്തിയാല്‍.......അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നടിക്കില്ലെന്നുമവര്‍ക്കറിയാം....!! അതു കൊണ്ടതിനേ തമിഴ് - മലയാളി ഒത്തൊരുമയേ ബാധിക്കുന്ന തരം ചിത്രമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.

പിന്നേ...ഇത്രയും നാളും ഒരുമ കൊണ്ട് ഒരു ഉലക്ക മേലല്ലേ തമിഴനും ..മലയാളിയും കിടന്നിരുന്നത്......? ഒന്നു പോഡാ പ്പാ....!!!

വളരെ കൌശലമായി അവര്‍ ഒരു സാമൂഹിക പ്രസക്തിയുള്ള ചിത്രം നിരോധിച്ച പോലെ .....കേരള സര്‍ക്കാരും....ജനങ്ങളും അത് തന്നെ ചെയ്യണം. നിരോധനമെങ്കില്‍ നിരോധനം. അതിപ്പോ സിനിമയെങ്കില്‍ സിനിമ.......മറ്റെന്തെങ്കിലുമാണെങ്കില്‍ അത്.......!!!! എന്തു തന്നെയായാലും തമിഴ് നാട്ടിലേ അഞ്ച് ഗ്രാമങ്ങളില്‍ വെള്ളമെത്തിക്കുന്നതിലും മേലെയാണ് നമ്മുടെ നാല് ജില്ലകളിലേ മനുഷ്യ ജീവനുകള്‍.....ജല സമാധിയടയുന്നത് ....!!! അവിടെയാരും എന്തായാലും കുടിവെള്ളം കിട്ടാതെ മരിക്കാന്‍ പോണില്ല. അതവര്‍ നോക്കിക്കൊള്ളും....!!!

ഉണരൂ............കേരളമേ...........ഉണരൂ

LinkWithin

Related Posts with Thumbnails